സിസ്റ്റര്‍ അമലയുടെ കൊലപാതകത്തിനു കാരണം പ്രതിയുടെ മനോവൈകല്യമെന്നു പോലീസ്

കോട്ടയം: സിസ്റ്റര്‍ അമല വധക്കേസിലെ പ്രതി സതീഷ് ബാബുവിന്റെ മനോവൈകല്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്ന് എഡിജിപി കെ.പദ്മകുമാര്‍. അറസ്റ്റും ചോദ്യംചെയ്യലും സംബന്ധിച്ച ഔദ്യോഗിക വിശദീകരണം നല്‍കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രായമുള്ള കന്യാസ്ത്രീകളെ ആക്രമിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നയാളാണു സതീഷ് ബാബു. പ്രത്യേക വിഭാഗത്തിലെ കന്യാസ്ത്രീകളെ മാത്രമാണ് ഇയാള്‍ ആക്രമിച്ചിരുന്നത്. മോഷണത്തിനോ വ്യക്തിവൈരാഗ്യത്തിനോ അല്ല കൊലനടത്തിയത്. 2009ല്‍ സ്വന്തം ഭാര്യയുടെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച പ്രതിക്ക് കുട്ടിക്കാലം മുതല്‍ക്കെ മറ്റുള്ളവരെ ദേഹോപദ്രവം ഏല്‍പ്പിക്കുന്ന സ്വഭാവമുണ്ടായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അദ്ധ്യാപികയെ ദേഹോപദ്രവമേല്‍പ്പിച്ചതിന് സ്‌ക്കൂളില്‍ നിന്ന് സതീഷ് ബാബുവിനെ പുറത്താക്കിയിരുന്നു. കന്യാസ്ത്രീ കൊല്ലപ്പെടുന്നതിന് നാലു ദിവസം മുന്‍പ് പ്രതി മഠത്തില്‍ ആക്രമണം നടത്തിയിരുന്നു. നാലു മഠങ്ങളിലായി അഞ്ചു തവണ ഇയാള്‍ ആക്രമണം നടത്തിയിട്ടുണ്ടെന്നും പദ്മകുമാര്‍ പറഞ്ഞു. പാലയില്‍ അടുത്തിടെയുണ്ടായ സമാനമായ അഞ്ചു കേസുകളെക്കുറിച്ചുള്ള അന്വേഷണമാണു പ്രതിയിലേക്ക് എത്തിച്ചേരാന്‍ സഹായിച്ചത്. കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ വേണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: