സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയ്ക്കെതിരായ ലൈംഗിക പീഡന ആരോപണത്തിന് ഒന്നരക്കോടി രൂപ വാഗ്ദാനം: സുപ്രീം കോടതി അഭിഭാഷകന്‍ ഉത്സവ് ബെയ്ന്‍സ്…

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയ്ക്കെതിരായ ലൈംഗിക പീഡന ആരോപണം വിവാദമായിരിക്കെ, ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിക്കാന്‍ തനിക്ക് ഒന്നരക്കോടി രൂപ വാഗ്ദാനം ചെയ്തതായി സുപ്രീം കോടതി അഭിഭാഷകന്‍ ഉത്സവ് ബെയ്ന്‍സ്. ലൈംഗിക പീഡന ആരോപണം ചീഫ് ജസ്റ്റിസിനെ പുറത്താക്കാനുള്ള ഗൂഢാലോചനയാണ്. പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിക്കാനാണ് തനിക്ക് പണം വാഗ്ദാനം ചെയ്തത് ഉത്സവ് ബെയ്ന്‍സ് പറയുന്നു.

ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ സുപ്രീം കോടതി മുന്‍ ജൂനിയര്‍ അക്കൗണ്ടന്റിന് വേണ്ടി കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഉത്സവ് ഇക്കാര്യം പറയുന്നത്. കുപ്രസിദ്ധ ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരായ ബലാത്സംഗ കേസില്‍ ഇരയ്ക്ക് വേണ്ടി ഉത്സവ് ബെയ്ന്‍സ് ഹാജരായിരുന്നു. ചീഫ് ജസ്റ്റിസിനെതിരായ പരാതി നല്‍കിയ യുവതിയുടെ ബന്ധുവാണ് എന്ന് പരിചയപ്പെടുത്തിയ വ്യക്തി ആദ്യം ലീഗല്‍ ഫീസ് ആയി 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. പിന്നീട് ഒന്നരക്കോടിയായി തുക ഉയര്‍ത്തി. ഉത്സവ് പരാതി സംബന്ധിച്ച് വിവരങ്ങള്‍ തേടിയപ്പോള്‍ ഇത് ചീഫ് ജസ്റ്റിസിനെ പുറത്താക്കാനുള്ള ഗൂഢാലോചന എന്നാണ് മനസിലായത്.

ചീഫ് ജസ്റ്റിസിന്റെ വസതിയിലെത്തി അദ്ദേഹത്തിന്റെ സ്റ്റാഫിനെ കണ്ട് കൈക്കൂലി വാഗ്ദാനം അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഈ സമയം അവിടെ ഉണ്ടായിരുന്നില്ല. ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന സംബന്ധിച്ച് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഉണ്ടെന്ന് തെളിയിച്ചാല്‍ അഭിഭാഷകവൃത്തി അവസാനിപ്പിക്കുമെന്നും ഉത്സവ് ബെയ്ന്‍സ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: