സെല്‍ഫി ഭ്രമം ജീവനെടുത്തത് 259 പേര്‍ക്ക്; ഇന്ത്യയും മുന്നില്‍

സാഹസിക സെല്‍ഫികളോടുള്ള അഭിനിവേശത്തില്‍ 2011-17 കാലഘട്ടത്തില്‍ 259 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി പഠനം. മരണങ്ങളുടെ തോത് കുറയ്ക്കുന്നതിന്, അപകടസാധ്യതയുള്ള ഇടങ്ങളെ ‘സെല്‍ഫി രഹിത മേഖല’യായി നിശ്ചയിക്കണമെന്ന് യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനിലെ ഗവേഷകര്‍ ആവശ്യപ്പെടുന്നു. പര്‍വതങ്ങളുടെ മുകള്‍ഭാഗം, ഉയരമുള്ള കെട്ടിടങ്ങളുടെ മുകള്‍ഭാഗം, തടാകങ്ങള്‍ പോലുള്ള ഇടങ്ങള്‍ തുടങ്ങിയവയാണ് അപകട മേഖലകളായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. മുങ്ങി മരണം, വാഹനയാത്രയ്ക്കിടെയുള്ള അപകടങ്ങള്‍, ഉയരങ്ങളില്‍ നിന്നുള്ള വീഴ്ച തുടങ്ങിയവയാണ് സര്‍വസാധാരണമായ മരണകാരണങ്ങള്‍.

മൃഗങ്ങളുടെ ആക്രമണം, വൈദ്യുതാഘാതം, തീ, ആയുധങ്ങള്‍ എന്നിവയും മരണകാരണങ്ങളില്‍ പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ സെല്‍ഫി മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷം ജൂലായില്‍ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വേല്‍സില്‍ സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്നു വീണ് ഗാവിന്‍ സിമ്മര്‍മാന്‍ എന്ന 19കാരന്‍ മരണപ്പെട്ടിരുന്നു. കാലിഫോര്‍ണിയയിലെ യോസ്മൈറ്റ് നാഷണല്‍ പാര്‍ക്കില്‍ 250 മീറ്റര്‍ ഉയരത്തില്‍ നിന്നു വീണ് ടോമര്‍ ഫ്രാങ്ക്ഫര്‍ട്ടര്‍ എന്നയാള്‍ മരിച്ചിരുന്നു.

ഇന്ത്യ, റഷ്യ, അമേരിക്ക, പാകിസ്ഥാന്‍ എന്നിവിടങ്ങളിലാണ് സെല്‍ഫി മരണങ്ങള്‍ ഏറെയുള്ളത്. ഇതില്‍ 72 ശതമാനവും പുരുഷന്മാരാണ്. സെല്‍ഫി മരണങ്ങളുടെ നിരക്ക് വര്‍ധിച്ചുവരികയാണെന്നും പഠനം പറയുന്നു. 2011ല്‍ മൂന്ന് സെല്‍ഫി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2016ല്‍ ഇത് 98 ആയി വര്‍ധിച്ചു. 2017ല്‍ 93 പേരാണ് മരിച്ചത്.

എന്നാല്‍ സെല്‍ഫി മരണങ്ങളുടെ യഥാര്‍ത്ഥ കണക്കുകള്‍ ചിലപ്പോള്‍ ഇതില്‍ കൂടുതലായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു. കൃത്യമായി രേഖപ്പെടുത്തിയവ മാത്രമേ ഗവേഷകര്‍ കണക്കിലെടുത്തിട്ടുള്ളൂ. സെല്‍ഫി മരണങ്ങള്‍ എന്ന നിലയില്‍ പലപ്പോഴും മരണങ്ങള്‍ രേഖപ്പെടുത്തുന്നില്ലെന്നും, സെല്‍ഫി എടുക്കുമ്പോഴുണ്ടായ വാഹനാപകടങ്ങളില്‍ പലതും വാഹനാപകടങ്ങള്‍ മാത്രമായാണ് രേഖപ്പെടുത്തുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: