സിസ്റ്റര്‍ ലൂസി നല്‍കിയ അപ്പീല്‍ തള്ളി വത്തിക്കാന്‍

വയനാട് : സിസ്റ്റര്‍ ലൂസി കുളപ്പുരക്കല്‍ സഭയില്‍ നിന്നും പുറത്താക്കിയതിനെതിരെ വത്തിക്കാനില്‍ നല്‍കിയ അപ്പീല്‍ തള്ളി. സഭാചട്ടം ലംഘിച്ചെന്ന് കാട്ടി വത്തിക്കാനില്‍ നിന്നുള്ള മറുപടിക്കത്ത് മഠം അധികൃതര്‍ ഒപ്പിട്ട് വാങ്ങി. അതേസമയം എന്തുവന്നാലും മഠത്തില്‍ നിന്ന് ഇറങ്ങില്ലെന്നും പൗരസ്ത്യ തിരുസംഘത്തിന് മുകളിലുള്ളവര്‍ക്ക് അപ്പീല്‍ നല്‍കുമെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു. പതിനൊന്ന് കാരണങ്ങളാണ് സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍ തള്ളാനായി കത്തില്‍ അക്കമിട്ട് നിരത്തിയിരിക്കുന്നത്. ലത്തീന്‍ ഭാഷയിലുള്ള കത്ത് ഇന്ന് രാവിലെ സിസ്റ്റര്‍ ലൂസി താമസിക്കുന്ന മഠത്തില്‍ എത്തി. മഠം അധികൃതര്‍ കത്ത് ഒപ്പിട്ടു വാങ്ങുകയും ചെയ്തു.

എന്നാല്‍ ഈ കത്ത് പഠിക്കണമെന്നും പരിശോധിച്ച ശേഷം ഉടന്‍ തന്നെ അപ്പീല്‍ നല്‍കുമെന്നുമാണ് സിസ്റ്റര്‍ ലൂസി പറയുന്നത്. പൗരസ്ത്യ തിരുസംഘത്തിന് മുകളിലുള്ളവര്‍ക്ക് അപ്പീല്‍ നല്‍കാനാണ് തീരുമാനം. എന്തുവന്നാലും മഠം വിട്ട് താന്‍ പുറത്തേക്കിറങ്ങാന്‍ തയ്യാറല്ല എന്നുമാണ് സിസ്റ്ററുടെ നിലപാട്. ഒരു ഫോണ്‍കോളില്‍ പോലും തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ സഭ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ തനിക്ക് മഠത്തില്‍ തുടരാന്‍ അവകാശമുണ്ടെന്നാണ് സിസ്റ്ററുടെ വാദം. തന്റെ ഭാഗം കേള്‍ക്കാതെയുള്ള നടപടി അംഗീകരിക്കില്ലെന്ന് കാട്ടിയാണ് സിസ്റ്റര്‍ വത്തിക്കാന് അപ്പീല്‍ നല്‍കിയത്.

ഫാദര്‍ ഫ്രാങ്കോ മുളക്കലിന്റെ കേസുമായി ബന്ധപ്പെട്ടാണ് സിസ്റ്റര്‍ ലൂസിയുടെ പേരും സജീവമാകുന്നത്. ഈ കേസിലെ ഇരയ്ക്ക് പിന്തുണപ്രഖ്യാപിച്ചതോടെയാണ് തനിക്കെതിരെ മഠം രംഗത്ത് വന്നത് എന്നായിരുന്നു ലൂസിയുടെ ആരോപണം. എന്നാല്‍ അതിനുമുമ്പും ലൂസി സഭാചട്ടം ലങ്കിച്ചെന്നാണ് സഭ പറയുന്നത്. കന്യാസ്ത്രീ മഠത്തില്‍ ചേരുമ്പോള്‍ അതിനോടൊപ്പം ചില നിബന്ധനകളും പാലിക്കേണ്ടതുണ്ട്. എന്നാല്‍ ലൂസി സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് ഇടപെടുന്നത് എന്നാണ് സഭയുടെ ആരോപണം.

Share this news

Leave a Reply

%d bloggers like this: