സിസ്റ്റര്‍ പാസ്‌കലിനു ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആദരാഞ്ജലികള്‍

ഡബ്ലിന്‍: ഇന്‍ഡ്യയിലെ തെരുവോരങ്ങളില്‍ കഴിയുന്ന അശരണര്‍ക്കായി ജീവിതത്തിന്റെ സിംഹഭാഗവും ഉഴിഞ്ഞുവച്ച് തൊണ്ണൂറ്റി ഒന്‍പതാം വയസില്‍ ദൈവസന്നിധിയിലേയ്ക്ക് യാത്രയായ ഐറീഷ് സിസ്റ്റര്‍ പാസ്‌കലിനു ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആദരാഞ്ജലികള്‍. ഇന്ന് വൈകിട്ട് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ഡബ്ലിന്‍ സീറോ മലബാര്‍ സഭാ കോര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പില്‍ നേതൃത്വം നല്‍കി. ഫാ.റോയ് വട്ടക്കാട്ടും സഭാ പ്രതിനിധികളും സംബന്ധിച്ചു.

പാവപ്പെട്ടവരിലും നിരാംലബലരിലും ക്രിസ്തുവിനെ കണ്ട് മറ്റൊരു മദര്‍ തെരേസയായി വിശുദ്ധ ജീവിതം നയിച്ച സിസ്റ്റര്‍ നവംബര്‍ ഒന്നിനാണ് നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടത്. പ്രസന്റേഷന്‍ സഭാംഗമായിരുന്ന സിസ്റ്റര്‍ പാസ്‌കല്‍ നീണ്ട 45 വര്‍ഷക്കാലം കല്‍ക്കട്ടയില്‍ ജീവിച്ച് നിരവധി അനാഥാലയങ്ങള്‍ നിര്‍മ്മിക്കുകയും അവിടുത്തെ കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കി അവരെ ജീവിതത്തിലേക്ക് കൈയടിച്ചുയര്‍ത്തുകയും ചെയ്തു. മദര്‍ തെരേസയോടോപ്പം പ്രവര്‍ത്തിച്ചിട്ടുള്ള സിസ്റ്റര്‍ പാസ്‌കര്‍ല്‍ കേരളവും സന്ദര്‍ശിച്ചിരുന്നു. ഏറെക്കാലം ലൂക്കനില്‍ താമസിച്ച സിസ്റ്റര്‍ ലൂക്കന്‍ സീറോ മലബാര്‍ വിശ്വാസ സമൂഹത്തിന് ഏറെ പ്രിയങ്കരിയും സുപരിചതയുമായിരുന്നു.

കഴിഞ്ഞ 4 വര്‍ഷമായി ഡബ്ലിനിലെ കോണ്‍വെന്റില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു സിസ്റ്റര്‍. ഇന്ത്യയെയും ഇന്ത്യക്കാരെയും ഏറെ സ്‌നേഹിച്ചിരുന്ന സിസ്റ്റര്‍ ഇന്ത്യക്കാര്‍ ഏറെയുള്ള ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ തന്നെ തന്റെ ശവസംസ്‌കാര ശുശ്രൂഷ നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു. സിസ്റ്ററിന്റെ സംസ്‌കാരം ഇന്ന് (നവംബര്‍ 5 ന്) രാവിലെ11ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി പള്ളിയിലെ പ്രാര്‍ഥനകള്‍ക്ക് ശേഷം നടക്കും.

Share this news

Leave a Reply

%d bloggers like this: