സെന്റ് പാട്രിക് ദിനാഘോഷത്തിന്റെ ആലസ്യത്തില്‍ നിന്ന് മുക്തമാകാതെ അയര്‍ലണ്ട്

ഡബ്‌ളിന്‍: അയര്‍ലന്‍ഡില്‍ സെന്റ് പാട്രിക് ദിനാഘോഷപരിപാടി വര്‍ണാഭമായി. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ആഘോഷത്തിന്റെ ഭാഗമായി സെന്റ് പാട്രിക് പരേഡുകള്‍ നടന്നു. തലസ്ഥാന നഗരമായ ഡബ്‌ളിനില്‍ നടന്ന പരേഡ് വീക്ഷിക്കാന്‍ അഞ്ചു ലക്ഷത്തിലേറെപ്പേരെത്തി. സിറ്റി സെന്ററില്‍ നടന്ന പരേഡില്‍ ആറായിരത്തോളം പേര്‍ അണിനിരന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ അയര്‍ലന്‍ഡ്, ഇന്ത്യ, ജര്‍മനി, അമേരിക്ക, പോളണ്ട്, റുമേനിയ, ഫ്രാന്‍സ്, ഇറ്റലി, തുടങ്ങി ഒട്ടേറെ രാജ്യങ്ങളുടെ പ്രതിനിധികള്‍ പരേഡില്‍ പങ്കെടുത്തു.

മിലിട്ടറി ബാന്‍ഡ്, കുതിരപ്പട, ടാബ്‌ളോകള്‍, ബാന്റുമേളം, തുടങ്ങിയവ വിവിധയിടങ്ങളിലെ ആഘോഷങ്ങള്‍ക്കു മിഴിവേകി. പാമ്പുകളെ രാജ്യത്തുനിന്നു പൂര്‍ണമായും നിഷ്‌കാസനം ചെയ്ത വിശുദ്ധ പാട്രിക് അയര്‍ലന്‍ഡിന്റെ മധ്യസ്ഥനായാണ് അറിയപ്പെടുന്നത്. പരിപാടിയുടെ ഭാഗമായി കാര്‍ണിവലുകള്‍, സംഗീതപരിപാടി,ഡാന്‍സ്,ഡ്രാമ തുടങ്ങിയവ നടന്നു. എഡി 461 മാര്‍ച്ച് 17}ാണു വിശുദ്ധന്‍ മരണമടഞ്ഞത്. എല്ലാ വര്‍ഷവും അന്നേദിവസമാണു ലോകത്തിന്റെ വിവിധയിടങ്ങളില്‍ സെന്റ് പാട്രിക് പരേഡുകള്‍ നടന്നു വരുന്നത്.

സ്‌കോട്‌ലന്‍ഡില്‍ ജനിച്ചുവെന്നു കരുതുന്ന സെന്റ് പാട്രിക് 16-ാം വയസില്‍ അടിമപണിക്കായാണ് അയര്‍ലന്‍ഡിലെത്തിയത്. ഇവിടെ ആട്ടിടയനായ അദ്ദേഹം നിരന്തര പ്രാര്‍ഥനകളില്‍ മുഴുകി. പിന്നീട് സ്വപ്നത്തില്‍ ദൈവസന്ദേശം ലഭിച്ചതനുസരിച്ച് കപ്പല്‍മാര്‍ഗം ബ്രിട്ടനിലേക്ക് രക്ഷപ്പെട്ട് അവിടെ വൈദികപഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ബിഷപ്പായി അയര്‍ലന്‍ഡിലെത്തി രാജ്യത്തുള്ള ജനതയെ മുഴുവന്‍ ക്രിസ്തുമത വിശ്വാസികളാക്കിയെന്നാണു ചരിത്രരേഖകള്‍ വ്യക്തമാക്കുന്നത്. ആദ്യ സെന്റ് പാട്രിക് ദിന പരേഡ് നടന്നത് ന്യൂയോര്‍ക്കിലായിരുന്നു- 1762 മാര്‍ച്ച് 17ന്. തുടര്‍ന്നാണു ലോകത്തിന്റെ മറ്റിടങ്ങളിലും പരേഡ് നടത്താനാരംഭിച്ചത്. യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ, ഏഷ്യ, തുടങ്ങിയ ഇടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് ഇതിന്റെ ഭാഗമായി ആഘോഷപരിപാടികള്‍ നടന്നുവരുന്നത്. ആയിരക്കണക്കിനു വിദേശീയരാണ് എല്ലാ വര്‍ഷവും ആഘോഷങ്ങളില്‍ പങ്കു ചേരാന്‍ അയര്‍ലന്‍ഡിലെത്തുന്നത്. രാജ്യത്തു ഡബ്‌ളിനു പുറമേ കോര്‍ക്ക്, ഗാല്‍വെ, ലിംറിക്, കെറി, കില്‍ക്കി,െ വാട്ടര്‍ഫോര്‍ഡ് തുടങ്ങിയ വിവിധ ഇടങ്ങളിലും ആഘോഷപരിപാടികള്‍ നടന്നു.

ഇന്നലെ നടന്ന സെന്റ് പാട്രിക് ദിനാഘോഷങ്ങളുടെ ആലസ്യത്തില്‍ നിന്ന് നഗരങ്ങളൊന്നും ഇതുവരെ ഉണര്‍ന്നിട്ടില്ല. പ്രധാന നഗരങ്ങളിലെ പ്രാന്തപ്രദേശങ്ങളില്‍ കുപ്പികളും, മാലിന്യങ്ങളും നിറഞ്ഞു കിടക്കുന്നു. കൗണ്‍സില്‍ അധികാരികളുടെ നേതൃത്വത്തില്‍ വൃത്തിയാക്കല്‍ നടപടികള്‍ പുരോഗമിക്കുന്നുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: