സ്ലൈഗോ, കോര്‍ക്ക്, ലീമെറിക്ക് എന്നിവിടങ്ങളില്‍ 750 തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച് എയര്‍ നെറ്റ്വര്‍ക്ക്

കോര്‍ക്ക്: ടെലികോം കമ്പനിയായ എയര്‍ രാജ്യത്തെ മൂന്ന് കൗണ്ടികളിലായി 750 തോളം തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ചു. കോര്‍ക്ക്, സ്ലൈഗോ, ലിമെറിക്ക് എന്നിവിടങ്ങളില്‍ പുതുതായി തുടങ്ങുന്ന റീജണല്‍ ഹബുകളിലേക്കാണ് കമ്പനി തൊഴില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രധാനമായും കസ്റ്റമര്‍ സര്‍വീസ് മേഖലയിലേക്ക് സ്ലൈഗോയിലെ റാത്ത്മൗണ്ടില്‍ 350 അവസരങ്ങളും കോര്‍ക്കിലും ലീമെറിക്കിലുമായി 400 അവസരങ്ങളുമാണ് കമ്പനി പ്രദാനം ചെയ്യുന്നത്.

പ്രാദേശിക മേഖലകളില്‍ കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റ ഭാഗമായാണ് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് ഇയര്‍ സിഇഒ കറോലന്‍ ലെന്നോന്‍ വ്യക്തമാക്കി. രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലും ഹൈ സ്പീഡ് ബ്രോഡ് ബാന്‍ഡ് കണക്ഷനും മൊബൈല്‍ സര്‍വീസുകളും എത്തിക്കാന്‍ ഇതിലൂടെ കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ലൈഗോ പോലുള്ള സ്ഥലങ്ങളില്‍ ഇയര്‍ നെറ്റ്വര്‍ക്കിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വാര്‍ത്ത വിനിമയ മന്ത്രി സീന്‍ കാനീ വ്യക്തമാക്കി. സാമ്പത്തിക ഉന്നമനത്തിന്റെ പ്രതിഫലനം നഗര പ്രദേശങ്ങളെ കൂടാതെ പ്രാദേശിക ഇടങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക വികസന പദ്ധതിയുടെ ഭാഗമായി 250 മില്ല്യണ്‍ ചെലവഴിച്ച് എയര്‍ നെറ്റ്വര്‍ക്ക് ഉള്‍പ്രദേശങ്ങളില്‍ ബ്രോഡ്ബാന്‍ഡ് വിന്യസിക്കുന്നുണ്ട്. 2019 തോടെ ഗ്രാമീണ മേഖലയിലെ 330,000 ഇടങ്ങളില്‍ ഹൈ സ്പീഡ് ഫൈബര്‍ ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കുമെന്നാണ് കരുതുന്നത്. ഇതുവരെ ദേശീയ തലത്തില്‍ 236,000 ഇടങ്ങളില്‍ പദ്ധതി പൂര്‍ത്തീകരിക്കുകയും ചെയ്തു.

എയര്‍ നെറ്റ്വര്‍ക്കിന് പുറമെ വിവിധ കമ്പനികള്‍ സ്ലൈഗോയില്‍ നിക്ഷേപ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ഓവര്‍സ്റ്റോക്ക് നൂറോളം തൊഴിലവസരങ്ങള്‍ സ്ലൈഗോയില്‍ പ്രഖ്യാപിച്ചിരുന്നു. ഔട്ട്സോഴ്സിങ് കമ്പനിയായ അബ്ട്രാന്‍ ഇവിടെ 350 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതിയുണ്ടെന്നും വ്യക്തമാക്കി. ബയോടെക് കമ്പനി ഫിബ്രോ 150 തൊഴിലവസരങ്ങളാണ് സ്ലൈഗോയില്‍ പ്രഖ്യാപിച്ചത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: