സൗത്ത് കാലിഫോര്‍ണിയയില്‍ ഭൂകമ്പം; റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തി…

അമേരിക്കയിലെ സൗത്ത് കാലിഫോര്‍ണിയയില്‍ ഒരു ദശകത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. വ്യാഴാഴ്ച വെളുപ്പിനെയായിരുന്നു ഭൂകമ്പം. ലോസ് ഏഞ്ചല്‍സില്‍ നിന്ന് 160 കിലോ മീറ്റര്‍ അകലെയായുള്ള ചെറു പട്ടണമായ റിഡ്ജ്ക്രസ്റ്റിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂമി കുലുക്കത്തിന്റെ പ്രകമ്പനങ്ങള്‍ ലാസ് വേഗാസിലും ലോസ് ഏഞ്ചല്‍സിലും അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

1994-ല്‍ 6.7 രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം ആദ്യമായാണ് ഈ മേഖല ഇത്തരമൊരു ഭൂകമ്പത്തിന് സാക്ഷ്യം വഹിക്കുന്നത്. അന്ന് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സാന്‍ ഫെര്‍ണാണ്ടോ വാലിയിലായിരുന്നു ഭൂമികുലുക്കം. കെട്ടിടങ്ങളും റോഡുകളും തകര്‍ന്ന അന്ന് 57 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

ഭൂകമ്പത്തിന് 48 സെക്കന്റുകള്‍ക്ക് മുമ്പ് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി ലോകത്തിലെ പ്രമുഖ സീസ്മോളജിസ്റ്റായ ഡോ. ലൂസി ജോണ്‍സ് വ്യക്തമാക്കി. അടുത്ത 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തമായ ഭൂകമ്പങ്ങള്‍ പ്രതീക്ഷിക്കാമെന്നും ലൂസിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. ലോസ് ഏഞ്ചല്‍സിനെയാണ് ഭൂകമ്പം ബാധിച്ചിരുന്നതെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമായിരുന്നേനെ എന്ന് യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയിലെ സീസ്മോളജി വിഭാഗം പ്രൊഫസര്‍ ജോണ്‍ വിദാലെ പറഞ്ഞു. 2011-ല്‍ ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ 6.3 രേഖപ്പെടുത്തിയ ഭൂകമ്പവുമായി താരതമ്യം ചെയ്താണ് ജോണ്‍ വിദാലെ ഇക്കാര്യം വ്യക്തമാക്കിയത്. അന്ന് 185 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

Share this news

Leave a Reply

%d bloggers like this: