സോളാര്‍ സിറ്റി പദ്ധതിയില്‍ കൊച്ചിയെ ഉള്‍പെടുത്തി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സോളാര്‍ സിറ്റി പദ്ധതിയില്‍ കൊച്ചിയെ ഉള്‍പെടുത്തി. പാരമ്പര്യേതര ഊര്‍ജ്ജ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കാനായി കൊച്ചി കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച 696 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കി. രാജ്യത്തെ തെരഞ്ഞെടുത്ത 60 നഗരങ്ങളെയാണ് സോളാര്‍ സിറ്റി പദ്ധതിയില്‍പെടുത്തിയിരിക്കുന്നത്. ഇതില്‍ ഉള്‍പ്പെട്ട നാല് നഗരങ്ങളുടെ പദ്ധതികള്‍ക്കാണ് ഇന്ന് കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയം അംഗീകാരം നല്‍കിയത്.

സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 30 ശതമാനം സബ്‌സിഡി നിരക്കില്‍ സോളാര്‍ ഊര്‍ജ്ജ സ്രോതസ്സുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിലൂടെ കഴിയും. 20 ശതമാനം കേന്ദ്ര സബ്‌സിഡി നല്‍കുമ്പോള്‍ 10 ശതമാനം സബ്‌സിഡി സംസ്ഥാന സര്‍ക്കാരാണ് നല്‍കുക. വൈദ്യുതീകരണം, വാട്ടര്‍ ഹീറ്റര്‍ സ്ഥാപിക്കല്‍, സോളാര്‍ ബോട്ട് സര്‍വ്വീസ് ആരംഭിക്കുക തുടങ്ങി വിവിധ രീതിയില്‍ പാരമ്പര്യേതര ഊര്‍ജ്ജം ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ ആണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ പരമ്പരാഗത ഊര്‍ജ്ജ ഉപയോഗം 5 വര്‍ഷം കൊണ്ട് 10 ശതമാനമാക്കി കുറക്കണമെന്നും വ്യവസ്ഥ ഉണ്ട്. അതുകൊണ്ട് തന്നെ തെരുവുവിളക്കുകള്‍ എല്‍ ഇ.ഡിയിലേക്ക് മാറ്റുമെന്ന് കൊച്ചി മേയര്‍ വ്യക്തമാക്കി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും, ജലഗതാഗത സോളാര്‍ ബോട്ട് പദ്ധതിയും വിജയകരമായി നടപ്പാക്കിയത് പദ്ധതിയിലുള്‍പ്പെടുത്താന്‍ കൊച്ചിക്ക് തുണയായി. അനര്‍ട്ട് ആണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.

Share this news

Leave a Reply

%d bloggers like this: