സിസ്റ്റര്‍ അമല വധക്കേസ്: പ്രതി വലയിലായതായി സൂചന

കോട്ടയം: പാലാ ലിസ്യു കോണ്‍വെന്റില്‍ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായതായി സൂചന. പാലായ്ക്ക് പുറത്തുള്ള ഒരു കേന്ദ്രത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കേരളം വിടാനുള്ള നീക്കത്തിനിടെയാണ് പോലീസ് ഇയാളെ കുടുക്കിയതെന്നറിയുന്നു. കോണ്‍വെന്റിനു സമീപത്തെ ആശുപത്രിയില്‍ രോഗിയോടൊപ്പം എത്തിയ ആളാണ് കൊല നടത്തിയതെന്നാണ് ലഭിച്ച വിവരം.

തെളിവുകള്‍ പൂര്‍ണമായി കിട്ടിക്കഴിഞ്ഞേ അറസ്റ്റു രേഖപ്പെടുത്തുകയുള്ളുവെന്നാണ് സൂചന. കൊല്ലാനുപയോഗിച്ച ആയുധം ഞായറാഴ്ച കണ്ടെടുത്തിരുന്നു. കൊല നടത്തിയ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതിയുടെ വസ്ത്രങ്ങളിലും മറ്റും പറ്റിയ രക്തക്കറകള്‍ സിസ്റ്ററിന്റെ രക്തമാണോ എന്ന് പരിശോധിച്ച് കണ്ടെത്തണം. ഇത്രയും തെളിഞ്ഞാലേ സംശയാതീതമായി കുറ്റം തെളിയിക്കാനാവു. അതിനാലാണ് അറസ്റ്റ് വൈകുന്നത്.

എന്നാല്‍ പോലീസ് ഔദ്യോഗികമായി ഇത് സ്ഥിരീകരിക്കുന്നില്ല. നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്നതിനപ്പുറം ഒന്നും വിട്ടുപറയാന്‍ പോലീസ് തയാറാകുന്നില്ല. എന്തായാലും അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. പ്രതിയെ സംബന്ധിച്ച ഒരു കാര്യവും പുറത്തു വിടരുതെന്ന കര്‍ശന നിര്‍ദേശമുള്ളതിനാല്‍ ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുകയാണ്. ‘പ്രതിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു’ എന്നാണ് അന്വേഷണ സംഘത്തിലെ ഒരാള്‍ പ്രതികരിച്ചത്. അതില്‍ കൂടുതലൊന്നും പറയാന്‍ നിവൃത്തിയില്ലെന്നാണ് അവരുടെ നിലപാട്.

ഒരാളെ ഞങ്ങള്‍ക്ക് സംശയമുണ്ട്. അയാളുടെ പുറകെയാണ് പോലീസ്. തെളിവുകള്‍ നിരത്തി പ്രതിയെ കുരുക്കേണ്ടതുണ്ടെന്നും പോലീസ് പറയുന്നു. എട്ടു ടീമുകള്‍ പല വിഭാഗങ്ങളിലായി അന്വേഷണ രംഗത്തുണ്ട്്. കണ്ടെത്തുന്ന വിവരങ്ങള്‍ അപ്പോള്‍ തന്നെ ജില്ല പോലീസ് ചീഫിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. മഠത്തിലെ സ്‌റ്റെയര്‍കേസിനടിയില്‍ നിന്നാണു കൊലപാതകത്തിന് ഉപയോഗിച്ചെന്നു ഇരുമ്പു പിടിയുള്ള കൈതൂമ്പാ കണ്ടെത്തിയത്. രക്തകറ പുരണ്ട തൂമ്പ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കോട്ടയത്തിനു പുറമേ ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അന്വേഷണത്തിലും ലിസ്യു കോണ്‍വെന്റിലെ സന്യാസിനികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെന്നു സംശയിക്കുന്ന ആളെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനകം കേസു സംബന്ധിച്ച് ശരിയായ സൂചനകള്‍ നല്‍കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സിസ്റ്റര്‍ അമല കൊല്ലപ്പെടുന്നതിനു മുമ്പു ലിസ്യുമഠത്തില്‍ ഉണ്ടായ അതിക്രമങ്ങളേക്കുറിച്ചും സമാനമായ അതിക്രമങ്ങളെക്കുറിച്ചുള്ള പരാതികള്‍ സംബന്ധിച്ചും ലോക്കല്‍ പോലീസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ജില്ല പോലീസ് ചീഫിനു പുറമേ മൂന്നു ഡിവൈഎസ്പിമാര്‍, ആറു സിഐമാര്‍, ഷാഡോ പോലീസ് അംഗങ്ങള്‍ ഉള്‍പ്പെടെ നാല്‍പതോളം പേരടങ്ങുന്ന പോലീസ് ടീമാണ് രാപകല്‍ അന്വേഷണം നടത്തുന്നത്. ശാസത്രീയമായ രീതയിലുളള അന്വേഷണവും നടത്തുന്നുണ്ട്. ജില്ലയില്‍ കൊലപാതക കേസുകള്‍ അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരടങ്ങുന്ന ടീമിനെ ഇന്നു മുതല്‍ അന്വേഷത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പാലാ ഡിെൈവഎസ്പി ഓഫീസാണ് അന്വേഷണ സംഘത്തെ നിയന്ത്രിക്കുന്നത്. ഓരോ മണിക്കൂറും കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പുരോഗതികള്‍ ക്രോഡീകരിച്ച് ജില്ല പോലീസ് ചീഫിന്റെ അടുക്കലെത്തിക്കുകയും ജില്ല പോലീസിന്റെ നിര്‍ദേശാനുസരണം തുടര്‍ അന്വേഷണം നടത്തുകയുമാണ് ചെയ്യുന്നത്. കേസന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സുപ്രധാനമായ യോഗം ഇന്നു രാവിലെ പാലാ ഡിവൈഎസ്പി ഓഫീസില്‍ നടന്നു.

Share this news

Leave a Reply

%d bloggers like this: