സ്വാമി ശാശ്വതീകാനന്ദയുടെ മരണം: അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല

 

ആലുവ: സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമായിരുന്നുവെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ പുതിയ വിവരങ്ങളുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആലുവ ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ ലഭിച്ച വിവരങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇപ്പോഴത്തെ വെളിപ്പെടുത്തലുകളില്‍ യാഥാര്‍ഥ്യമുണ്ടോയെന്ന് അന്വേഷിക്കും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശനു വേണ്ടി വാടകക്കൊലയാളി പ്രിയനാണ് കൃത്യം നിര്‍വഹിച്ചതെന്ന് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. സ്വാമിയുടെ മരണശേഷം ഒട്ടേറെ രേഖകള്‍ മഠത്തില്‍ നിന്നും കടത്തിക്കൊണ്ടു പോയെന്നും ബാര്‍കോഴ വിവാദത്തിലൂടെ ശ്രദ്ധേയനായ മദ്യവ്യവസായി ബിജു രമേശ് ടിവി ചാനല്‍ ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു. ഈ വെളിപ്പെടുത്തലുകളെക്കുറിച്ചുള്ള അന്വേഷണമുണ്ടാകുമെന്നാണ് മന്ത്രി ആലുവയില്‍ സൂചിപ്പിച്ചത്.

2002-ല്‍ ജൂലൈയിലാണ് ആലുവ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ സ്വാമിയുടെ മൃതദേഹം കാണപ്പെട്ടത്. സ്വാമിയുടെ മരണത്തില്‍ വെള്ളാപ്പള്ളിയുടെ വ്യക്തമായ പങ്ക് വിശദീകരിച്ചുകൊണ്ട് ഗുരുതരമായ ആരോപണങ്ങളാണ് ബിജു ഉന്നയിച്ചത്. എസ്എന്‍ഡിപിയുടെ മൈക്രോ ഫിനാന്‍സ് ഇടപാടുകളില്‍ അഴിമതി നടന്നതു സംബന്ധിച്ച് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി കിട്ടിയാല്‍ അതും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: