സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ നിര്‍ദ്ദേശം; ഒന്ന്, രണ്ട് ക്ലാസുകളില്‍ ഹോംവര്‍ക്ക് പാടില്ല

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവും ആരോഗ്യപരവുമായ സംരക്ഷണം ലക്ഷ്യമിട്ട് സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഓരോ സംസ്ഥാനങ്ങളും ഓരോ ക്ലാസുകളുടെ അടിസ്ഥാനത്തില്‍ പുസ്തകങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിര്‍ദേശം നല്‍കി.

പഠനഭാരവും സ്‌കൂള്‍ബാഗുകളുടെ ഭാരവും കുറയ്ക്കുന്നതിനായി നേരത്തെ ചില സംസ്ഥാനങ്ങള്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ പഴയ നിയമങ്ങള്‍ തന്നെ തുടരുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കുന്നതിനും ബാഗിന്റെ ഭാരം നിജപ്പെടുത്തുന്നതിനുമായി വിശദമാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ നിയമങ്ങളുടെ സര്‍ക്കുലര്‍ ഡയറക്റ്ററേറ്റ് ഓഫ് എജ്യുക്കേഷന്‍, ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ പുതിയ നിയമങ്ങളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഉടന്‍ തയാറാകണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് ഭാഷയും ഗണിതശാസ്ത്രവും മാത്രം പഠിപ്പിച്ചാല്‍ മതിയെന്ന് നിര്‍ദേശമുണ്ട്. ഈ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഹോംവര്‍ക്ക് നല്‍കുന്നതും കേന്ദ്രം വിലക്കിയിട്ടുണ്ട്. മൂന്ന് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള ക്ലാസുകളില്‍ ഭാഷയും കണക്കും പരിസ്ഥിതി പഠനവും മാത്രം മതിയെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

സ്‌കൂള്‍ ബാഗിന്റെ ഭാരം ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് പരമാവധി ഒന്നരകിലോയാണ്. മൂന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ മൂന്നു കിലോ, ആറ്, ഏഴ് ക്ലാസുകളില്‍ നാല് കിലോ, എട്ട്, ഒമ്പത് ക്ലാസുകളില്‍ നാലര കിലോ, പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പരാമവധി അഞ്ച് കിലോ എന്നിങ്ങനെയാണ് കേന്ദ്ര സര്‍ക്കാര്‍ നിജപ്പെടുത്തിയിരിക്കുന്നത്. കുട്ടികള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ അധിക പുസ്തകങ്ങളോ, പഠനോപകരണങ്ങളോ കൊണ്ടുവരാന്‍ ആവശ്യപ്പെടരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

Share this news

Leave a Reply

%d bloggers like this: