സ്വവര്‍ഗ്ഗ വിവാഹത്തെ അനുകൂലിച്ച് ഓസ്ട്രേലിയ; നിയമ നിര്‍മ്മാണം ഉടന്‍

 

സ്വവര്‍ഗ്ഗ വിവാഹത്തിന് അംഗീകാരം നല്‍കാന്‍ സമ്മതമറിയിച്ച് ഓസ്ട്രേലിയന്‍ ജനത. ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് നടത്തിയ ദേശീയ സര്‍വേയിലാണ് ജനഹിതം വ്യക്തമായത്. സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കുന്നതിനെ 61.6 ശതമാനം പേര്‍ അനുകൂലിച്ചപ്പോള്‍ 38.4 ശതമാനം പേര്‍ എതിരഭിപ്രായം പറഞ്ഞു. ഇതോടെ നിയമപരിഷ്‌കരണത്തിനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. നടപടികള്‍ പൂര്‍ത്തിയായാല്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് അംഗീകാരം നല്‍കുന്ന 26-ാമത് രാജ്യമായി ഓസ്ട്രേലിയ മാറും.

ക്രിസ്തുമസിനു മുമ്പായി നിയമനിര്‍മാണം നടത്തുമെന്ന് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ ഹിതപരിശോധനാ ഫലത്തോട് പ്രതികരിച്ചു. ഇനി ഇത് നടപ്പാക്കാനുള്ള ഉത്തരവാദിത്തം പാര്‍ലമെന്റിനാണെന്നും ഈ വര്‍ഷം അവസാനത്തോടെ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 7,817,247 വോട്ടുകളാണ് സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്നതിനെ അനുകൂലിച്ചുകൊണ്ട് ലഭിച്ചത്. 4,873,987 പേര്‍ ഇതിനെ എതിര്‍ത്തു.

രണ്ടു മാസമായി നടന്നു വന്ന സര്‍വേയുടെ ഫലം ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ചീഫ് സ്റ്റാറ്റിസ്റ്റീഷ്യന്‍ ഡേവിഡ് കാലിഷ് ആണ് പ്രഖ്യാപിച്ചത്. സ്വവര്‍ഗ്ഗവിവാഹ വിഷയത്തില്‍ നിര്‍ബന്ധിത ജനഹിത പരിശോധന നടത്താനായി കഴിഞ്ഞ വര്‍ഷം നവംബറില്‍ ബില്‍ കൊണ്ടുവന്നെങ്കിലും സെനറ്റില്‍ ഇത് പാസായിരുന്നില്ല.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: