ഹര്‍ത്താല്‍ നിയന്ത്രണ ബില്‍; കരടു രേഖ തയ്യാറായി

തിരുവനന്തപുരം : കേരളത്തില്‍ വര്‍ധിച്ചു വരുന്ന ഹര്‍ത്താല്‍ ദിനങ്ങളും അവയെ തുടര്‍ന്നുണ്ടാകുന്ന അനിഷ്ട സംഭവങ്ങളും കണക്കിലെടുത്ത് ഹര്‍ത്താല്‍ നിയന്ത്രണ ബില്ലിനു രൂപം നല്കാനുള്ള ഹൈക്കോടതിയുടെ തീരുമാനത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കരടു രേഖ തയ്യാറാക്കി. ഹര്‍ത്താല്‍ നടത്തുന്നവര്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനുമുള്ള നാശത്തിന് നഷ്ടപരിഹാരമെന്നവണ്ണം നിശ്ചിത തുക മുന്‍കൂറായി അടയ്ക്കണമെന്നതുള്‍പ്പെടെ സുപ്രധാന തീരുമാനങ്ങളാണ് കരടു രേഖയില്‍ കൈക്കൊണ്ടിരിക്കുന്നത്. ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നവര്‍ ഹര്‍ത്താലിനു മൂന്നു ദിവസം മുന്‍പേ മുന്‍കൂര്‍ നോട്ടീസ് വാങ്ങുകയും ഹര്‍ത്താല്‍ നടത്തുന്നതിനെ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് നല്കുകയും വേണം. ഹര്‍ത്താലില്‍ ആവശ്യ സര്‍വ്വീസുകള്‍ ഒഴിവാക്കാന്‍ സാധിക്കില്ല. ഇത്തരം സാഹചര്യമുണ്ടായാല്‍ ഹര്‍ത്താല്‍ റദ്ദു ചെയ്യാന്‍ സാധിക്കും. ഹര്‍ത്താലിന്റെ മറവില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരേയും കടുത്ത നടപടികളാണ് സ്വീകരിക്കുക. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് നശിപ്പിച്ച വസ്തുവിന്റെ പണം നല്കിയെങ്കില്‍ മാത്രമേ ജാമ്യം അനുവദിക്കുകയുള്ളൂ.

നിയമ വിരുദ്ധ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവര്‍ക്ക് ആറുമാസം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിക്കും. ജോലിയില്‍ ഹാജരാകുന്ന ജീവനക്കാരെ തടയുന്നവര്‍ക്കും ഇതേ ശിക്ഷയാണ് ലഭിക്കുക. ഹര്‍ത്താല്‍ ദിനത്തില്‍ കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് സഹായം എത്തിക്കാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പിഴ ഈടാക്കാനും കരടു രേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: