സിസ്റ്റര്‍ അമല വധക്കേസ്:കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന മണ്‍വെട്ടി കണ്ടെടുത്തു

 
കോട്ടയം: സിസ്റ്റര്‍ അമല വധക്കേസില്‍ നിര്‍ണായക വഴിത്തിരിവായേക്കാവുന്ന മണ്‍വെട്ടി കണ്ടെത്തി. അമലയുടെ തലയ്ക്ക് പിന്നില്‍ കട്ടിയുള്ള വസ്തുകൊണ്ട് ശക്തമായ അടി കിട്ടിയിരുന്നെന്നും ഇതിന്റെ ആഘാതത്തിലാണ് മരണം സംഭവിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള കട്ടിയുള്ള വസ്തു ഈ മണ്‍വെട്ടിയാണെന്നാണ് പൊലീസ് കരുതുന്നത്.

കോണ്‍വെന്റിലെ സ്‌റ്റെയര്‍കെയ്‌സിന് അടിയില്‍നിന്നാണ് രക്തക്കറയോട് കൂടിയ മണ്‍വെട്ടി പൊലീസ് കണ്ടെത്തിയിരിക്കുന്നത്. രക്തക്കറ പുരണ്ട ഈ മണ്‍വെട്ടി ഇപ്പോള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മണ്‍വെട്ടിയുടെ പിന്‍ഭാഗം കൊണ്ട് സിസ്റ്റര്‍ അമലയുടെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് നിഗമനം.

കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു 69 കാരിയായ സിസ്റ്റര്‍ അമല കോണ്‍വെന്റിലെ തന്റെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം.രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന ഇവര്‍ കൊല്ലപ്പെട്ടതാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

അതേസമയയം താനാണ് സിസ്റ്ററെ കൊന്നതെന്ന വെളിപ്പെടുത്തലുമായി മാഹിയില്‍ ഒരാള്‍ പൊലീസില്‍ നേരത്തെ കീഴടങ്ങിയിരുന്നു. എന്നാല്‍, ഇയാള്‍ മദ്യപിച്ച് അബോധാവസ്ഥയില്‍ എന്തൊക്കെയോ വിളിച്ചു പറയുകയായിരുന്നു. പിന്നീട് ബോധം വന്നപ്പോള്‍ ഇയാള്‍ പറഞ്ഞതെല്ലാം നിഷേധിക്കുകയും ചെയ്തിരുന്നു.

Share this news

Leave a Reply

%d bloggers like this: