സെല്‍ഫ് ചെക്കിന്‍, ഇന്‍ലൈന്‍ സ്‌കാനര്‍ തുടങ്ങി അത്യാധുനിക സൗകര്യങ്ങളുമായി കണ്ണൂര്‍ വിമാനത്താവളം ഒരുങ്ങുന്നു

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളമൊരുങ്ങുന്നത് അത്യാധുനിക സൗകര്യങ്ങളോടെ. സമയമെടുത്ത് നടക്കുന്ന എയര്‍പോര്‍ട്ട് ചെക്ക് ഇന്‍ നടപടിക്രമങ്ങള്‍ സുഗമമാക്കുന്ന സാങ്കേതിക സംവിധാനങ്ങളാണ് എയര്‍പോര്‍ട്ടില്‍ ഒരുക്കുന്നത്. യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ യാത്രക്കാര്‍ക്ക് തന്നെ ചെക്കിന്‍ നടപടിക്രമങ്ങള്‍ ചെയ്യാവുന്നതാണ് ചെയ്യാവുന്നതാണ്. ഇതിനായി സെല്‍ഫ് ചെക്കിന്‍, ഇന്‍ലൈന്‍ സ്‌കാനര്‍, സെല്‍ഫ് ബാഗേജ് ഡ്രോപ്പ് എന്നീ ഉപകരണങ്ങള്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുണ്ടാവും.

സെല്‍ഫ് ചെക്ക് ഇന്‍ യന്ത്രം വഴി യാത്രക്കാര്‍ക്ക് അവരുടെ ബോര്‍ഡിങ് പാസുകളും ബാഗിനുള്ള ടാഗും കൈപ്പറ്റാം. ഒരു എടിഎം കൗണ്ടര്‍ ഉപയോഗിക്കുന്ന ലാഘവത്തില്‍ ആര്‍ക്കും ഈ യന്ത്രം ഉപയോഗിക്കാവുന്നതാണ്. ഇതിനായി യന്ത്രം ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കിയാല്‍ മാത്രം മതി. ബാഗേജ് സംബന്ധിച്ച വിവരങ്ങളും യന്ത്രം ചോദിക്കും. ബാഗ് പരിശോധിച്ചിട്ടുണ്ടോ, നിയന്ത്രിത വസ്തുക്കളുണ്ടോ, എന്നിവയടക്കമുള്ള ചോദ്യങ്ങള്‍ ഇക്കൂട്ടത്തിലുണ്ടാകും. മിനിറ്റുകള്‍ മാത്രമെടുക്കുന്ന ഈ പ്രക്രിയയ്ക്ക് ശേഷമായിരിക്കും ബോര്‍ഡിങ് പാസും, ബാഗിനുള്ള ടാഗും നിങ്ങള്‍ക്ക് പ്രിന്റ് ചെയ്ത് ലഭിക്കുക.

അമേരിക്കയില്‍ നിന്നും എത്തിച്ച ഇന്‍ലൈന്‍ എക്സ് റേ സ്‌കാനറാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുള്ളതെന്നാണ് വിവരം. അത്യാധുനിക സംവിധാനങ്ങളോടുകൂടിയുള്ള ഈ യന്ത്രം ബാഗേജുകളുടെ സുരക്ഷാ പരിശോധന എളുപ്പമാക്കുന്നു. ബാഗുകള്‍ക്കുള്ളിലെ സ്ഫോടക വസ്തുക്കള്‍ കണ്ടെത്താനുള്ള സിടി സ്‌കാന്‍ സംവിധാനവും ബാഗിനകത്തെ വസ്തുക്കളെ കാണാന്‍ സാധിക്കുന്ന എക്സ്റേ സംവിധാനവും യന്ത്രത്തിലുണ്ടാകും. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഓട്ടോമാറ്റിക് ആയി തന്നെ പരിശോധന നടത്തുന്നയിടത്തേക്ക് എത്തുകയും. യാത്രക്കാരെ അക്കാര്യം അറിയിക്കുകയും ചെയ്യും.

മണിക്കൂറില്‍ ആയിരക്കണക്കിന് ബാഗേജുകള്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ യന്ത്രത്തിനാകും. ഉയര്‍ന്ന റെസലൂഷനിലൂള്ള വിര്‍ച്വല്‍ 3ഡി ചിത്രങ്ങള്‍ പകര്‍ത്താന്‍ ഈ യന്ത്രത്തിനാവും. ഇതിലെ ക്രോസ് സെക്ഷണല്‍ ഇമേജിങ് സംവിധാനം തെറ്റായ മുന്നറിയിപ്പുകള്‍ കുറയ്ക്കാനും അതുവഴി യാത്രക്കാര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും സഹായിക്കുന്നു. ഇതുപോലുള്ള നിരവധി സ്‌കാനറുകള്‍ വിമാനത്താവളത്തിലുണ്ടാവും പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ പെട്ടെന്നു തന്നെ ബാഗേജുകള്‍ യാത്രക്കാര്‍ക്ക് കൈപ്പറ്റാം.

കയ്യിലുള്ള ബോഡിങ് പാസ് സ്‌കാന്‍ ചെയ്ത് യാത്രക്കാര്‍ക്ക് ബാഗേജ് ഡ്രോപ്പ് യന്ത്രം ഉപയോഗിക്കാം. ബാഗേജിന് ഭാരം കൂടുതലാണെങ്കില്‍ അക്കാര്യം യന്ത്രം യാത്രക്കാരെ അറിയിക്കും ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് യന്ത്രത്തിലൂടെ തന്നെ പണമടക്കാം. അല്ലെങ്കില്‍ അതാത് എയര്‍ലൈന്‍ കമ്പനികളുടെ കയോസ്‌കുകളിലും പണമടയ്ക്കാവുന്നതാണ്.

ഇങ്ങനെ തീര്‍ത്തും ഓട്ടോമേറ്റഡ് സൗകര്യങ്ങളൊരുക്കി മലയാളികള്‍ക്ക് അധികം പരിചയമില്ലാത്ത വിമാനയാത്രാനുഭവം സമ്മാനിക്കാനൊരുങ്ങുകയാണ് കണ്ണൂര്‍ വിമാനത്താവളം. യാത്രയ്ക്ക് മണിക്കൂറുകള്‍ മുമ്പ് വിമാനത്തിലെത്തുകയും വരിനിന്ന് വലയുകയും ചെയ്ത് പരിചയമുള്ള ഇന്ത്യന്‍ യാന്ത്രക്കാര്‍ക്ക് തീര്‍ത്തും ആശ്വാസകരമാവും പുതിയ സാങ്കേതിക സംവിധാനങ്ങള്‍. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെല്ലാം ഇത്തരം ഓട്ടോമേറ്റഡ് യന്ത്രസംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ വ്യോമയാന മന്ത്രാലയം കഴിഞ്ഞ വര്‍ഷം തീരുമാനമെടുത്തിരുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: