‘സെക്‌സ് സ്‌ട്രൈക്കി’ന് ആഹ്വാനവുമായി ഹോളിവുഡ് നടി അലീസ മിലാനോ…

മീടു വിപ്ലവത്തിനു ശേഷം സമൂഹമാധ്യമങ്ങളില്‍ മറ്റൊരു കൊടുങ്കാറ്റുയര്‍ത്തിയിരിക്കുകയാണ് പ്രമുഖ ഹോളിവുഡ് നടി അലീസ മിലാനോ. യുഎസിലെ റിപ്പബ്ലിക്കന്‍ നിയന്ത്രിത സംസ്ഥാന നിയമസഭകള്‍ പാസാക്കിയ കര്‍ശനമായ ഗര്‍ഭഛിദ്ര നിയമങ്ങള്‍ക്കെതിരെയാണ് താരം രംഗത്തുവന്നിരിക്കുന്നത്. നിയമത്തിനെതിരെ സ്ത്രീകളോട് ‘സെക്‌സ് സ്‌ട്രൈക്ക്’ നടത്താന്‍ അവര്‍ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. ‘നമ്മുടെ ശരിരത്തിന്മേല്‍ നമുക്ക് പൂര്‍ണ്ണമായ അവകാശം ലഭിക്കുന്നതുവരെ’ ലൈംഗീക ബന്ധത്തില്‍ നിന്നും വിട്ടുനില്ക്കാന്‍ സ്ത്രീകള്‍ തയ്യാറാവണമെന്ന് അവര്‍ ആഹ്വാനം ചെയ്യുന്നു.

ഗര്‍ഭച്ഛിദ്രം നിരോധിച്ചുകൊണ്ട് ജോജ്ജിയയാണ് ഏറ്റവും ഒടുവില്‍ നിയമം പാസാക്കിയിരിക്കുന്നത്. ഈ നിയമം കൊണ്ടുവരുന്ന യുഎസിലെ നാലാമത്തെ സംസ്ഥാനമാണ് ജോര്‍ജ്ജിയ. ഗര്‍ഭധാരണം നടന്ന് ആറാഴ്ച കഴിഞ്ഞാല്‍ ഗര്‍ഭഛിദ്രം നടത്താന്‍ പാടില്ല എന്നതാണ് നിയമം. എന്നാല്‍, പലരിലും ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിക്കാന്‍ തന്നെ ആറാഴ്ചത്തോളം സമയമെടുക്കും എന്നാണ് പറയപ്പെടുന്നത്. ‘നമ്മുടെ രാജ്യത്തെ സ്ഥിതിഗതികള്‍ എത്രമാത്രം ഗുരുതരമാണെന്ന് നമ്മള്‍ മനസ്സിലാക്കണം’, മിലാനോ പറഞ്ഞു. ‘നമ്മുടെ സ്വന്തം ശരീരത്തെ നമുക്കു നിയന്ത്രിക്കാനാകണമെന്നും അതിനെ എങ്ങനെ ഉപയോഗിക്കാന്‍ കഴിയുമെന്ന് സമൂഹത്തെ ഓര്‍മ്മപ്പെടുത്തണമെന്നും’ അലീസ മിലാനോ ആഹ്വാനം ചെയ്യുന്നു.

രാഷ്ട്രീയപരിവര്‍ത്തനത്തിനായി സ്ത്രീകള്‍ മുന്‍പും ‘സെക്‌സ് സ്‌ട്രൈക്ക്’ നടത്തിയിട്ടുണ്ടെന്നും മിലാനോ ചൂണ്ടിക്കാണിക്കുന്നു. 1600-കളില്‍ ക്രമരഹിതമായ യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ഇറോക്വൂവിസ് സ്ത്രീകള്‍ കണ്ടെത്തിയ മാര്‍ഗ്ഗം ലൈംഗിക ബന്ധത്തില്‍ നിന്നും വിട്ടുനില്ക്കുക എന്നതായിരുന്നു. 2003-ല്‍, ലൈബീരിയന്‍ സ്ത്രീകളും ദീര്‍ഘകാലമായി തുടരുന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ‘സെക്‌സ് സ്‌ട്രൈക്ക്’ നടത്തിയിരുന്നു. ‘അതുകൊണ്ട് നമ്മുടെ ശരീരത്തിന്റെ അവകാശങ്ങള്‍ക്കുമേല്‍ പ്രഖ്യാപിച്ച യുദ്ധത്തിനെതിരെ നാം ഒരുമിക്കണം’ എന്ന് മിലാനോ ആഹ്വാനം ചെയ്യുന്നു.

മിലാനോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തുവരുന്നുണ്ട്. പ്രമുഖ നടി ബെറ്റെ മിഡ്‌ലറും മിലാനോയുടെ ആഹ്വാനം ഏറ്റെടുത്തു. എന്നാല്‍ ലിബറലുകള്‍ ഈ ആശയത്തെ നിശിതമായി വിമര്‍ശിക്കുകയാണ്. പുരുഷനെ പ്രീതിപ്പെടുത്താനുള്ള ഉപകരണം മാത്രമാണ് സ്ത്രീയെന്ന തെറ്റായ സന്ദേശമാണ് ഈ ആഹ്വാനം സമൂഹത്തിന് നല്‍കുന്നതെന്നാണ് അവരുടെ വാദം. എന്നാല്‍ ബാലിശമായ വിമര്‍ശനങ്ങളെയൊന്നും താന്‍ മുഖവിലക്കെടുക്കുന്നില്ലെന്നും, ഇതുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍കൊണ്ട് എന്താണോ ഉദ്ദേശിച്ചത് അത് നടക്കുന്നുണ്ടെന്നും അവര്‍ തിരിച്ചടിക്കുന്നു.

Share this news

Leave a Reply

%d bloggers like this: