സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യത; സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് ഇന്ത്യയില്‍ വ്യാപകമായ ഭീകരാക്രമണങ്ങള്‍ക്ക് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീരിലെ സൈനിക ക്യാമ്പുകള്‍ക്ക് നേരെ ഭീകരാക്രമണം നടത്താന്‍ വിവിധ തീവ്രവാദ ഗ്രൂപ്പുകള്‍ പദ്ധതിയിട്ടിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ലഷ്‌കര്‍-ഇ-തൊയ്ബ, ജയ്‌ഷെ-ഇ-മൊഹമ്മദ് എന്നീ തീവ്രവാദ ഗ്രൂപ്പുകളാണ് അക്രമങ്ങള്‍ക്ക് കോപ്പ് കൂട്ടുന്നത്. ഇത് തടയാനായി സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

നിരവധി ലഷ്‌കര്‍ ഭീകരര്‍ അക്രമത്തിനായി അതിര്‍ത്തി കടക്കാന്‍ തയ്യാറായിരിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ ഇതിനകം തന്നെ അതിര്‍ത്തി കടന്നിരിക്കാനും സാധ്യതയുണ്ട്. ഭീകരരുടെ സാറ്റലൈറ്റ് ഫോണ്‍ സംഭാഷണം പിടിച്ചെടുത്തതിലൂടെയാണ് ഈ വിവരം പുറത്തായത്. ഒരു സംഘം ഭീകരര്‍ അതിര്‍ത്തി രേഖക്ക് സമീപമുള്ള ചുര എന്ന പ്രദേശം വഴി ഇന്ത്യയിലേക്ക് പ്രവേശിക്കാനാണ് ലക്ഷ്യമിടുന്നത്. ടാങ്ധര്‍ സെക്ടറിലെ സൈനിക ക്യാമ്പുകള്‍ ലക്ഷമിട്ടാണ് ഇവര്‍ നീങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കശ്മീരിലെ ബരാമുള്ള ജില്ലയിലെ പ്രധാന സ്ഥലങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട് ജെയ്ഷെ ഒരു കൂട്ടം തീവ്രവാദികളെ അയച്ചതായി മറ്റൊരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബരാമുള്ളയ്ക്കും പഠാന്‍ നഗരത്തിനും ഇടയിലുള്ള പ്രദേശങ്ങളില്‍ ഇവര്‍ ആക്രമണം നടത്താന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്ക് പ്രാദേശികമായ സഹായങ്ങള്‍ ലഭിക്കുന്നതായാണ് വിവരം. ഇതിന് പുറമെ പാക് അധിനിവേശ കശ്മീരില്‍ നിന്നും മറ്റ് ഭീകരവാദ പ്രസ്ഥാനങ്ങളും അക്രമണങ്ങള്‍ക്ക് തയ്യാറെടുക്കുന്നതായും വിവരമുണ്ട്. ഇവര്‍ക്ക് പാകിസ്താന്‍ പിന്തുണ നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: