സ്ട്രെച്ചര്‍ കിട്ടിയില്ല, പോലീസുകാരന്‍ ഗര്‍ഭിണിയെ ചുമന്ന് ആശുപത്രിയിലെത്തിച്ചു

ലഖ്‌നൗ: പ്രസവവേദന കലശലായ യുവതിയെ എടുത്ത് ആശുപത്രിയിലെത്തിച്ച് പോലീസുകാരന്‍. ഉത്തര്‍ പ്രദേശിലെ മഥുരയിലാണ് സംഭവം. ഗവണ്‍മെന്റ് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥന്‍ സോനു കുമാര്‍ രജോരയാണ് ഭാവനയെന്ന ഗര്‍ഭിണിയെ ചുമന്ന് ആശുപത്രിയിലെത്തിച്ചത്. മഥുര വനിതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാവന ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഭാവനയെ എടുത്തുകൊണ്ട് ആശുപത്രിയിലേക്ക് സോനു പോകുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.

ഫരീദാബാദ് ജില്ലയിലെ ബല്ലഭ്ഗഢ് സ്വദേശികളാണ് ഭാവനയും ഭര്‍ത്താവ് മഹേഷും. ഹഥ്‌റസില്‍നിന്ന് ഫരീദാബാദിലേക്കുള്ള യാത്രയ്ക്കിടെയാണ് ഭാവനയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഭാവനയും ഭര്‍ത്താവും മഥുര കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഇറങ്ങി. ‘പരിചയിമല്ലാത്ത സ്ഥലമായതിനാല്‍ നിരവധിയാളുകളോട് സഹായം അഭ്യര്‍ഥിച്ചു. എന്നാല്‍ ആരും സഹായിക്കാന്‍ മുന്നോട്ടുവന്നില്ല. അപ്പോഴാണ് സോനു ഞങ്ങളെ സഹായിക്കാനെത്തിയത്. അദ്ദേഹം ആംബുലന്‍സ് വിളിച്ചു. എന്നാല്‍ അതെത്തിയില്ല. പിന്നീട് അദ്ദേഹം ഒരു ഓട്ടോറിക്ഷ പിടിച്ച് ഞങ്ങളെ മഥുരയിലെ ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ തിരക്കിലായിരുന്നു. തുടര്‍ന്ന് ഭാവനയെ സ്ത്രീകളുടെ വാര്‍ഡിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍ എന്നോട് ആവശ്യപ്പെട്ടു ഏകദേശം നൂറുമീറ്ററോളം അകലെ ആയിരുന്നു അത്.’ – മഹേഷിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഭാവനയെ അവിടേക്ക് എത്തിക്കാന്‍ സ്ട്രെച്ചര്‍ ലഭിച്ചില്ല. തുടര്‍ന്ന് ഒട്ടും നേരം കളയാതെ സോനു ഭാവനയെ എടുത്ത് ആശുപത്രിക്കുള്ളില്‍ എത്തിക്കുകയായിരുന്നു. സോനുവിനോട് ശരിക്ക് നന്ദി പറയാന്‍ പോലും സാധിച്ചില്ല. ഭാവനയെ ഡോക്ടറുടെ അടുത്ത് എത്തിച്ച ശേഷം അദ്ദേഹം ഉടന്‍ തന്നെ ഇവിടെനിന്നു പോയി- മഹേഷ് കൂട്ടിച്ചേര്‍ക്കുന്നു.

മറ്റുള്ളവരെ സഹായിക്കുക എന്നത് എന്റെ കടമയാണെന്നായിരുന്നു സോനുവിന്റെ പ്രതികരണം. 108ലും 102ലും ആംബുലന്‍സിനു വേണ്ടി വിളിച്ചു. എന്നാല്‍ ആരും വന്നില്ല. ആ ദമ്പതികള്‍ ഇവിടെ പുതുതായിരുന്നു.ഇവിടുത്തെ സ്ഥലങ്ങളെ കുറിച്ച് അവര്‍ക്ക് ധാരണയുമില്ലായിരുന്നുവെന്നാണ് സഹായത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സോനുവിന്റെ മറുപടി. ഹഥ്റാസ് സ്റ്റേഷന്‍ ഓഫീസറാണ് 36 വയസ്സുകാരനായ സോനു.

 

 

 

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: