സൗദിയില്‍ തൊഴിലാളികള്‍ക്ക് ഏറെ ആനുകൂല്യങ്ങള്‍ ഉറപ്പുനല്‍കുന്ന പരിഷ്‌കരിച്ച തൊഴില്‍ നിയമം അടുത്തയാഴ്ച പ്രാബല്യത്തില്‍ വരും

റിയാദ്: സൗദിയില്‍ പരിഷ്‌കരിച്ച തൊഴില്‍ നിയമം അടുത്തയാഴ്ച പ്രാബല്യത്തില്‍ വരും. തൊഴിലാളികള്‍ക്ക് ഏറെ ആനുകൂല്യങ്ങള്‍ ഉറപ്പ് നല്കുന്നതാണ് പുതിയ നിയമം. നിലവിലുള്ള നിയമങ്ങളില്‍ മുപ്പത്തിയെട്ട് ഭേദഗതികള്‍ വരുത്തിയാണ് പുതിയ നിയമം കൊണ്ടുവരുന്നത്. തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കുന്നതാണ് പുതിയ ഭേദഗതി.

പുതിയ ജോലിക്കാര്‍ക്ക് നല്‍കുന്ന പ്രൊബേഷന്‍ കാലം മൂന്ന് മാസത്തില്‍ നിന്നും ആറു മാസമായി വര്‍ദ്ധിപ്പിച്ചു. വര്‍ഷത്തില്‍ മുപ്പതു ദിവസമോ തുടര്‍ച്ചയായ പതിനഞ്ച് ദിവസമോ അകാരണമായി ജോലിയില്‍ നിന്നും വിട്ടു നിന്നാല്‍ മാത്രമേ തൊഴിലാളിയെ പിരിച്ചു വിടാന്‍ പാടുള്ളൂ. വിവാഹത്തിനും, ഭാര്യയോ മക്കളോ മരിച്ചാലും അഞ്ച് ദിവസം അവധി ലഭിക്കും. പുതിയ കുട്ടി പിറന്നാള്‍ പിതാവിന് മൂന്ന് ദിവസവും വനിതാ ജീവനക്കാര്‍ക്ക് പ്രസവത്തിനു പത്ത് ആഴ്ചയും അവധി ലഭിക്കും. നിലവിലുള്ള താമസ സ്ഥലം മാറ്റണമെങ്കില്‍ തൊഴിലാളിയുടെ രേഖാമൂലമുള്ള സമ്മതം വേണം. തൊഴില്‍ കരാര്‍ അവസാനിക്കുന്നതിനു മുമ്പ് ജോലി അവസാനിപ്പിക്കുന്ന തൊഴിലാളികള്‍ തൊഴിലുടമയ്ക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരും. മതിയായ കാരണമുണ്ടെങ്കില്‍ അറുപത് ദിവസം മുമ്പ് നോട്ടീസ് നല്കിയ ജോലി അവസാനിപ്പിക്കാന്‍ തൊഴിലാളിക്കും പിരിച്ചു വിടാന്‍ തൊഴിലുടമയ്ക്കും അവകാശം ഉണ്ടായിരിക്കും. മതിയായ കാരണം ഇല്ലെങ്കില്‍ നഷ്ടം നേരിടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. തൊഴിലാളിക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുക രണ്ടു മാസത്തെ ശമ്പളത്തില്‍ കുറയാന്‍ പാടില്ല. വിദേശ തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന പുതിയ പ്രരിഷ്‌കരണം പക്ഷെ വീട്ടുവേലക്കാര്‍, തോട്ടം തൊഴിലാളികള്‍, ഇടയന്മാര്‍ തുടങ്ങി ആറു വിഭാഗങ്ങള്‍ക്കും ബാധകമായിരിക്കില്ല.

-എജെ-

Share this news

Leave a Reply

%d bloggers like this: