സിസ്റ്റര്‍ റാണി മരിയ ഇനി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

 

ഇന്തോറില്‍നിന്ന് അമ്പതു കിലോമീറ്ററോളം അകലെ ഉദയ് നഗറില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ റാണി മരിയയെ ഇന്ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു വനിതാ രക്തസാക്ഷി വാഴ്ത്തപ്പെടുന്നത്. ഇന്തോര്‍ സെയ്ന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിനു സമീപത്തെ സെയ്ന്റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ചടങ്ങ്. രാവിലെ പത്തിന് വാഴ്ത്തപ്പെട്ട രക്തസാക്ഷിപദവി പ്രഖ്യാപനച്ചടങ്ങുകള്‍ ആരംഭിച്ചു. കഴിഞ്ഞ മാര്‍ച്ച് 23-ന് വത്തിക്കാന്‍ ഇത് അംഗീകരിച്ചെങ്കിലും പ്രഖ്യാപനം വന്നത് ഇന്നാണ്.

പള്ളിമണികള്‍ മുഴക്കി കരഘോഷം ഉയര്‍ത്തിയാണ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തിലെ കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോയുടെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിക്കിടയിലായിരുന്നു പ്രഖ്യാപനം. സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയാക്കി ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്പന, കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോ ലത്തീന്‍ ഭാഷയിലും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇംഗ്ലീഷിലും വായിച്ചു. റാഞ്ചി ആര്‍ച്ച്ബിഷപ് ഡോ. ടെലസ്ഫോര്‍ ടോപ്പോ പ്രഖ്യാപനം ഹിന്ദിയില്‍ പരിഭാഷപ്പെടുത്തി. തുടര്‍ന്ന് വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ ശില്പം, തിരുശേഷിപ്പ്, ഛായാചിത്രം എന്നിവയേന്തിയായിരുന്നു അള്‍ത്താരയിലേക്കു പ്രദക്ഷിണം.

സി.ബി.സി.ഐ. പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, മുംബൈ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബറ്റിസ്റ്റ ദിക്കാത്രോ, ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍ എന്നിവര്‍ ദിവ്യബലിയില്‍ മുഖ്യസഹകാര്‍മികത്വം വഹിച്ചു. രാജ്യത്തിനകത്തും പുറത്തുനിന്നുമായി അമ്പതോളം മെത്രാന്മാര്‍ ശുശ്രൂഷകളില്‍ പങ്കെടുത്തു.

സിസ്റ്റര്‍ റാണി മരിയയുടെ കബറിടമുള്ള ഉദയ്നഗര്‍ സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ അഞ്ചിനു രാവിലെ പത്തിന് ഉദയ്നഗറില്‍ കൃതജ്ഞതാബലിക്ക് വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബറ്റിസ്റ്റ ദിക്കാത്രോ മുഖ്യകാര്‍മികത്വം വഹിച്ചു. കേരളത്തില്‍നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും മെത്രാന്മാര്‍, വൈദികര്‍, സമര്‍പ്പിതര്‍, അല്‍മായര്‍ തുടങ്ങി 12,000 പേര്‍ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പദവി പ്രഖ്യാപന ചടങ്ങുകളില്‍ പങ്കെടുക്കാനെത്തി.

എറണാകുളം അങ്കമാലി അതിരൂപതയിലെ പുല്ലുവഴി ഇടവകാംഗമാണ് സിസ്റ്റര്‍ റാണി മരിയ. ബിജ്നോര്‍, സത്ന, ഇന്തോര്‍ രൂപതകളില്‍ അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1995 ഫെബ്രുവരി 25-ന് ആണ് ഒരു വാടകക്കൊലയാളി സിസ്റ്റര്‍ റാണി മരിയയെ കൊല്ലുന്നത്.

എ എം

 

Share this news

Leave a Reply

%d bloggers like this: