സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീംകോടതി; കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി

സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ആധാറുമായി ബന്ധപ്പെട്ട കേസിലാണ് സ്വകാര്യത മൗലികാവകാശമാണോ എന്ന വിഷയത്തില്‍ സുപ്രിം കോടതിയുടെ സുപ്രധാന വിധി വന്നത്. ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് വാദംകേട്ട് വിധി പ്രസ്താവം നടത്തിയത്.

സ്വകാര്യതയുമായി ബന്ധപ്പെട്ട് മുന്‍പ് ഉണ്ടായ രണ്ട് വിധികള്‍ റദ്ദുചെയ്തുകൊണ്ട് ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്. സ്വകാര്യത സംബന്ധിച്ച് 1954 ലെയും 62 ലെയും വിധികളാണ് റദ്ദായത്. ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍ അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ചില്‍ ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, എസ്എ ബോബ്ഡെ, ആര്‍കെ അഗര്‍വാള്‍, രോഹിങ്ടണ്‍ നരിമാന്‍, എഎം സപ്രെ, ഡിവൈ ചന്ദ്രചൂഡ്, എസ്‌കെ കൗള്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍. ജസ്റ്റീസ് ചെലമേശ്വറാണ് വിധി വായിച്ചത്.

ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ഹര്‍ജികളിലാണ് സ്വകാര്യത മൗലികാവകാശമാണോ എന്ന വിഷയം സുപ്രിം കോടതി പരിഗണിച്ചത്. ആധാറുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ബെഞ്ച് സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയം ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് വിടുകയായിരുന്നു. ആധാറിന്റെ നിയമസാധുത നിശ്ചയിക്കുന്നതിന് മുന്നോടിയായിട്ടാണ് സ്വകാര്യത മൗലികാവകാശമാണോയെന്ന് സുപ്രിം കോടതി പരിശോധിച്ചത്.

സ്വകാര്യത പരമമായ അവകാശമല്ലെന്ന് വാദത്തിനിടെ സുപ്രിം കോടതി നിരീക്ഷിച്ചിരുന്നു. സ്വകാര്യത മൗലികാവകാശമാണെന്ന് വാദത്തിനിടെ കേരളം കോടതിയില്‍ നിലപാട് സ്വീകരിച്ചു. എന്നാല്‍ സ്വകാര്യതയ്ക്ക് വ്യക്തികള്‍ക്ക് പരമമായ അവകാശമില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഇരുപത്തിയേഴു കോടി ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കുന്നതിനായി അവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ എന്താണ് തെറ്റെന്നും കേന്ദ്രം ചോദിച്ചു. അതേസമയം സര്‍ക്കാര്‍ ശേഖരിക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ പ്രത്യേക നിയമമം കൊണ്ടുവരണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

സ്വകാര്യതയ്ക്കുള്ള അവകാശം സര്‍ക്കാരിന്റെ ഔദാര്യമല്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചു. സ്വകാര്യത മറ്റ് അവകാശങ്ങളുടെ നിഴലില്‍ നില്‍ക്കേണ്ട കാര്യമല്ല. ഭരണഘടന ഉറപ്പ് നല്‍കുന്ന സവിശേഷ അവകാശമായ സ്വാതന്ത്ര്യത്തിന്റെ പ്രധാന ഘടകമാണിത്. സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നടപടികള്‍ സ്വകാര്യതയേയും ഇല്ലാതാക്കുമെന്നും അദ്ദേഹം വാദിച്ചു. 1954 ലെ എംപി ശര്‍മ കേസിലേയും 1962 ലെ ഖരക് സിംഗ് കേസിലേയും സ്വകാര്യത മൗലികാവകാശമല്ലെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി പൊതുവത്കരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ വാദം. 1978 ലെ മേനകാ ഗാന്ധി കേസിലെ വിധിക്ക് ശേഷം തുല്യതയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുമുള്ള അവകാശങ്ങളെ ഒരുമിച്ച് വായിക്കേണ്ടതാണെന്ന് അദ്ദേഹം വാദിച്ചു.

ഹര്‍ജിക്കാരുടെ ഈ വാദത്തിനിടെയാണ് സുപ്രിം കോടതി സുപ്രധാനമായ ചില നിരീക്ഷണങ്ങള്‍ നടത്തിയത്. സ്വകാര്യതയ്ക്കുള്ള അവകാശം പരമമായ അവകാശമല്ലെന്നും ഇതിനെ മൗലികാവകാശമായി കണക്കാക്കാമെന്നും കോടതി പറഞ്ഞു. എന്നാല്‍ എല്ലാ കാര്യങ്ങളും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ കീഴില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്നാണ് കേസ് വിധി പറയാനായി ഇന്നത്തേക്ക് മാറ്റിയത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: