സുപ്രിംകോടതി വിധി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി; സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷിയോഗം സമവായത്തിലെത്താതെ പിരിഞ്ഞു

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷിയോഗം സമവായത്തിലെത്താതെ പിരിഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം വിളിച്ചു ചേര്‍ത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, പിസി ജോര്‍ജ് ഉള്‍പ്പടെയുള്ള വിവിധ കക്ഷികളുടെ നേതാക്കള്‍ എത്തിയിരുന്നു.

എന്നാല്‍ ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനത്തിലെത്താല്‍ സര്‍വ്വകക്ഷി യോഗത്തിന് കഴിഞ്ഞില്ല. സര്‍ക്കാരും പ്രതിപക്ഷവും ബിജെപിയും അവരവരുടെ നിലപാടുകളില്‍ ഉറച്ചു നിന്നതോടെ യോഗം അലസിപ്പിരിഞ്ഞു. പ്രതിപക്ഷം ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി. സര്‍ക്കാര്‍ തുടക്കം മുതല്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ചെയ്തത് എന്നും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകത്തതിനാലാണ് യോഗം ബഹികരിച്ചത് എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിയും സര്‍വ്വകക്ഷിയോഗം ബഹിഷ്‌കരിച്ചു. സര്‍ക്കാര്‍ യോഗം വെറും പ്രഹസനമാക്കിയെന്നും സര്‍വ്വകക്ഷിയോഗത്തിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയത് എകെജി സെന്ററില്‍ നിന്നാണെന്നും യോഗം ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയ ശ്രീധരന്‍ പിള്ള പ്രതികരിച്ചു.

എന്നാല്‍ കോടതി വിധി സ്റ്റേ ചെയ്യാത്തിടത്തോളം നിലവിലുള്ള വിധി നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ള പോംവഴിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. മൗലികാവകാശവും ഭരണഘടനയുമല്ല വിശ്വാസമാണ് വലുതെന്ന് നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു മുന്‍വിധിയും ഇല്ല. കോടതി പറഞ്ഞത് നടപ്പാക്കുക മാത്രമാണ് ചെയ്തത്. നാളെ കോടതി മറ്റൊന്ന് പറഞ്ഞാല്‍ അതാകും സര്‍ക്കാര്‍ നടപ്പാക്കുക. ഇക്കാര്യത്തില്‍ യാതൊരു ദുര്‍വാശിയും സര്‍ക്കാരിനില്ല. നിയമവാഴ്ച നടപ്പാക്കുന്നു എന്നേയുള്ളൂ.

വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കുക എന്നത് തന്നെയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം. യുവതീ പ്രവേശന വിഷയത്തില്‍ ഒരു ക്രമീകരണം ഉണ്ടാക്കാം എന്നാണ് സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗത്തില്‍ പറഞ്ഞത്. എന്നാല്‍ യോഗം കഴിഞ്ഞപ്പോള്‍ പ്രതിപക്ഷവും ബിജെപിയും പ്രതിഷേധിക്കുന്നുവെന്നും ഇറങ്ങിപ്പോകുന്നുവെന്നും പ്രഖ്യാപിച്ചു. ഇരുകൂട്ടരുടേയും നിലപാട് സമാനമായിരുന്നു. വിധിയുടെ തുടര്‍നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ സര്‍ക്കാരില്ല. പ്രതിപക്ഷത്തിനും ബിജെപിക്കും നല്ല ബുദ്ധി ഉദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: