സ്‌കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറക്കുന്നു: അയര്‍ലണ്ടില്‍ തേര്‍ഡ് ലെവല്‍ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍

ഡബ്ലിന്‍: തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്റ്റേറ്റ് ഫണ്ടിങ് വെട്ടിക്കുറക്കുന്ന നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങുന്നു. കോളേജ് ഫണ്ടിങ് കുറച്ചതോടെ സ്‌കോളര്‍ഷിപ് തുകയിലും കുറവ് സംഭവിച്ചതായി വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ഇതോടെ രാജ്യ വ്യാപകമായി സമരം സംഘടിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രഖ്യാപനം നടത്തി.

ഗാല്‍വേ യൂണിവേഴ്‌സിറ്റിയില്‍ പ്രധാന കവാടത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗാല്‍വേ യൂണിവേഴ്‌സിറ്റിയിലെ സ്റ്റാഫ് അംഗങ്ങളും സമരത്തില്‍ പങ്കെടുത്തു. രാജ്യത്തെ യുണിവേഴ്‌സിറ്റികളിലെല്ലാം ഇത്തരം പ്രതിഷേധങ്ങള്‍ നടന്നുവരികയാണ്.

സമരത്തിന് പിന്തുണ നേടാന്‍ ‘ആഷ് ഫണ്ട് ദി ഫ്യുച്ചര്‍’ എന്ന ഹാഷ് ടാഗില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ക്യാംപെയ്നിങ് നടന്നുവരികയാണ്. രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥി സംഘടനകളെയും ഉള്‍പ്പെടുത്തി ലിംസ്റ്റാര്‍ ഹൗസിന് പുറത്ത് വരും ദിവസങ്ങളില്‍ വലിയ പ്രതിഷേധ റാലികളും സംഘടിപ്പിക്കുമെന്ന് ഗാല്‍വേ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

സ്‌കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറച്ചതോടെ വിദ്യാഭ്യസ ചെലവ് താങ്ങാന്‍ കഴിയുന്നില്ലെന്ന് യൂണിയന്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം, താമസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍. പല തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫണ്ടിങ് ഉയര്‍ത്താനുള്ള നടപടികള്‍ കൈക്കൊണ്ടിരുന്നില്ല. രാജ്യത്തെ യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം കൂടി ഉറപ്പ് വരുത്തണമെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

ഡികെ

Share this news

Leave a Reply

%d bloggers like this: