ഹര്‍ത്താലില്‍ അക്രമികളുടെ അഴിഞ്ഞാട്ടം; ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി

കേരളത്തെ മുള്‍മുനയില്‍നിര്‍ത്തി ഹര്‍ത്താലിന്റെ മറവില്‍ വ്യാഴാഴ്ച അക്രമികള്‍ അഴിഞ്ഞാടി. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരേ ബി.ജെ.പി. പിന്തുണയോടെ ശബരിമല കര്‍മസമിതി ആഹ്വാനംചെയ്ത ഹര്‍ത്താല്‍ പലയിടത്തും തെരുവുയുദ്ധമായി മാറി.

ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച വ്യാപാരികള്‍ പലയിടത്തും കടകള്‍ തുറക്കാന്‍ ശ്രമിച്ചതോടെ പ്രതിഷേധക്കാര്‍ അക്രമാസക്തരായി രംഗത്തെത്തി. പോലീസുമായി ഏറ്റുമുട്ടിയ ഹര്‍ത്താല്‍ അനുകൂലികളെ ചെറുക്കാന്‍ സി.പി.എം., ഡി.വൈ.എഫ്.ഐ., എസ്.ഡി.പി.ഐ. പ്രവര്‍ത്തകരും തെരുവിലിറങ്ങിയതോടെ സംസ്ഥാനത്ത് ഉച്ചവരെ യുദ്ധസമാനമായ സാഹചര്യമായി. മൂന്നിടത്ത് ബോംബേറുമുണ്ടായി.

അക്രമങ്ങളിലും പോലീസ് നടപടികളിലും 34 പോലീസുകാരടക്കം ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. പോലീസിന്റെ ഒരു ബസും എട്ട് ജീപ്പും നശിപ്പിച്ചു. വ്യാഴാഴ്ച മാത്രം 33 കെ.എസ്.ആര്‍.ടി.സി. ബസുകളും തകര്‍ത്തു. രണ്ടുദിവസങ്ങളിലായി തുടരുന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രാത്രിയോടെ 745 പേര്‍ അറസ്റ്റിലായി. 628 പേരെ പോലീസ് കരുതല്‍ തടങ്കലിലാക്കി. വിവിധയിടങ്ങളിലായി 559 കേസെടുത്തു. പൊതുമുതല്‍ നശിപ്പിച്ച സംഭവങ്ങളില്‍ നഷ്ടപരിഹാരം ഈടാക്കുന്നതിന് അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെ കര്‍ശന നടപടികള്‍ പോലീസ് പ്രഖ്യാപിച്ചു.

അക്രമങ്ങള്‍ തുടരുന്നതിനിടെ, സംസ്ഥാനത്തെ ക്രമസമാധാനനിലയെപ്പറ്റി ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഹര്‍ത്താലില്‍ വ്യാപകമായ അക്രമങ്ങള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് നടപടി. മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടിയവിവരം ഗവര്‍ണര്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ശാന്തിയും സമാധാനവും ഉറപ്പാക്കാന്‍ എല്ലാവിഭാഗം ജനങ്ങളോടും ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്നുണ്ടായ അക്രമങ്ങളെയും പൊതു-സ്വകാര്യ മുതല്‍ നശിപ്പിച്ചതിനെയും കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടത്. അതിഗുരുതരമായ സാഹചര്യമാണ് കേരളത്തിലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവര്‍ണറെ ഫോണില്‍ അറിയിച്ചു. ഇപ്പോഴത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഗവര്‍ണറെ സന്ദര്‍ശിക്കാനിടയുണ്ട്.

കെ.എസ്.ആര്‍.ടി.സി. ബസുള്‍പ്പെടെ റോഡിലിറങ്ങിയ വാഹനങ്ങള്‍ക്കുനേരെയും ആക്രമണമുണ്ടായി. രണ്ടുദിവസങ്ങളിലായി നൂറുബസുകള്‍ തകര്‍ന്നെന്നും മൂന്നരക്കോടി രൂപയുടെ നഷ്ടമുണ്ടായെന്നും കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പറയുന്നു. പലയിടത്തും ഇരുചക്രവാഹനങ്ങളുള്‍പ്പെടെയുള്ളവ സമരാനുകൂലികള്‍ തടഞ്ഞു. നൂറിലധികം സ്വകാര്യവാഹനങ്ങളാണ് സംസ്ഥാനത്തിന്റെ പല ഭാഗത്തും ആക്രമണങ്ങളില്‍ തകര്‍ന്നത്. യാത്രക്കാര്‍ക്കുനേരെയും ആക്രമണമുണ്ടായി.

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: