സീമാസ് ഇരിക്കല്‍ സമരം: സമര നേതാക്കളെ പുറത്താക്കിയില്ലെങ്കില്‍ സ്ഥാപനം പൂട്ടുമെന്ന് ഉടമ; എങ്കില്‍ മറ്റു ശാഖകളിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് തോമസ് ഐസക്

 
ആലപ്പുഴ: മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് ആലപ്പുഴ സീമാസിലെ ജീവനക്കാര്‍ നടത്തുന്ന സമരത്തിന് സോഷ്യല്‍ മീഡിയിയില്‍നിന്ന് അടക്കം പിന്തുണയേറുന്നു. തൃശൂര്‍ കല്യാണ്‍ സാരീസിന് പിന്നാലെ നടക്കുന്ന സമരത്തിന് പിന്തുണയേകി വിവിധ സംഘടനകളും മുന്നോട്ടുവരുന്നുണ്ട്. സമര നേതാക്കളെ പുറത്താക്കിയാലേ സ്ഥാപനം തുറക്കൂവെന്നും ഇല്ലെങ്കില്‍ അടച്ചുപൂട്ടുക തന്നെ ചെയ്യുമെന്നാണ് സ്ഥാപന ഉടമയുടെ ഇപ്പോഴത്തെ നിലപാടെന്ന് സിപിഐഎം ആരോപിച്ചു. അങ്ങനെയെങ്കില്‍ സമരം മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന മുന്നറിയിപ്പ് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് എംഎല്‍എ നല്‍കി. പിടിവാശി കളഞ്ഞ് ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാണ് നല്ലതെന്നും ഐസക് വ്യക്തമാക്കി.

തൊഴിലാളി യൂണിയനില്‍ ചേര്‍ന്നതിന്റെ പേരില്‍ പുറത്താക്കിയ 13 ജീവനക്കാരെ തിരിച്ചെടുക്കുക, ഇരിക്കാന്‍ അനുവദിക്കുക, ജോലിസമയം എട്ടുമണിക്കൂറാക്കുക, ഹോസ്റ്റല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, 7200 രൂപയില്‍ നിന്നും ശമ്പളം വര്‍ധിപ്പിക്കുക, ജീവനക്കാരെ അന്യായമായി സ്ഥലംമാറ്റുന്നത് നിര്‍ത്തലാക്കുക, ജീവനക്കാരോടുളള മാനേജ്‌മെന്റിന്റെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സീമാസ് ടെക്സ്റ്റയില്‍സിലെ 64 വനിതാ ജീവനക്കാര്‍ സിഐടിയുവിന്റെ പിന്തുണയുളള ഇന്‍ഡ്രസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്‌സല്‍ എംപ്ലോയിസ് യൂണിയന്റെ നേതൃത്വത്തില്‍ ഇരിക്കല്‍ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.

ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രശ്‌നപരിഹാരത്തിന് തയ്യാറാവത്തെ മാനേജുമെന്റിനോടുള്ള തോമസ് ഐസകിന്റെ പ്രതികരണം ഇങ്ങനെ

ആലപ്പുഴ സീമാസ് അടച്ചുപൂട്ടാനാണത്രേ മുതലാളിയുടെ ചിന്ത. തുറക്കണമെങ്കില്‍ സമരനേതാക്കളെ പുറത്താക്കണം പോലും. ഇതു കേട്ടതു മുതല്‍ ആലപ്പുഴക്കാര്‍ക്ക് ഇനി തുണിയുടുക്കാന്‍ പറ്റാതെ വരുമോ ആശങ്കയിലാണ് സ്ഥലം എംഎല്‍എയായ ഞാന്‍! സീമാസ് പൂട്ടുകയല്ലേ?

പൂട്ടിയാല്‍പ്പിന്നെ സമരസഖാക്കള്‍ ആലപ്പുഴയില്‍ കുത്തിയിരിക്കേണ്ട കാര്യമില്ലല്ലോ. അവരെല്ലാം കൂടി ഏറ്റവും അടുത്ത സീമാസ് ശാഖയുടെ മുന്നിലേയ്ക്കു വരാം. സ്ത്രീകള്‍ ഒറ്റയ്ക്കാവില്ല. കൂടെ ഞങ്ങളുമുണ്ടാകും. സമരം മറ്റുളളിടങ്ങളിലേയ്ക്കു കൂടി വ്യാപിപ്പിക്കണോ എന്ന് സീമാസ് മുതലാളി ചിന്തിക്കുക. പിടിവാശി കളഞ്ഞ് ചര്‍ച്ചയിലൂടെ ഒരൊത്തുതീര്‍പ്പിലെത്തുകയാണ് നമുക്കെല്ലാവര്‍ക്കും നന്ന്.

ജീവനക്കാര്‍ സംഘടിച്ചതിന്റെ പേരില്‍ ഇത്ര പരാക്രമമെന്തിന്? ചേമ്പറുകളിലായും വ്യാപാരി വ്യവസായി സംഘടനകളിലായും കേരളത്തിലെ വ്യാപാരികള്‍ സുസംഘടിതരാണ്. സമരങ്ങളും നടത്താറുണ്ട്. ധനമന്ത്രിയെന്ന നിലയില്‍ ഞാന്‍ ഏറ്റവും സൗഹാര്‍ദ്ദപരമായ സമീപനമാണ് ഈ സംഘടനകളോട് സ്വീകരിച്ചു പോന്നിട്ടുളളത്. സംഘടിക്കാനും സമരം ചെയ്യാനും വിലപേശാനുമുളള അവകാശങ്ങള്‍ വ്യാപാരികള്‍ക്കുമുണ്ട്.

എന്നാല്‍ ഈ അവകാശം തങ്ങളുടെ കീഴില്‍ പണിയെടുക്കുന്ന പാവങ്ങള്‍ക്കു പാടില്ല എന്നു പറയുന്നതിലെ വിരോധാഭാസം സീമാസ് മുതലാളിയ്ക്ക് മനസിലായില്ലെങ്കിലും വ്യാപാരി വ്യവസായി സംഘടനകള്‍ മനസിലാക്കണം.

അതുകൊണ്ട്, സംഘടിക്കാന്‍ നേതൃത്വം നല്‍കിയവരെ പുറത്താക്കണമെന്ന ശാഠ്യം ഉപേക്ഷിച്ച് സമരം ചെയ്യുന്നവര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയാണ് വേണ്ടത്. യുക്തിയുടെ ശക്തിയ്ക്കു മുന്നില്‍ വഴങ്ങുന്നില്ലെങ്കില്‍, ശക്തിയുടെ യുക്തിയ്ക്കു മുന്നില്‍ വഴങ്ങേണ്ടി വരും.

-എജെ-

Share this news

Leave a Reply

%d bloggers like this: