സെന്റ് തോമസ് പാസ്റ്ററല്‍ സെന്റര്‍… നന്ദിയോടെ ഡബ്ലിന്‍ സീറോ മലബാര്‍ സഭ.

ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോ മലബാര്‍ വിശ്വാസികളുടെ അഭിമാന നിമിഷമായിരുന്നു സെന്റ് പാസ്റ്ററല്‍ സെന്ററിന്റെ കൂദാശ കര്‍മ്മം. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഡബ്ലിന്‍ അതിരൂപത ആര്‍ച് ബിഷപ്പ് ഡെര്‍മട്ട് മാര്‍ട്ടിന്‍, സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത് എന്നിവരുള്‍പ്പെടെയുള്ള വിശിഷ്ട അതിഥികളെ മുത്തുക്കുടകളുടെയും ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളുടെയും നൂറില്‍പരം അള്‍ത്താരബാലകര്‍ എന്നിവരുടെ അകമ്പടിയോടെ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. തുടര്‍ന്ന് പാസ്റ്ററല്‍ സെന്ററിന് സമീപമുള്ള ഔവര്‍ ലേഡി ഓഫ് ഫാത്തിമ ദേവാലയത്തില്‍ വച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയ്ക്ക് ശേഷമായിരുന്നു കൂദാശ കര്‍മ്മം. ദേവാലയത്തില്‍ വച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ് ഡെര്‍മട്ട് മാര്‍ട്ടിന്‍ , ബിഷപ്പ് സ്റ്റീഫന്‍ സ്റ്റീഫന്‍ ചിറപ്പണത് എന്നിവര്‍ ചേര്‍ന്ന് തിരി തെളിച്ചു.

പാസ്റ്ററല്‍ സെന്ററിന്റെ ഉത്ഘടനകര്മം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നാടമുറിച്ച നിര്‍വഹിച്ചു. സെന്ററില്‍ സ്ഥാപിച്ച ശിലാഫലകം ആര്‍ച്ച്ബിഷപ് ഡെര്മട് മാര്‍ട്ടിന്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന് പാസ്റ്ററല്‍ സെന്ററിലെ വിശുദ്ധ തോമാശ്‌ളീഹായുടെ തിരുസ്വരൂപത്തിന്റെ കൂദാശകര്‍മ്മം ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത് നിര്‍വഹിച്ചു.

ഡബ്ലിന്‍ അതിരൂപത സീറോ മലബാര്‍ സഭയ്ക്ക് നല്‍കിവരുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും കര്‍ദിനാള്‍ നന്ദി പറഞ്ഞു. പാസ്റ്ററല്‍ സെന്റര്‍ ഒരുക്കി തന്നതില്‍ ഡബ്ലിന്‍ അതിരൂപതയോട് ഏറെ കടപ്പെട്ടിരിക്കുന്നതായും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു. പ്രവര്‍ത്തി ദിവസത്തില്‍ ഇത്രയധികം വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയതില്‍ വലിയ സന്തോഷമുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞു. വിശ്വാസത്തില്‍ വളരുവാനും വിശ്വാസം മറ്റുള്ളവര്‍ക്കുപകര്‍ന്ന് നല്‍കുവാനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി തരുന്ന പ്രാദേശിക സഭയോടൊപ്പം വളരണമെന്നും കര്‍ദിനാള്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭാംഗങ്ങളുടെ വിശ്വാസക്രമജീവിതത്തിന് അവസരമൊരുക്കുവാന്‍ ഭാഗമാകുവാന്‍ കഴിഞ്ഞതിലുള്ള സന്തോഷം ഡബ്ലിന്‍ ആര്‍ച്ച്ബിഷപ് ഡെര്‍മോട് മാര്‍ട്ടിന്‍ രേഖപ്പെടുത്തി. അയര്‍ലണ്ടിലെ സീറോ മലബാര്‍ വിശ്വാസികളുടെ സേവനതത്പരതയെയും ആര്‍ച്ച്ബിഷപ് ഡെര്‍മട്ട് മാര്‍ട്ടിന്‍ പുകഴ്ത്തി.

അയര്‌ലണ്ടിലെയ്ക്ക് കുടിയേറിയ സീറോ മലബാര്‍ വിശ്വാസികളുടെ ആരാധന ക്രമ ജീവിതത്തിന് ആവശ്യമായതെല്ലാം ഒരുക്കിത്തരുന്ന ഡബ്ലിന്‍ അതിരൂപതയ്ക്ക് ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത് നന്ദി പറഞ്ഞു. സീറോ മലബാര്‍ സഭയുടെ ചരിത്രവും അയര്‍ലണ്ടിലെ പ്രവര്‍ത്തങ്ങളും ഉള്‍പ്പെടുത്തിയുള്ള വിഡിയോ പ്രദര്‍ശനത്തോടെ ആരംഭിച്ച പൊതുസമ്മേളനത്തിന് ഫാ.ക്ലെമെന്റ് പാടത്തിപ്പറമ്പില്‍ സ്വാഗതം പറഞ്ഞു. അയര്‍ലണ്ട് കോഡിനേറ്റര്‍ മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായന്‍ നന്ദി പറഞ്ഞു. അയര്‌ലണ്ടിലെത്തിയ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കും ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്തിനുമുള്ള സ്‌നേഹോപഹാരം ബിഷപ്പ് ഡെര്‍മട്ട് മാര്‍ട്ടിന്‍ സമ്മാനിച്ചു. അയര്‍ലണ്ടിലെ വിശ്വാസസമൂഹത്തോടുള്ള സ്‌നേഹത്തെ പ്രതി തിരക്കിനിടയിലും ഡബ്ലിനില്‍ എത്തിച്ചേര്‍ന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കുള്ള സ്‌നേഹോപഹാരം സെക്രട്ടറി ജോണ്‍സന്‍ ചക്കാലയ്ക്കല്‍, കൈക്കാരന്‍ ടിബി മാത്യു എന്നിവര്‍ ചേര്‍ന്ന് നല്‍കി. അപ്പസ്റ്റോലിക് വിസിറ്റേഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. ചെറിയാന്‍ വാരികാട്ടും പരിപാടികളില്‍ സംബന്ധിച്ചു.

പാസ്റ്ററല്‍ സെന്ററല്‍ നവീകരണത്തിന് നേതൃത്വം നല്‍കിയ ഡബ്ലിന്‍ അതിരൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ പോള്‍ കല്ലന്‍, ജോണ്‍, ജിമ്മി എന്നിവരെയും സീറോ മലബാര്‍ സഭ ആദരിച്ചു. പാസ്റ്ററല്‍ സെന്ററിന്റെ പ്രാരംഭ പ്രവര്‍ത്തങ്ങള്‍ക്ക് നേത്രത്വം നല്‍കിയ ഫാ. ജോസ് ഭരണികുളങ്ങര, വിവിധ ഇടവകകളില്‍ നിന്നും എത്തിയ ഐറിഷ് വൈദികര്‍, സിസ്റ്റേഴ്‌സ്, അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ മലയാളി വൈദികര്‍, മറ്റ് സന്യസ്ത സഭയിലെ മലയാളി വൈദികര്‍, സിസ്റ്റേഴ്‌സ്, സഭായോഗം അംഗങ്ങള്‍, കഴിഞ്ഞ കുറെ മാസങ്ങളായി പാസ്റ്ററല്‍ സെന്ററിന്റെ നവീകരണത്തിനായി സഹായിച്ച സോണല്‍ കമ്മറ്റി, മാസ്സ് സെന്റര്‍ ഭാരവാഹികള്‍, മറ്റ് വ്യക്തികള്‍ എന്നിവര്‍ നല്‍കിയ അകമഴിഞ്ഞ സന്നദ്ധ പ്രവര്‍ത്തങ്ങള്‍ക്കും സേവനങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും സീറോ മലബാര്‍ സഭയ്ക്കു വേണ്ടി മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായന്‍ നന്ദി പറഞ്ഞു. പാസ്റ്ററല്‍ സെന്ററിന്റെ ഉത്ഘടനവും വെഞ്ചിരിപ്പും തത്സമയം ലോകം മുഴുവനും എത്തിച്ച ശാലോം ടീവിയ്ക്കും സീറോ മലബാര്‍ സഭ നന്ദി രേഖപ്പെടുത്തി.

പാസ്റ്ററല്‍ സെന്ററിന്റെ ഉത്ഘാടനത്തിനും വെഞ്ചിരിപ്പിനും ഫാ.ക്ലെമെന്റ് പാടത്തിപ്പറമ്പില്‍, ഫാ. രാജേഷ് മേച്ചിറകത്ത്, സോണല്‍ കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിച്ചത്.

Share this news

Leave a Reply

%d bloggers like this: