സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ: സത്യാഗ്രഹത്തിനൊരുങ്ങി ഗൗരിയുടെ മാതാവ്

 

തന്റെ ഇളയകുട്ടിക്ക് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ ശിക്ഷയെ ചോദ്യം ചെയ്തതിന് മൂത്തമകള്‍ക്ക് വലിയ ശിക്ഷയാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കിയതെന്ന് കൊല്ലത്ത് ട്രിനിറ്റി ലെസിയം സ്‌കൂളില്‍ നിന്ന് ചാടി മരിച്ച പത്താംക്ലാസ് വിദ്യാര്‍ത്ഥിനി നേഹ ഗൗരിയുടെ മാതാവ് ശാലി. മകളുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ സ്‌കൂളിന് മുന്നില്‍ കുടുംബത്തോടൊപ്പം മരണം വരെ സത്യാഗ്രഹം ഇരിക്കുമെന്നും മാതാവ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലം ട്രിനിറ്റ് ലെസിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ നേഹ ഗൗരി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയത്. ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച അതിരാവിലെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. സ്‌കൂളിലെ രണ്ട് അധ്യാപകര്‍ നടത്തിയ പീഡനമാണ് കുട്ടിയുടെ മരണത്തില്‍ കലാശിച്ചതെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ സംഭവത്തില്‍ ആരോപണവിധേയരായ അധ്യാപികമാരായ ക്രെസന്റ്, സിന്ധു എന്നിവര്‍ ഒളിവില്‍ പോയിരുന്നു. കുട്ടി മരിച്ചതോടെ ഇരുവര്‍ക്കുമെതിരേ പൊലീസ് ആത്മഹത്യാപ്രേരണാക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. അദ്ധ്യാപികമാരായ സിന്ധു പോള്‍, ക്രസന്‍സ് നേവിസ് എന്നിവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

മരിച്ച ഗൗരിയുടെ ഇളയ സഹോദരി ഇതേ സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഈ കുട്ടി ക്ലാസില്‍ സംസാരിച്ചതിന് ആണ്‍കുട്ടികള്‍ക്കൊപ്പം അധ്യാപിക ഇരുത്തിയിരുന്നു. ഇതിനെതിരേ രക്ഷിതാക്കള്‍ പ്രിന്‍സിപ്പളിനും മാനേജ്മെന്റിനും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കുട്ടിയെ മാറ്റിയിരുത്താന്‍ തയാറായെങ്കിലും ഇനിയും കുട്ടിയെ ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തുമെന്ന് അധ്യാപിക വൈരാഗ്യബുദ്ധിയോടെ പറഞ്ഞെന്ന് മാതാവ് പറഞ്ഞു. ഇതേതുടര്‍ന്ന് ഇളയ കുട്ടിയെ വീണ്ടും ആണ്‍കുട്ടികള്‍ക്കൊപ്പമാണോ ഇരുത്തിയത് എന്ന് നോക്കുവാനായി സഹോദരിയുടെ ക്ലാസില്‍ പോയ ഗൗരിയെ അധ്യാപികയായ സിന്ധു ശകാരിക്കുകയും ഓഫീസ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി മാനസിക പീഡനമേല്‍പ്പിച്ചുവെന്നും ഇതേതുടര്‍ന്നാണ് കുട്ടി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടുകയുമായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ തങ്ങള്‍ കുടുംബസമേതം സ്‌കൂളിന് മുന്നില്‍ മരണംവരെ നിരാഹാരസമരം ആരംഭിക്കുമെന്ന് മാതാവ് ശാലി അറിയിച്ചു. ഒരു കുഞ്ഞിനും ഈ ആവസ്ഥയുണ്ടാകരുത്. ഒരു അച്ഛനും അമ്മയ്ക്കും ഇതേ സാഹചര്യമുണ്ടാകരുതെന്നും മാതാവ് പറഞ്ഞു.

 

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: