സൂപ്പര്‍മാര്‍ക്കറ്റ് ആല്‍ഡിയുടെ പേരില്‍ വ്യാജ വൗച്ചര്‍ സന്ദേശം; തട്ടിപ്പിനെതിരെ കരുതിയിരിക്കാന്‍ കമ്പനി

ഡബ്ലിന്‍ : വാട്‌സ് ആപ്പിലൂടെ വ്യാജ വൗച്ചറുകള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ആല്‍ഡി സൂപ്പര്‍മാര്‍ക്കറ്റ്. ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കമ്പനി ട്വിറ്ററിലൂടെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. വാട്ട്‌സ്ആപ്പ് ഗ്രുപ്പുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന തങ്ങളുടെ പേരിലുള്ള വൗച്ചര്‍ മത്സരത്തില്‍ പങ്കെടുക്കരുതെന്ന് ആല്‍ഡി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഇതിലൂടെ ഉപയോക്താക്കളെ കുടുക്കി സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

തങ്ങളുടെ അന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആല്‍ഡി സൂപ്പര്‍മാര്‍ക്കറ്റ് പ്രത്യേക വൗച്ചര്‍ നല്‍കുന്നുവെന്നും, സമ്മാനം ലഭിക്കുന്നതിന് ഇതിനൊപ്പമുള്ള ഓണ്‍ലൈന്‍ സര്‍വെ സംബന്ധിച്ച ഒരു ലിങ്കില്‍ ക്ലിക്കുചെയ്യാന്‍ സന്ദേശം ആവശ്യപ്പെടുന്നു. അങ്ങനെ ചെയ്യുന്നവര്‍ക്ക് 125 യൂറോയുടെ ഷോപ്പിംഗ് വൗച്ചര്‍ ലഭിക്കുമെന്നാണ് വാഗ്ദാനം. ഇത്തരത്തിലൊരു ലിങ്ക് ലഭിച്ചാല്‍ അതില്‍ ക്ലിക്ക് ചെയ്യുകയോ ഏതെങ്കിലും വ്യക്തിഗത വിവരങ്ങളൊന്നും ചേര്‍ക്കുകയോ ചെയ്യരുതെന്ന് കമ്പനി അറിയിച്ചു. ‘ഈ ഓഫര്‍ വഞ്ചനയാണ്, ഞങ്ങളുടെ സ്റ്റോറുകളിലൂടെ ഈ വൗച്ചറുകള്‍ റെഡീം ചെയ്യാനാകില്ല’ – ആല്‍ഡി സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ പ്രസ്താവനയില്‍ പറയുന്നു.

ആല്‍ഡിയുടെ പണമിടപാടുകാരില്‍ നിന്നും പണം തട്ടിയെടുക്കാനുള്ള ഇത്തരം സന്ദേശങ്ങള്‍ അവഗണിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം സന്ദേശങ്ങള്‍ വന്നാല്‍, അപ്പോള്‍ തന്നെ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യേണ്ടതാണ്. സ്മിഷിങ് എന്നറിയപ്പെടുന്ന ഇത്തരം തട്ടിപ്പുകള്‍ മാര്‍ക്‌സ്, സ്‌പെന്‍സര്‍, ടെസ്‌കോ, സൂപ്പര്‍ വാല്യൂ തുടങ്ങിയ റീട്ടെയില്‍ സ്റ്റോറുകളുടെ പേരിലും മുന്‍പ് പ്രചരിച്ചിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: