സ്റ്റീഫന്‍ ഹോക്കിങിന് ആദരാഞ്ജലികളര്‍പ്പിച്ച് രാഷ്ട്രീയ കേരളം

വിഖ്യാത ശാസ്ത്രജ്ഞനും ലോകപ്രശസ്തനായ പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫന്‍ ഹോക്കിങിന്റെ വേര്‍പാടില്‍ ആദരാഞ്ജലികളര്‍പ്പിച്ച് രാഷ്ട്രീയ കേരളം. സ്റ്റീഫന്‍ ഹോക്കിങിന്റെ അഭാവം മനുഷ്യരാശിക്ക് തന്നെ തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ശാസ്ത്രഗവേഷണ മേഖലകളില്‍ മാത്രമല്ല താന്‍ ജീവിച്ചിരുന്ന സമൂഹത്തോടും തികഞ്ഞ പ്രതിബദ്ധത കാണിച്ചിരുന്ന ഹോക്കിങ് മുതലാളിത്ത വ്യവസ്ഥിതിയുടെയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ശാസ്ത്രവിരുദ്ധതയുടെയുമൊക്കെ കടുത്ത വിമര്‍ശകനായിരുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പ്രമുഖ ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങിന്റെ ദീപ്തസ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികളര്‍പ്പിക്കുന്നു. ശാരീരികപരിമിതികളെ ധൈഷണികത കൊണ്ട് മറികടന്ന വ്യക്തിയാണ് അദ്ദേഹം. തമോഗര്‍ത്തങ്ങളെക്കുറിച്ച് ഇന്ന് ലഭ്യമായ വിവരങ്ങളില്‍ പലതും അദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ രൂപപ്പെട്ടതാണ്. ശാസ്ത്രഗവേഷണമേഖലകളില്‍ മാത്രമല്ല താന്‍ ജീവിച്ചിരുന്ന സമൂഹത്തോടും തികഞ്ഞ പ്രതിബദ്ധത കാണിച്ചിരുന്ന അദ്ദേഹം മുതലാളിത്ത വ്യവസ്ഥിതിയുടെയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ശാസ്ത്രവിരുദ്ധതയുടെയുമൊക്കെ കടുത്ത വിമര്‍ശകനായിരുന്നു. ലോകമെമ്പാടും ലക്ഷകണക്കിന് മനുഷ്യര്‍ക്ക് തന്റെ ജീവിതം കൊണ്ട് പ്രചോദനം നല്‍കാന്‍ അദ്ദേഹത്തിനു സാധിച്ചു. വിയറ്റ്നാം യുദ്ധം മുതല്‍ ഡൊണാള്‍ഡ് ട്രംപിന്റെ തെറ്റായ നയങ്ങളെ വരെയും ശക്തിയുക്തം അദ്ദേഹം എതിര്‍ത്തു പോന്നിരുന്നു. അദ്ദേഹത്തിന്റെ അഭാവം മനുഷ്യരാശിക്ക് തന്നെ തീരാനഷ്ടമാണ്, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അജ്ഞതയുടെ തമോഗര്‍ത്തങ്ങളിലേക്കു വിജ്ഞാനത്തിന്റെ വെളിച്ചം വിതറിയ സ്റ്റീഫന്‍ ഹോക്കിങ് എന്ന മഹാപ്രതിഭ മാനവരാശിക്ക് വലിയ പ്രചോദനമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിസന്ധികള്‍ മറികടക്കാനുള്ളതാണെന്ന പാഠം പകര്‍ന്നു നല്‍കിയാണ് അദ്ദേഹത്തിന്റെ വിടവാങ്ങലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് ശാസ്ത്രവിജ്ഞാനത്തിന്റെ കാര്യത്തിലെന്ന പോലെ ഭിന്നശേഷിയുടെ പരിമിതികളെ വെല്ലുവിളിച്ച പ്രതിഭാശേഷിയുടെ കാര്യത്തിലും ലോകത്തെ അമ്പരപ്പിച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക് തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ കുറിച്ചു.

ലോകം കണ്ട ഏറ്റവും വലിയ കോസ്മോളജിസ്റ്റ്. അദ്ദേഹത്തിന്റെ സാധാരണക്കാര്‍ക്കു വേണ്ടി എഴുതിയ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം കോടിക്കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്. ശാസ്ത്രവിജ്ഞാനത്തിന്റെ കാര്യത്തിലെന്ന പോലെ ഭിന്നശേഷിയുടെ പരിമിതികളെ വെല്ലുവിളിച്ച പ്രതിഭാശേഷിയുടെ കാര്യത്തിലും അദ്ദേഹം ലോകത്തെ അമ്പരപ്പിച്ചു. ഭിന്നശേഷിക്കാര്‍ക്കാകെ പ്രചോദനമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഇരുപത്തൊന്നാം വയസില്‍ മോട്ടോര്‍ ന്യൂറോണ്‍ അസുഖബാധിതനായി. രണ്ടു വര്‍ഷമാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിനു നല്‍കിയ ആയുസ്. എന്നാല്‍ പിന്നെയും അരനൂറ്റാണ്ടിലേറെ ആ ജീവിതം നീണ്ടു. ഇതിനിടയില്‍ സംസാര ശേഷിയും നഷ്ടപ്പെട്ടു. ഇതൊന്നും ആ പ്രതിഭാശേഷിയെ തെല്ലും ബാധിച്ചതേയില്ല. ഇലക്ട്രോണിക് സൌണ്ട് സിന്തസറിലായി സംസാരം. പ്രസിദ്ധമായ ആ വീല്‍ ചെയറിലിരുന്ന് അദ്ദേഹം പ്രപഞ്ചം മുഴുവന്‍ ഓടി നടന്നു. എല്ലാ പരിമിതികളെയും അതിലംഘിച്ചു.

അദ്ദേഹത്തിന്റെ തുറന്നടിച്ച വര്‍ത്തമാനം പലരെയും ഞെട്ടിച്ചു. പ്രത്യേകിച്ച് ദൈവത്തെക്കുറിച്ച്. 2010ല്‍ പ്രസിദ്ധീകരിച്ച ഗ്രാന്‍ഡ് ഡിസൈന്‍ എന്ന ഗ്രന്ഥത്തില്‍ പ്രപഞ്ചം പ്രവര്‍ത്തിക്കാന്‍ ദൈവത്തെ ആവശ്യമില്ല എന്നു പ്രഖ്യാപിച്ചു. ‘ഞാന്‍ തലച്ചോറിനെ ഒരു കമ്പ്യൂട്ടറായി കാണുന്നു. അതിന്റെ ഘടകങ്ങള്‍ തകരാറിലാകുമ്പോള്‍ പ്രവര്‍ത്തനവും നിലയ്ക്കും. ബ്രോക്കണ്‍ ഡൌണ്‍ കമ്പ്യൂട്ടറുകള്‍ക്ക് മരണാനന്തര ജീവിതമോ സ്വര്‍ഗമോ ഇല്ല. അത് ഇരുട്ടിനെ ഭയക്കുന്ന മനുഷ്യര്‍ക്കുള്ള മാലാഖക്കഥ മാത്രമാണ്, ഐസക് കൂട്ടിച്ചേര്‍ത്തു.

പ്രപഞ്ച ശാസ്ത്രത്തിനും ഭൗതികശാസ്ത്രത്തിനും ഹോക്കിങ് നല്‍കിയ സംഭാവനകള്‍പോലെ തന്നെ വിസ്മയകരമാണ് നാല് പതിറ്റാണ്ടിലേറെക്കാലം മുമ്പ് വൈദ്യശാസ്ത്രം വിധിച്ച മരണത്തെ അതിജീവിച്ച അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയുമെന്ന് എംബി രാജേഷ് എംപി പറഞ്ഞു. വിജ്ഞാനതത്പരരായവരെയെല്ലാം പ്രചോദിപ്പിച്ചതുപോലെ രോഗം കൊണ്ട് തളര്‍ന്നുപോയ അനേകായിരങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന ജീവിതം കൂടിയായിരുന്നു ഹോക്കിങിന്റേതെന്നും, രാജേഷ് തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ കുറിച്ചു.

ശോഷിച്ച ശരീരവുമായി വീല്‍ ചെയറില്‍ ചുരുണ്ടുകൂടിയിരുന്ന ആ മനുഷ്യന്‍ പതിറ്റാണ്ടുകളോളം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു. ലോകം ഉറ്റുനോക്കിയ ആ വീല്‍ചെയറില്‍ ഇനി അദ്ദേഹം ഉണ്ടാവുകയില്ല. പ്രപഞ്ച ശാസ്ത്രത്തിനും ഭൗതികശാസ്ത്രത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍പോലെ തന്നെ വിസ്മയകരമാണ്. നാല് പതിറ്റാണ്ടിലേറെക്കാലം മുമ്പ് വൈദ്യശാസ്ത്രം വിധിച്ച മരണത്തെ അതിജീവിച്ച അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയും. അതീവ ഗുരുതരമായ മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് സംസാരശേഷി നഷ്ടപ്പെട്ട അദ്ദേഹം വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് മുഖത്തെ പേശികള്‍ ചലിപ്പിച്ച് യന്ത്ര സഹായത്തോടെ സൃഷ്ട്ടിക്കുന്ന കൃതിമ ശബ്ദത്തിലാണ് സംസാരിച്ച് കൊണ്ടിരുന്നത്. എന്നിട്ടും ശാസ്ത്ര സദസ്സുകളിലും സര്‍വ്വകലാശാലകളിലുമെല്ലാം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ആളുകള്‍ കാതോര്‍ത്തിരുന്നു. കമ്പ്യൂട്ടറില്‍ തെളിയുന്ന വാക്കുകള്‍ നേത്ര പാളികളുടെ ചലനത്തിലൂടെ തിരഞ്ഞെടുത്തുകൊണ്ടാണത്രേ തന്റെ ശാസ്ത്രഗ്രന്ഥങ്ങളും ലേഘനങ്ങളും അദ്ദേഹം രചിച്ചത്. ശരീരം നിശ്ചലമായപ്പോഴും അദ്ദേഹത്തിന്റെ തലച്ചോറ് പ്രവര്‍ത്തിച്ചുകൊണ്ടേയിരുന്നു. നിശ്ചലമായ ശരീരത്തിന്റെ പരിമിതികളെ അചഞ്ചലമായ മനോധൈര്യം കൊണ്ട് കീഴ്പ്പെടുത്തി.

ജനകീയ ശാസ്ത്ര സാഹിത്യ ശാഖക്കും ശാസ്ത്ര ഗവേഷണത്തിനെന്നതുപോലെ അദ്ദേഹം നിസ്തൂലമായ സംഭാവനകള്‍ നല്‍കി.’A Brief History of Time’ എന്ന അദ്ദേഹത്തിന്റെ വിഖ്യാതഗ്രന്ഥം മലയാളത്തിലേക്കും പരിഭാഷപ്പെടുത്തപെട്ടിട്ടുണ്ട്. അനേകം ഭാഷകളിലായി ഇതിന്റെ ഒരു കോടിയിലേറെ കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്! മഹാവിസ്ഫോടനം, തമോഗര്‍ത്തങ്ങള്‍ എന്നീ പ്രാപഞ്ചിക പ്രതിഭാസങ്ങളെ ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നത്ര സരളമായി ഹോക്കിങ് ഇതില്‍ വിശദീകരിച്ചു. വിജ്ഞാനതല്‍പരരായവരെയെല്ലാം പ്രചോദിപ്പിച്ചതുപോലെ രോഗം കൊണ്ട് തളര്‍ന്നുപോയ അനേകായിരങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന ജീവിതം കൂടിയായിരുന്നു ഹോക്കിങിന്റേത്. ശാസ്ത്രത്തിനും, വൈദ്യശാസ്ത്രത്തിനും നിത്യ വിസ്മയമായി ഹോക്കിങ്ങിന്റെ അനശ്വര സ്മരണകള്‍. ഹോക്കിങ്ങിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അറുപത് വര്‍ഷങ്ങളായി ശരീരം തളര്‍ന്ന നിലയില്‍ വീല്‍ ചെയറില്‍ കഴിയുന്ന സ്റ്റീഫന്‍ ഹോക്കിങ് ആ അവസ്ഥയില്‍ ജീവിച്ചാണ് ശാസ്ത്ര സംഭാവനകള്‍ ഏറെയും നല്‍കിയതെന്നും, ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖ ശാസ്ത്രജ്ഞനായി കരുതപ്പെടുന്ന സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ സാമ്രാജ്യത്വ വിരുദ്ധ നിലപാടുകള്‍ വിഖ്യാതമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. വിയത്നാമിലെ അമേരിക്കന്‍ യുദ്ധത്തിനെതിരെ തെരുവിലിറങ്ങിയ ചെയ്ത സ്റ്റീഫന്‍ ഹോക്കിങ് പുരോഗമന സമൂഹത്തിന്റെ ദിശാസൂചകമായിരുന്നുവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ഡികെ

Share this news

Leave a Reply

%d bloggers like this: