സ്ട്രീറ്റ് ലൈറ്റുകള്‍ മാറും; 2020കളില്‍ ചൈനയ്ക്ക് വെളിച്ചം നല്‍കുന്നത് കൃത്രിമ ചന്ദ്രന്‍

ബീജിങ്: ചൈനീസ് നിരത്തുകളില്‍ രാത്രി വെളിച്ചം പകരാന്‍ കൃത്രിമ ചന്ദ്രന്‍ എത്തുമെന്ന് ചൈനീസ് ശാസ്ത്രലോകം. 10-80 കിലോമീറ്റര്‍ ദൂരത്തില്‍ വെളിച്ചം അനായാസം പകരാന്‍ കഴിവുള്ള ചന്ദ്രന്റെ വരവ് വര്‍ഷങ്ങളായുള്ള കണ്ടുപിടിത്തത്തിന്റെ ഫലമാണെന്നും ശാസ്ത്രലോകം അറിയിച്ചു. സൂര്യപ്രകാശത്തെ വന്‍ തോതില്‍ ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കാന്‍ കഴിവുള്ള മൂന്ന് കൃത്രിമ ചന്ദ്രന്‍മാരെ സ്ഥാപിക്കാനാണ് ചൈന ഒരുങ്ങുന്നത്.

ഭൂമിക്ക് മുകളില്‍ കണ്ണാടിച്ചില്ലുകൊണ്ടുള്ള ഒരു നെക്ലെസ് തൂക്കിയതിനു സമാനമുള്ള സൗന്ദര്യമാണ് ഈ കാഴ്ച നല്‍കുകയെന്ന് ഈ ഐഡിയയെ ഫ്രെഞ്ച് കലാകാരന്‍ വിശേഷിപ്പിച്ചതായി ഇതിന്റെ ഉപജ്ഞാതാവ് വൂ ഷുങ്ഫെങ് പറഞ്ഞു. ഇല്യൂമിനേഷന്‍ സാറ്റ്ലൈറ്റ് വഴിയാകും ഇത് സാധ്യമാകുക.

ഇതിനുള്ള പദ്ധതി 2020 ല്‍ പൂര്‍ത്തിയാകുമെന്ന് ചൈനയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘സയന്‍സ് ആന്റ് ടെക്‌നോളജി ഡെയ്‌ലി’ റിപ്പോര്‍ട്ട് ചെയ്തു. 3600 മുതല്‍ 6400 ചതുരശ്ര കിലോമീറ്റര്‍ വരെ വിസ്തൃതിയില്‍ കൃത്രിമചന്ദ്രപ്രകാശം ലഭ്യമാകും. സാധാരണ ഗതിയില്‍ ചന്ദ്രനില്‍നിന്നുള്ള പ്രകാശത്തിന്റെ എട്ട് മടങ്ങ് വെളിച്ചം മനുഷ്യനിര്‍മിത ചന്ദ്രനില്‍ നിന്ന് ലഭിക്കും.

ഭൂമിയില്‍ നിന്ന് 380,000 കിലോമീറ്റര്‍ അകലെയാണ് ചന്ദ്രന്റെ സ്ഥാനമെങ്കില്‍ കൃത്രിമ ചന്ദ്രന്‍ ഭൗമോപരിതലത്തില്‍ നിന്ന് വെറും 500 കിലോമീറ്റര്‍ ഉയരമുള്ള ഭ്രമണപദത്തിലാണ് സ്ഥിതിചെയ്യുക. ചൈനയ്ക്ക് പുറമേ അമേരിക്കയും റഷ്യയും ജപ്പാനും കൃത്രിമചന്ദ്രനെ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്. പദ്ധതി നടപ്പാക്കുന്നതിലൂടെ ഊര്‍ജലാഭം സാധ്യമാകുമെന്ന് ചൈന കരുതുന്നു.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: