സൗദിയിലേക്ക് സൈന്യത്തെ അയക്കാന്‍ ഒരുങ്ങി അമേരിക്ക; അരാംകോ ആക്രമണത്തിന് പിന്നാലെ പ്രതിരോധ സെക്രട്ടറിയുടെ പ്രഖ്യാപനം…

അരാംകോ ആക്രമണത്തിന് പിന്നാലെ സൗദി അറേബ്യയിലേക്ക് സൈന്യത്തെ അയയ്ക്കാനുള്ള പദ്ധതി യുഎസ് പ്രഖ്യാപിച്ചു. ‘സ്വാഭാവിക പ്രതിരോധം’ മാത്രമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ എത്ര ട്രൂപ്പ് സൈന്യത്തെയാണ് അയക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

അബ്‌ഖൈക്, ഖുറൈസ് എന്നീ രണ്ട് എണ്ണപ്പാടങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിഭാഗം ഏറ്റെടുത്തതാണെങ്കിലും ഇറാനാണ് പിന്നിലെന്ന് അമേരിക്കയും സൗദിയും ആവര്‍ത്തിച്ച് ആരോപിച്ചിരുന്നു. എന്നാല്‍ സൈനിക നീക്കം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നതായി സൂചിപ്പിച്ച ട്രംപ് ഇറാനെതിരെ ‘ഉയര്‍ന്ന തലത്തിലുള്ള’ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ സെന്‍ട്രല്‍ ബാങ്കിനേയും വെല്‍ത്ത് ഫണ്ടിനേയുമാണ് പുതിയ ഉപരോധം ലക്ഷ്യമിടുന്നത്.

സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റും യു.എസിനോട് സഹായം അഭ്യര്‍ത്ഥിച്ചതായി എസ്പര്‍ പറഞ്ഞു. വ്യോമ, മിസൈല്‍ പ്രതിരോധം ഉയര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇരു രാജ്യങ്ങള്‍ക്കും കൂടുതല്‍ സൈനിക ഉപകരണങ്ങള്‍ വിതരണം ചെയ്യാനുമാണ് തീരുമാനം. ഇറാനെതിരെ സൈനിക നീക്കം ഇപ്പോഴും പരിഗണിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നാണ് പ്രതിരോധ സെക്രട്ടറി പറഞ്ഞതെന്ന് ‘ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, വിദൂര നിയന്ത്രിത ബോട്ടുകളും കടല്‍മൈനുകളും നിര്‍മിക്കുന്ന ഹൂതികളുടെ 4 കേന്ദ്രങ്ങള്‍ സൗദി സഖ്യസേന തകര്‍ത്തു. ബാബ് അല്‍ മന്ദബ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എണ്ണക്കപ്പലുകള്‍ക്കും വ്യാപാരത്തിനും തടസ്സം സൃഷ്ടിക്കുന്ന ഹൂതികളുടെ കേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. ഹുദൈദയില്‍ നിന്നും സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഹൂതി ബോട്ട് നേരത്തെ സഖ്യസേന പിടികൂടിയിരുന്നു. എണ്ണപ്പാടങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഹൂതികള്‍ അവകാശപ്പെട്ടിരുന്നെങ്കിലും സൗദി അത് അംഗീകരിച്ചിരുന്നില്ല.

Share this news

Leave a Reply

%d bloggers like this: