സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങി രജനികാന്ത്; പ്രഖ്യാപനം ജൂലൈയില്‍ എന്ന് സഹോദരന്‍

തമിഴ് ചലച്ചിത്രതാരം രജനികാന്ത് ഈ വര്‍ഷം ജൂലൈയില്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് താരത്തിന്റെ സഹോദരന്‍ സത്യനാരായണ റാവു ഗെയ്ക്കവാദ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രചരിക്കുന്ന, സൂപ്പര്‍താരത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ശരിവച്ചുകൊണ്ടാണ് ജൂലൈയില്‍ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന വെളിപ്പെടുത്തല്‍. താരം ബിജെപിയില്‍ ചേരുമെന്ന പ്രചാരണം തള്ളിയ സത്യനാരായണ റാവു, സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ചുകൊണ്ടാകും രജനി രാഷ്ട്രീയത്തില്‍ വരികയെന്നും വ്യക്തമാക്കി.

പാര്‍ട്ടിയുടെ പേരും ചിഹ്നവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും രജനിയുടെ സഹോദരന്‍ പറഞ്ഞു. രജനീകാന്ത് രാഷ്ട്രീയത്തില്‍ വരണമെന്നത് ജനങ്ങളുടെ ആഗ്രഹമാണ്. അദ്ദേഹം രാഷ്ട്രീയത്തില്‍ വരണമെന്ന് അതിയായി ആഗ്രഹിക്കുന്ന ആരാധകരുമായും അഭ്യുദയകാംക്ഷികളുമായും ആദ്യഘട്ട കൂടിക്കാഴ്ച പൂര്‍ത്തിയാക്കിക്കഴിഞ്ഞു – അഭ്യൂഹങ്ങള്‍ ശരിവച്ച് സത്യനാരായണ പറഞ്ഞു.

പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുന്നതിന് മുന്‍പ് പരമാവധി ആരാധകരെ നേരില്‍ക്കാണാനാണ് താരം ശ്രമിക്കുന്നതെന്നും സഹോദരന്‍ പറഞ്ഞു. ഇതുവരെയുള്ള പ്രതികരണം പോസിറ്റീവ് ആണെന്നതിനാല്‍, ഉടന്‍തന്നെ തമിഴ്നാട് രാഷ്ട്രീയം പുതിയൊരു യുഗത്തിലേക്കു പ്രവേശിക്കുമെന്ന് കരുതാം- സത്യനാരായണ പറഞ്ഞു. രാഷ്ട്രീയരംഗം ശുദ്ധീകരിക്കുക എന്നതാണ് രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ലക്ഷ്യമെന്നും സഹോദരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ പദ്ധതകള്‍ക്ക് വന്‍ തുകകളാണ് വകയിരുത്തുന്നത്. ഇതുപക്ഷേ ദരിദ്രരായ ജനങ്ങളിലേക്ക് എത്തുന്നില്ല. ക്ഷേമപദ്ധതികളാകട്ടെ അര്‍ഹതപ്പെട്ടവരിലേക്കും എത്തുന്നില്ല – സത്യനാരായണ പറഞ്ഞു.

രാഷ്ട്രീയത്തില്‍ വരുന്ന കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിലേക്കു വെളിച്ചം വീശുന്ന സൂചനകള്‍ താരം പലകുറി നല്‍കിയിരുന്നു. അടുത്തിടെ ചെന്നൈ കോടമ്പാക്കത്ത് ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിലവിലെ രാഷ്ട്രീയ സംവിധാനത്തെ വിമര്‍ശിച്ച രജനി, താന്‍ രാഷ്ട്രീയത്തില്‍ വരണമെന്ന് ദൈവം തീരുമാനിച്ചാല്‍ അതു നടക്കുമെന്നും വ്യക്തമാക്കിയിരുന്നു. അഞ്ചു ദിവസത്തോളം ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവില്‍ ‘യുദ്ധസജ്ജരാകാന്‍’ രജനീകാന്ത് നല്‍കിയ ആഹ്വാനം, അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശന സൂചനയായാണ് വ്യാഖ്യാനിക്കപ്പെട്ടത്.

എംജിആര്‍ മുതല്‍ ജയലളിത വരെയുള്ള താരങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിച്ച തമിഴക രാഷ്ട്രീയ ചരിത്രമാണ് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുമ്പോള്‍ രജനിക്കു മുന്നിലുള്ളത്. പരമ്പരാഗതമായി ചലച്ചിത്ര താരങ്ങള്‍ക്കു വന്‍ വേരോട്ടം ലഭിച്ചിട്ടുള്ള തമിഴ് രാഷ്ട്രീയത്തിലേക്കുള്ള രജനീകാന്തിന്റെ വരവിനെ ദ്രാവിഡ പാര്‍ട്ടികളും ബിജെപി, കോണ്‍ഗ്രസ് തുടങ്ങിയ ദേശീയ പാര്‍ട്ടികളും ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്.

താരത്തെ സ്വന്തം പാളയത്തിലെത്തിക്കാന്‍ പാര്‍ട്ടികള്‍ കച്ചമുറുക്കുന്നതിനിടെ മോദി-രജനീകാന്ത് കൂടിക്കാഴ്ചയെക്കുറിച്ചും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ ബിജെപി സ്വാഗതം ചെയ്തപ്പോള്‍ മറ്റു പാര്‍ട്ടികള്‍ കരുതലോടെയാണു പ്രതികരിച്ചത്. ജയലളിതയുടെ വിയോഗവും കരുണാനിധിയുടെ അനാരോഗ്യവും തമിഴ് രാഷ്ട്രീയത്തില്‍ തീര്‍ത്തിരിക്കുന്ന വന്‍വിടവില്‍ രജനീകാന്തെന്ന ജനപ്രിയ താരത്തെ പ്രതിഷ്ഠിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

 
എ എം

Share this news

Leave a Reply

%d bloggers like this: