സെലിബ്രിറ്റി ഷെഫ് ജാമിയുടെ സാമ്രാജ്യം തകരുന്നു; യുകെയിലെ കച്ചവടം പൂട്ടി…

സെലിബ്രിറ്റി ഷെഫ് ജാമി ഒലിവറിന്റെ യുകെയിലുള്ള 25-ല്‍ 22 റെസ്റ്റോറന്റുകളും അടച്ചുപൂട്ടി. കടബാധ്യതയായും കച്ചവടം കുറഞ്ഞതുമാണ് കാരണം. ഇതോടെ ആയിരം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും. ഗാട്വിക്ക് എയര്‍പോര്‍ട്ടിലുള്ള മൂന്ന് ഔട്ട്‌ലെറ്റുകള്‍ മാത്രമേ ഇനിമുതല്‍ തുറന്നു പ്രവര്‍ത്തിക്കൂ. അതുതന്നെ പുതിയ നടത്തിപ്പുകാര്‍ വന്നാല്‍ കൈമാറുകയും ചെയ്യും.

റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടേണ്ടി വന്നതില്‍ അതിയായ ദുഃഖമുണ്ടെന്ന് ഒലിവര്‍ പറഞ്ഞു. ‘ഹൃദയവും ആത്മാവും നല്‍കി’ റെസ്റ്റോറന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ ജോലിക്കാരോടും നന്ദിയും പറഞ്ഞു. 2002-ലാണ് അദ്ദേഹത്തിന്റെ ആദ്യ റെസ്റ്റോറന്റ് യു.കെ.യില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

പിന്നീടങ്ങോട്ട് വളരെ പെട്ടന്നാണ് അതൊരു ബിസിനസ്സ് സാമ്രാജ്യമായി വളര്‍ന്നത്. 22 ഇറ്റാലിയന്‍ ഔട്ട്‌ലെറ്റുകളും ബാര്‍ബീക്യൂ റെസ്റ്റോറന്റുകളും അദ്ദേഹം വളര്‍ത്തിയെടുത്തു. മധ്യവര്‍ഗ്ഗത്തിനും അതിനു മുകളിലുള്ളവര്‍ക്കും ഒരേപോലെ സ്വീകാര്യമായ റെസ്റ്റോറന്റുകളായിരുന്നു എല്ലാം.

എന്നാല്‍ മറ്റു രാജ്യങ്ങളിലുള്ള 61 ഔട്ട്‌ലെറ്റുകളെ ഈ തീരുമാനം ബാധിക്കില്ല. അമേരിക്കന്‍ കമ്പനിയായ അരമാര്‍ക്കിന് നല്‍കിയ ഫ്രാഞ്ചൈസി സൈറ്റുകളും തുടര്‍ന്ന് പ്രവര്‍ത്തിക്കും. അടുത്തിടെ റെസ്റ്റോറന്റ് വ്യവസായം കടുത്ത മത്സരം നേരിടുകയും വില്‍പ്പന ഗണ്യമായി കുറയുകയും ചെയ്തതോടെ ഒലിവര്‍ തന്റെ റെസ്റ്റോറന്റുകള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വാങ്ങാന്‍ ആളെക്കിട്ടിയില്ല. ബൈറണ്‍ ബര്‍ഗര്‍, ഗൌര്‍മെറ്റ് ബര്‍ഗര്‍ കിച്ചന്‍ തുടങ്ങിയ റെസ്റ്റോറന്റ് ശൃംഖലകളെല്ലാം സമാനമായ കാരണങ്ങളാല്‍ നേരത്തെ അടച്ചുപൂട്ടിയിരുന്നു.

Share this news

Leave a Reply

%d bloggers like this: