സ്പീക്കര്‍ എന്‍.ശക്തന്‍ ഡ്രൈവറെ കൊണ്ട് ചെരുപ്പ് അഴിപ്പിച്ച സംഭവം വിവാദമാകുന്നു

 

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എന്‍.ശക്തന്‍ ഡ്രൈവറെ കൊണ്ട് തന്റെ ചെരുപ്പ് അഴിപ്പിച്ച സംഭവം വിവാദമാകുന്നു. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികളും സാംസ്‌കാരിക പ്രവര്‍ത്തകരും രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. ബുധനാഴ്ച ഉച്ചയ്ക്ക് നിയമസഭാ വളപ്പിലെ നെല്‍കൃഷിയുടെ വിളവെടുപ്പ് വേളയിലായിരുന്നു സംഭവം. വിളവെടുപ്പിന്റെ ഉദ്ഘാടനം സ്പീക്കര്‍ എന്‍.ശക്തനും കൃഷിവകുപ്പ് മന്ത്രി കെ.പി.മോഹനനും ചേര്‍ന്നായിരുന്നു നിര്‍വഹിച്ചത്. നെല്‍കൊയ്ത ശേഷം കാലുകൊണ്ട് നെല്ല് ചവിട്ടിമെതിക്കുന്ന സമയത്താണ് സ്പീക്കര്‍ ചെരുപ്പ് ഡ്രൈവറെ കൊണ്ട് അഴിപ്പിച്ചത്. നിയമസഭ സെക്രട്ടറിയും നിയമസഭയിലെ ജീവനക്കാരും ഉള്‍പ്പെടെ കൊയ്ത്ത് വേളയില്‍ സന്നിഹിതരായിരുന്നു. സ്പീക്കറുടെ ഔദ്യോഗിക ഡ്രൈവറെ കൊണ്ടാണ് ചെരുപ്പ് അഴിപ്പിച്ചത്.

സ്പീക്കറുടെ നടപടി പ്രാകൃതവും അധമവുമാണെന്ന് സാഹിത്യകാരി സാറാ ജോസഫ് പ്രതികരിച്ചു. സ്പീക്കര്‍ സ്ഥാനത്തിന്റെ ബഹുമാന്യത കെടുത്തിയ പ്രവര്‍ത്തിയാണ് ശക്തന്റെ ഭാഗത്ത് നിന്നുണ്ടായത്. ഫ്യൂഡല്‍ പ്രഭുക്കന്‍മാരുടെ പ്രവര്‍ത്തിയാണ് സ്പീക്കറുടെ ഭാഗത്ത് നിന്നുണ്ടായത്. നിയമസഭാ സാമാജികര്‍ക്ക് മാതൃകയാകേണ്ട വ്യക്തിയാണ് സ്പീക്കര്‍. അദ്ദേഹം രാജിവയ്ക്കണമെന്നും സാറാ ജോസഫ് ആവശ്യപ്പെട്ടു.

നിയമസഭാ സ്്പീക്കറുടെ ഭാഗത്ത് നിന്നുണ്ടായത് വളരെ ഗുരുതരമായ പ്രവര്‍ത്തിയാണെന്ന് ബിജെപി നേതാവ് അഡ്വ. വി.വി.രാജേഷ് പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ സംസ്‌കാരം ഇതാണോയെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ വ്യക്തമാക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു. സ്പീക്കറുടെ നടപടി കാടത്തമായിപ്പോയെന്ന് വി.ശിവന്‍കുട്ടി എംഎല്‍എ പ്രതികരിച്ചു. സ്പീക്കര്‍ തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്കണമെന്നും ഇത്തരം സംഭവങ്ങള്‍ ഉത്തരേന്ത്യയിലാണ് കേട്ടിരുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.

സ്പീക്കര്‍ എന്‍.ശക്തന്റെ പേര് ശപ്പന്‍ എന്നാക്കി മാറ്റണമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍ പ്രതികരിച്ചു. അധികാരത്തിന്റെ അഹങ്കാരമാണ് സ്പീക്കറുടെ നടപടി. അദ്ദേഹം രാജിവയ്ക്കുകയല്ല ചവിട്ടി പുറത്താക്കുകയാണ് ചെയ്യേണ്ടതെന്നും ജയശങ്കര്‍ പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: