സ്‌കൂളുകളിലെ മാസികയില്‍ കുമ്പസാരത്തെ അവഹേളിച്ചുള്ള ലേഖനം വിവാദത്തില്‍

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വിതരണം ചെയ്യുന്ന ‘വിജ്ഞാനകൈരളി’ മാസികയില്‍ ക്രൈസ്തവരുടെ കുമ്പസാരത്തെ അപമാനിച്ചുള്ള ലേഖനം വിവാദമായി. ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച മാസികയിലാണു ‘ലജ്ജിക്കണം’ എന്ന തലക്കെട്ടില്‍ കുമ്പസാരവുമായി ബന്ധപ്പെട്ട് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്.

‘ഇനി മുതല്‍ ഒരു സ്ത്രീയും കര്‍ത്താവിന്റെ മണവാട്ടിയും ആരുടെ മുമ്പിലും കുമ്പസാരിക്കരുത്. മരിക്കാന്‍ ഞങ്ങള്‍ക്കു മനസ്സില്ലെന്നു പാട്ടു പാടിയാല്‍ പോരാ. കുമ്പസാരിക്കാന്‍ ഞങ്ങള്‍ക്കു മനസ്സില്ലെന്നു സ്ത്രീസമൂഹം അലറിവിളിക്കണം’ ഇതായിരുന്നു പരാമര്‍ശം. ഒക്ടോബര്‍ ലക്കത്തിലും മതവിശ്വാസത്തിനെതിരായ പരാമര്‍ശങ്ങളുണ്ടെന്ന് ആരോപണമുണ്ട്. ഭരണഘടനയുടെ മൗലികാവകാശങ്ങളാണു സമത്വവും സ്ത്രീ-പുരുഷ സമത്വവുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാസികയില്‍ പറയുന്നു. ശബരിമല വിധിയില്‍ സുപ്രീംകോടതി പറഞ്ഞതും അതാണെന്ന് ഇവര്‍ വിശദീകരിക്കുന്നു.

ലേഖനം പരിപാവനമായ കൂദാശയായി സര്‍ക്കാര്‍ അവഹേളിച്ചുവെന്ന് ആരോപിച്ച് സഭാ നേതാക്കളാണ് ആദ്യം രംഗത്തെത്തിയത്. ഇതിന് പിറകെ സര്‍ക്കാര്‍ മാസികയില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ലേഖനം പ്രസിദ്ധീകരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിക്ഷ നേതാവും രംഗത്തെത്തി.

ഓഗസ്റ്റ്, ഒക്ടോബര്‍ ലക്കങ്ങളിലെ എഡിറ്റോറിയലുകളിലെ കുമ്പസാരത്തെ അവഹേളിക്കുന്ന പരാമര്‍ശം കുട്ടികളില്‍ തെറ്റിദ്ധാരണയും മതസ്പര്‍ദ്ധയും സൃഷ്ടിക്കും. ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പ്രസിദ്ധീകരണത്തില്‍ ഒരു മതാനുഷ്ഠാനത്തെയും അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും ചെന്നിത്തല ആരോപിക്കുന്നു. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിന്റെ പ്രസിദ്ധീകരണത്തില്‍ മതാനുഷ്ഠാനങ്ങളെ അവഹേളിക്കുന്ന എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

എന്നാല്‍, സത്യസന്ധമായ കാര്യങ്ങളാണ് ലേഖനത്തില്‍ പറയുന്നതെന്നും ശബരിമല വിഷയം ചര്‍ച്ച ചെയ്യുന്ന സമയമായതു കൊണ്ടാണ് വിവാദമാക്കുന്നതെന്നുമാണു ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതികരണം. ഓഗസറ്റില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ ഇപ്പോള്‍ വിവാദമാക്കുന്നത് ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലെന്ന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വിശദീകരിച്ചു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: