സൗമ്യയുടെ ഘാതകനും മരണത്തിനു കീഴടങ്ങി

ആലപ്പുഴ വള്ളികുന്നത്ത് വനിത സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യ പുഷ്‌കരനെ തീ കൊളുത്തി കൊന്ന കേസിലെ പ്രതി അജാസ് മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എറണാകുളം കാക്കനാട് സ്വദേശിയായ അജാസ് ആലുവ ട്രാഫിക്കില്‍ സിവില്‍ പൊലിസ് ഓഫീസറായിരുന്നു.

സൗമ്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നതിനിടയില്‍ അജാസിനു ഗുരുതരമായി പൊള്ളലേറ്റിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലാക്കിയ അജാസ് ഗരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണത്തിന് കീഴടങ്ങിയത്.

വിവാഹം കഴിക്കണമെന്ന തന്റെ ആവശ്യം സൗമ്യ നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു അജാസ് കഴിഞ്ഞ ശനിയാഴ്ച്ച അരും കൊല നടത്തിയത്. ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സൗമ്യയെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. അജാസിനെ കണ്ട് രക്ഷപ്പെട്ടോടിയ സൗമ്യയെ പിന്നാലെ ചെന്ന് വടിവാളിനു കഴുത്തില്‍ വെട്ടി വീഴ്ത്തിയശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.

സൗമ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. എഴുപതുശതമാനത്തോളം പൊള്ളലേറ്റ അജാസിനെ സംഭവസ്ഥലത്തു നിന്നും പൊലീസ് ആശുപത്രിയില്‍ എത്തിച്ചു. ഗുരതരാവസ്ഥയില്‍ തുടര്‍ന്ന അജാസ് കഴിഞ്ഞ ദിവസമാണ് കൊലപാതകത്തിനുള്ള കാരണം മൊഴിയായി നല്‍കിയത്.

അജാസും സൗമ്യയും തമ്മില്‍ പരിചയമുണ്ടായിരുന്നു. എന്നാല്‍ ഈ പരിചയത്തിന്റെ പുറത്ത് അജാസ് സൗമ്യയോട് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മൂന്നു കുട്ടികളുടെ അമ്മയായ സൗമ്യ അജാസിന്റെ ആവശ്യം നിരാകരിച്ചു.

തുടര്‍ന്ന് ഇയാള്‍ പലതവണയായി സൗമ്യയെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരിക്കല്‍ സൗമ്യയുടെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയും ചെയ്തു. കൊല്ലപ്പെട്ട സൗമ്യയുടെ ഭര്‍ത്താവ് വിദേശത്തെ ജോലി സ്ഥാലത്ത് നിന്നും നാട്ടില്‍ എത്തിയ ദിവസം തന്നെയാണ് അജാസ് മരിക്കുന്നതും.

Share this news

Leave a Reply

%d bloggers like this: