സ്‌കൂളുകളിലെ മതപരമായ വിവേചനത്തിനെതിരെ മലയാളികളുടെ നേതൃത്വത്തില്‍ പ്രതിഷേധറാലി

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ പ്രൈമറി സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രവേശനത്തിന് മതപരമായ വിവേചനം കാണിക്കുന്നതിനെതിരെ ഡബ്ലിന്‍ സിറ്റി സെന്ററില്‍ നടത്തിയ റാലിയില്‍ നൂറു കണക്കിന് മാതാപിതാക്കള്‍ അണിനിരന്നു. സോഷ്യല്‍ മാധ്യമത്തിലൂടെ മലയാളിയായ രൂപേഷ് പണിക്കരാണ് ഈ റാലി സംഘടിപ്പിച്ചത്. ഹിന്ദുവായതിന്റെ പേരില്‍ മകള്‍ ഈവയ്ക്ക് സൗത്ത് ഡബ്ലിനിലെ കതോലിക് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്നാണ് അയര്‍ലന്‍ഡിലെ സ്‌കൂളുകളില്‍ നിലനില്‍ക്കുന്ന മതപരമായ വിവേചനത്തിനെതിരെ രൂപേഷ് സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്ത് റാലി നടത്തിയത്. റാലിയില്‍ ഇരുന്നൂറോളം മാതാപിതാക്കള്‍ പങ്കെടുത്തു. കുട്ടികള്‍ക്ക് മാമോദിസ ചടങ്ങുകള്‍ നടത്താത്തവരായിരുന്നു ഇതില്‍ ഭൂരിഭാഗവും. പലരും കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം ലഭിക്കാതെ വരുന്നതിന്റെ ആശങ്ക പങ്കുവെച്ചു.

എല്ലാ കുട്ടികള്‍ക്കും ലോക്കല്‍ സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കുന്നതിന് തുല്യ പരിഗണന നല്‍കണമെന്ന് അധികാരികളെ ബോധ്യപ്പെടുത്തുന്നതിനാണ് ലെയ്ന്‍സ്റ്റര്‍ ഹൗസില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് നടത്തിയതെന്ന് രൂപേഷ് വ്യക്തമാക്കി. റാലിയ്ക്ക് മികച്ച പ്രതികരണമാണ് ഉണ്ടായതെന്നും രൂപേഷ് പറഞ്ഞു.

സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന പ്രൈമറി സ്‌കൂളുകളില്‍ 90 ശതമാനവും കതോലിക് ചര്‍ച്ചിന്റെ കീഴിലാണ്. അയര്‍ലന്‍ഡില്‍ നേണ്‍-ഡിനോമിനേഷണല്‍ സ്‌കൂളുകള്‍ ഇല്ലാത്തതില്‍ യുണൈറ്റ്ഡ് നേഷനും മറ്റ് സംഘടനകളും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അവസ്ഥയ്ക്ക് മാറ്റം വരണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ഒമ്പത് സ്‌കൂളില്‍ അപേക്ഷ നല്‍കിയിട്ടും 4 വയസുകാരനായ മകന്‍ റൂബനെ ഈ വര്‍ഷം സ്‌കൂളില്‍ ചേര്‍ക്കുന്നത് നീളുകയാണെന്ന് ടെറനരിലെ നിക്കി മുര്‍ഫി പറയുന്നു. 2016 ല്‍ പ്രവേശനത്തിനായി 15 സ്‌കൂളുകളില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രവേശനം ലഭിക്കുമെന്ന് ഉറപ്പില്ലെന്നും അവര്‍ പറഞ്ഞു. ഞങ്ങള്‍ കതോലിക്ക കുടുംബത്തിലാണ് ജനിച്ചതെങ്കിലും കൗമാരകാലം മുതല്‍ മതപരമായ ചടങ്ങുകള്‍ ആചരിക്കാറില്ലെന്നും കുട്ടികളെ മാമോദിസ ചെയ്തിട്ടില്ലെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ മകനെ അവന്റെ കൂട്ടുകാര്‍ക്കൊപ്പം സമീപത്തെ സ്‌കൂളില്‍ അയയ്ക്കാനാകുമോ എന്ന ചിന്ത വല്ലാതെ അലട്ടുകയാണെന്ന് അവര്‍ വ്യക്തമാക്കി.

സ്‌കൂളുകളില്‍ പ്രവേശനത്തിന് മതപരമായ വിവേചനം നിലനില്‍ക്കുന്നതിനെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് അഭിഭാഷകനും ഏഴുവയസുകാരനായ കുട്ടിയുടെ പിതാവുമായ പാഡി മോനഗന്‍ പറഞ്ഞു. മാമോദിസ ചടങ്ങുകള്‍ ചെയ്തിട്ടില്ലാത്ത മകന് സ്‌കൂളില്‍ പ്രവേശനം ലഭിക്കുമോ എന്ന ആശങ്കയാണ് കിം ഗുഡ്‌ബോഡിയും പങ്കുവെച്ചത്. തങ്ങള്‍ രണ്ടുപേരും ജ്ഞാനസ്‌നാനം ചെയ്തതാണെന്നും എന്നാല്‍ മതപരമായ ജീവിതം നയിക്കുന്നില്ലെന്നും മകനെ മാമോദിസ ചെയ്യിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു. റാലിയില്‍ പങ്കെടുത്ത മിക്ക മാതാപിതാക്കള്‍ക്കും ഇത്തരം ആശങ്കകളാണ് പങ്കുവെയ്ക്കാനുണ്ടായിരുന്നത്.

ഇപ്പോള്‍ ആരും ഈ വിഷയത്തില്‍ ഗൗരവമായി പ്രതികരിച്ചിട്ടില്ലെങ്കിലും എന്നാല്‍ സ്ഥിതിഗതികള്‍ മാറിമറിയുകയാണെന്നും തങ്ങളുടെ ശ്രമത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും രൂപേഷ് സൂചിപ്പിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: