സ്റ്റീഫന്‍ ഹോക്കിംഗ്; കീഴടക്കാനാകാത്ത ജ്ഞാനത്തിന്റെ പ്രതീകം

നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞന്‍ ആരെന്ന് ചോദിച്ചാല്‍ ഇന്ന് ഒരു ഉത്തരമേ ഉണ്ടാകൂ സ്റ്റീഫന്‍ ഹോക്കിങ്. തന്റെ ലക്ഷ്യങ്ങള്‍ കീഴടക്കാന്‍ ശരീരത്തിന്റെ അവശതകളെ മറികടന്ന അത്ഭുത മനുഷ്യനായിരുന്നു അദ്ദേഹം. ഡോക്ടര്‍മാര്‍ രണ്ട് വര്‍ഷത്തെ സമയം മാത്രം വിധിച്ച സ്റ്റീഫന്‍ ഹോക്കിങ് എന്ന യുവാവിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ വൈദ്യശാസ്ത്രം പോലും മുട്ടുമടക്കുകയായിരുന്നു. ഇച്ഛാശക്തിയും ദൃഢനിശ്ചയവും ആത്മവിശ്വാസവും ഒന്നാകുമ്പോള്‍ ഒരു വ്യക്തിക്ക് മുന്നില്‍ ഈ ലോകം ചെറുതാവുന്ന കാഴ്ചയായിരുന്നു സ്റ്റീഫന്‍ ഹോക്കിങ് അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കാണിച്ചുതന്നത്.

ഒരു ഫീനിക്സ് പക്ഷിയെപ്പോലെയാണ് ഹോക്കിംഗ്. എരിതീയില്‍ നിന്നുയര്‍ന്ന് ബഹിരാകാശത്തോളം വളര്‍ന്ന മനുഷ്യന്‍. കേവലം രണ്ടുവര്‍ഷം ആയുസ്സെന്ന് വിധിയെഴുതിയതാണ്, 1963 ല്‍. ശാസ്ത്രലോകത്തിന്റെ തിരുമുറ്റത്ത് ഹോക്കിംഗിന്റെ വീല്‍ചെയറുകള്‍ തിരിയാന്‍ തുടങ്ങിയിട്ട് അഞ്ചര പതിറ്റാണ്ടാകുന്നു.

ഫ്രാങ്കിന്റെയും ഇസബെല്‍ ഹോക്കിംഗിന്റെയും പുത്രനായ 1942 ജനുവരി എട്ടിനാണ് സ്റ്റീഫന്‍ വില്യം ഹോക്കിംഗ് ജനിക്കുന്നത്. ബാല്യവും കൗമാരവും പിന്നിട്ട് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ബിരുദപഠനത്തിന് ശേഷം ക്രേംബ്രിഡ്ജില്‍ ഗവേഷണത്തിനുള്ള ഒരുക്കള്‍ക്കിടെയിലാണ് അമയോട്രോപ്പിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് എന്ന ഗുരുതരമായ അസുഖം ബാധിച്ചത് . ഉടന്‍ മരണം എന്ന ഡോക്ടര്‍മാരുടെ വിധിയെഴുത്തിനെ ധീരമായി ജീവിച്ചുതോല്‍പ്പിച്ചാണ് ഈ എഴുപത്തിയാറാം വയസ്സില്‍ അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നത്.

ഡോക്ടര്‍മാര്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന് നല്കിയ അവശേഷിക്കുന്ന ആയുസ് അടുത്ത രണ്ടര വര്‍ഷമായിരുന്നു. 1963-ലായിരുന്നു അത്. എന്നാല്‍ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച ഹോക്കിങ് ഈ യുഗത്തിലെത്തന്നെ ഏറ്റവും പേരുകേട്ട ശാസ്ത്രജ്ഞനായി മാറി.

രോഗം മൂര്‍ച്ഛിച്ച് ക്രമേണചലനശേഷിയും സംസാര ശേഷിയും നഷ്ടപ്പെട്ട ഹോക്കിങ് പിന്നീട് തന്റെ ജീവിതം ഒരു വീല്‍ചെയറിലേക്കൊതുക്കുകയായിരുന്നു. വീല്‍ചെയറിലെ ചെറിയ ജീവിതത്തിലൂടെ ഹോക്കിങ് വലിയ ലോകത്തെ സ്വന്തമാക്കുകയായിരുന്നു. രണ്ട് വര്‍ഷത്തെ ആയുസ്സല്ല തനിക്ക് മുന്നിലെന്ന് ആവര്‍ത്തിക്കുകയായിരുന്നു ഹോക്കിങ് തന്റെ പ്രവര്‍ത്തികളിലൂടെ. താന്‍ വിശ്വസിച്ച ശാസത്രത്തോടുള്ള വെല്ലുവിളി കൂടിയായിരുന്നു അത്.

തമോഗര്‍ത്തങ്ങളെ മനസിലാക്കുന്നതിലും കണികാ പ്രപഞ്ചഘടനാ വിജ്ഞാനീയത്തിലും വലിയ സംഭാവനകള്‍ നല്കി. അതോടൊപ്പം വീല്‍ചെയറില്‍ ഇരുന്ന് ജീവിതം നയിച്ച ഹോക്കിങ് ഒരു സാംസ്‌കാരിക ബിംബവും കീഴടക്കാനാകാത്ത പ്രജ്ഞയുടെ പ്രതീകവുമായി.

തന്റെ അസുഖത്തെ ഒരു ‘പ്രിവിലേജ്’ ആയി കാണുകയായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗ്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഭിന്നശേഷിയുള്ളവരുടെ റോള്‍ മോഡല്‍ ആയി മാറി അദ്ദേഹം. ലോകമെമ്പാടും സഞ്ചരിച്ച് ഭിന്നശേഷിക്കാര്‍ക്കായി ക്ലാസുകള്‍ സംഘടിപ്പിക്കുകയും,അവര്‍ക്ക് വേണ്ടി പണം സ്വരൂപിക്കുകയും ചെയ്തു. ഹോക്കിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ പിന്നീട് ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ഭരണകൂടത്തെ നിര്‍ബന്ധിരാക്കി.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനുശേഷം ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രഗല്‍ഭമായ മസ്തിഷ്‌കത്തിന്റെ ഉടമയാണ് സ്റ്റീഫന്‍ ഹോക്കിംഗ്. രോഗബാധിതനായതിനുശേഷം സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നഷ്ടപ്പെട്ടെങ്കിലും, അദ്ദേഹം മുന്നോട്ട് വച്ച പല സിദ്ധാന്തങ്ങളും ശാസ്ത്രത്തെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രേരിപ്പിച്ചവയായിരുന്നു. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം, ദ് യൂണിവേഴ്സ് ഇന്‍ എ നട്ഷെല്‍- ലോകത്തെ അമ്പരിപ്പിച്ച ഒട്ടേറെ കൃതികള്‍ ഹോക്കിംഗിന്റെ ബുദ്ധിമണ്ഡലത്തില്‍ നിന്നും പിറന്നുവീണു. ഹോക്കിംഗിന്റെ ആദ്യപുസ്തകമായ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ഒരു കോടിയിലധികം കോപ്പികളാണ് വിറ്റുപോയത്.

ഹോക്കിംഗിന്റെ തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള (ബ്ലാക്ക് ഹോളുകള്‍) പ്രബന്ധം അന്നുവരെ മനുഷ്യന് അറിയാന്‍ കഴിയാതിരുന്ന ഒരു ശാസ്ത്രസത്യത്തെ വെളിപ്പെടുത്തുകയായിരുന്നു. തമോഗര്‍ത്തങ്ങള്‍ റേഡിയേഷന്‍ പുറത്തുവിടുന്നുവെന്ന കണ്ടുപിടുത്തത്തെ തുടര്‍ന്ന് ശാസ്ത്രലോകം ഈ പ്രതിഭാസത്തെ ഹോക്കിംഗ് റേഡിയേഷന്‍ എന്നു പേരിട്ട് വിളിച്ചു. ക്വാണ്ടം ഗ്രാവിറ്റിയെക്കുറിച്ചും, ഗുരുത്വാകര്‍ഷണത്തെക്കുറിച്ചും ഹോക്കിംഗ് നടത്തിയ നീരീക്ഷണങ്ങള്‍ ശാസ്ത്രകുതുകികള്‍ക്ക് എക്കാലവും മുതല്‍കൂട്ടാണ്. ബ്ലാക്ക് ഹോളുകളല്ല, ഗ്രേ ഹോളുകളാണ് പ്രപഞ്ചത്തിലുള്ളത് പിന്നീട് അദ്ദേഹം പറഞ്ഞപ്പോള്‍, ശാസ്ത്രലോകത്തിന് അതും കൗതുകമായി.

എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പേരില്‍ വിഖ്യാത സംവിധായകന്‍ എറോള്‍ മോറിസ് ഒരു ഡോക്യുമെന്ററി ചെയ്തിരുന്നു. പ്രപഞ്ച വിജ്ഞാനീയമാണ് അദ്ദേഹത്തിന്റെ പുസ്തകം ചര്‍ച്ചചെയ്തിരുന്നതെങ്കില്‍ സ്റ്റീഫന്‍ ഹോക്കിംഗ് എന്ന അതുല്യപ്രതിഭയുടെ ജീവചരിത്രമാണ് ഡോക്യുമെന്ററി കാണിച്ചുതന്നത്. 21ാം നൂറ്റാണ്ടിലെ ശാസ്ത്രവിസ്മയത്തെ ചരിത്രത്തിലേക്ക് ദൃശ്യരൂപത്തില്‍ ചേര്‍ത്തുവയ്ക്കുകയായിരുന്നു ഈ ചിത്രം. ശരീരം തളര്‍ന്നുപോയ പ്രമുഖ ഇംഗ്ലീഷ് സൈദ്ധാന്തിക ഭൌതികശാസ്ത്രജ്ഞനും പ്രപഞ്ചഘടന ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഹോക്കിങ്ങിനെയും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെയും പറ്റി നിരവധി ഡോക്യുമെന്ററികള്‍ ഇതിനകം വന്നിട്ടുണ്ടെങ്കിലും മോറിസിന്റെ മികവിനോടു കിടപിടിക്കാവുന്ന ഒന്നും ഉണ്ടായിട്ടില്ല.

‘2020 നകം ചന്ദ്രനിലേക്കും 2025 നകം ചൊവ്വയിലേക്കും ഗവേഷകരെ എത്തിക്കണം. 30 വര്‍ഷത്തിനകം ചന്ദ്രനില്‍ മനുഷ്യന് താവളം ഒരുക്കാന്‍ കഴിയണം. പ്രകാശത്തിന്റെ അഞ്ചിലൊന്നു വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ബഹിരാകാശ പേടകം നിര്‍മ്മിക്കണം. ഭൂമിയില്‍ നമുക്ക് ഇടമില്ലാതായി വരികയാണെന്നും സൗരയൂഥസഞ്ചാരം ആരംഭിക്കണമെന്നും. മനുഷ്യര്‍ ഭൂമി ഉപേക്ഷിക്കേണ്ട കാലം അടുത്തുവരികയാണെന്നും’ അങ്ങനെ ഭൂമിയുടെയും മനുഷ്യന്റെയും ഭാവിയെക്കുറിച്ച് നിര്‍ദ്ദേശങ്ങളും ആകുലതകളും അടുത്തിടെ ഹോക്കിംഗ് പങ്കുവച്ചിരുന്നു. മാത്രമല്ല ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് വളര്‍ത്തിയെടുക്കുന്ന മനുഷ്യന്റെ പ്രവണത നമുക്ക് തന്നെ തിരിച്ചടിയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നു.

അറിവുകള്‍ കൊണ്ട് സമ്പന്നമാണ് നമ്മുടെ ലോകം. അതില്‍ അവിശ്വസീനമായ അറിവുകളും ചിന്തകളും മാനവരാശിയിലേക്ക് പകര്‍ന്നുതന്നുകൊണ്ടാണ് സ്റ്റീഫന്‍ ഹോക്കിംഗ് എന്ന ശാസ്ത്ര വിസ്മയം കടന്നുപോകുന്നത്. ഒരുപക്ഷെ നികത്തപ്പെടാനാകാത്ത ഒരു വിടവ് ബാക്കിനിര്‍ത്തുകയാണ് ഈ തമോഗര്‍ത്തങ്ങളുടെ കൂട്ടുകാരന്‍. പലരും തള്ളികളയുമായിരുന്ന വീല്‍ചെയറിലെ ജീവിതത്തിലൂടെ ലോകത്തിന് മുന്നില്‍ പുതിയ വഴികള്‍ കൂടി കാണിക്കുകയായിരുന്നു ഹോക്കിങ്. ഒരു കാര്യം വ്യക്തമാണ്, സ്റ്റീഫന്‍ ഹോക്കിങ് എന്ന വ്യക്തി അറിയപ്പെടുക അദ്ദേഹത്തിന്റെ ശാരീരിക അവശതകള്‍കൊണ്ടല്ല മറിച്ച് ദൃഢനിശ്ചയത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പേരില്‍ മാത്രമായിരിക്കും.

 

ഡികെ

Share this news

Leave a Reply

%d bloggers like this: