സ്വവര്‍ഗാനുരാഗികള്‍ക്ക് അംഗീകാരം ക്രൈസ്തവ മൂല്യങ്ങള്‍ക്കു വിരുദ്ധം, അനുകമ്പയാകാമെന്ന് വത്തിക്കാന്‍ സിനഡ്

 

വത്തിക്കാന്‍: നീണ്ട ചര്‍ച്ചകള്‍ക്കും ആശയ സംഘട്ടനങ്ങള്‍ക്കുമൊടുവില്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് അംഗീകാരം നല്‍കണമെന്ന ആവശ്യം വത്തിക്കാന്‍ സിനഡ് തള്ളിയതായി സൂചന. സഭയ്ക്ക് പുറത്ത് വിവാഹ മോചിതരായ ശേഷം പുനര്‍ വിവാഹം കഴിച്ചവര്‍ക്ക് വിശുദ്ധ കുര്‍ബാനയടക്കമുള്ള കൂദാശകള്‍ ഉപാധികളോടെ നല്‍കാനും തീരുമാനമായതായാണ് റിപ്പോര്‍ട്ടികള്‍.

സഭയില്‍ കാലാനുസൃത പരിഷ്‌കരണങ്ങള്‍ വേണമെന്ന വാദം പൂര്‍ണമായി അംഗീകരിക്കാന്‍ സിനഡ് തയ്യാറായില്ല. സ്വവര്‍ഗാനുരാഗികളോട് അനുകമ്പയാകാം. എന്നാല്‍ അവരെ അംഗീകരിക്കുന്നത് വിശുദ്ധ ഗ്രന്ഥത്തിനും െ്രെകസ്തവ മൂല്യങ്ങള്‍ക്കും വിരുദ്ധമാകുമെന്ന് ഒരു വിഭാഗം ശക്തമായി വാദിച്ചു. പുരുഷന് സ്ത്രീയോട് തോന്നുന്ന ആകര്‍ഷണം പുരുഷനോട് തന്നെ തോന്നുന്ന സ്ഥിതിയെ സ്വാഭാവികമായി തന്നെ പരിഗണിക്കണമെന്ന് മറുപക്ഷവും വാദിച്ചു. സ്വവര്‍ഗാനുരാഗികള്‍ക്ക് അംഗീകാരം നല്‍കുന്നത് സഭയുടെ മൂല്യ സങ്കല്പങ്ങള്‍ തകിടം മറിക്കുമെന്ന വാദം അംഗീകരിക്കപ്പെടുകയായിരുന്നു.

സ്ത്രീകള്‍ക്ക് സഭയില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്ന നിര്‍ദ്ദേശവും തത്ത്വത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച സിനഡിന്റെ സമാപന സമ്മേളനത്തില്‍ തീരുമാനങ്ങള്‍ ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചേക്കും. പിന്നീടാകും ഇതു സംബന്ധിച്ച വിശദ രേഖ പ്രസിദ്ധപ്പെടുത്തുക.

പാപ്പയുടെ നേതൃത്വത്തിലുള്ള സമാപന ദിവ്യബലി ഞായറാഴ്ച ഇന്ത്യന്‍ സമയം 2.30 ന് നടക്കും. സമാപനത്തിന് മുന്നോടിയായുള്ള 17, 18 സമ്മേളനങ്ങള്‍ ശനിയാഴ്ച പൂര്‍ത്തിയായി. വിവിധ ഗ്രൂപ്പുകളില്‍ നിന്ന് സ്വരൂപിച്ച നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ അന്തിമരേഖ പൊതുയോഗത്തില്‍ വായിച്ചു. ഇതില്‍ വോട്ടെടുപ്പും നടന്നു. ഇതിന്റെ വെളിച്ചത്തിലാകും മാര്‍പാപ്പയുടെ അന്തിമ പ്രഖ്യാപനം.

-എജെ-

Share this news

Leave a Reply

%d bloggers like this: