സിബിഐ അന്വേഷണ നടപടി തുടങ്ങി; 782 ദിവസം നീണ്ട സമരം അവസാനിപ്പിച്ച് ശ്രീജിത്ത്

 

സഹോദരന്‍ ശ്രീജിവിന്റെ പൊലീസ് കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ 782 ദിവസമായി നടത്തിവന്നിരുന്ന സമരം ശ്രീജിത്ത് അവസാനിപ്പിച്ചു. മൊഴിയെടുപ്പ് അടക്കം അന്വേഷണ നടപടികള്‍ സിബിഐ തുടങ്ങിയ സാഹചര്യത്തിലാണ് ശ്രീജിത്ത് സമരം നിര്‍ത്തിയത്. രാവിലെ സിബിഐ ഉദ്യോഗസ്ഥര്‍ ശ്രീജിത്തിന്റെയും അമ്മയുടേയും മൊഴിയെടുത്തിരുന്നു.

‘സമരം എത്തേണ്ട സ്ഥലത്ത് എത്തി. അന്വേഷണം നടത്തുന്ന സിബിഐയില്‍ പൂര്‍ണ വിശ്വാസമുണ്ട്’ ശ്രീജിത്ത് പറഞ്ഞു. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല. കേസുമായി ബന്ധപ്പെട്ട് സിബിഐ രാവിലെ ശ്രീജിത്തില്‍ നിന്നും മാതാവില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചതായി ശ്രീജിത്ത് പ്രഖ്യാപിച്ചത്. രാവിലെ പത്തിന് ആരംഭിച്ച മൊഴിയെടുപ്പ് ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. സിബിഐ അന്വേഷണം ഏറ്റെടുക്കണമെന്ന തന്റെ ആവശ്യം ഫലം കണ്ടുവെന്ന് ശ്രീജിത്ത് പ്രതികരിച്ചു. സഹോദരന്റെ മരണത്തില്‍ നീതി തേടി ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ പ്രതിഷേധ സമരം 782 -ാം ദിവസമായപ്പോഴാണ് അവസാനിപ്പിക്കുന്നത്.

അന്വേഷണച്ചുമതല തിരുവനന്തപുരം യൂണിറ്റ് കൈമാറിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ചെന്നൈയിലെ സിബിഐ ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയിരുന്നു. സാധാരണ ദില്ലിയില്‍ നിന്നും ചെന്നൈയിലേക്ക് നിര്‍ദേശമെത്തി ഉത്തരവ് ഇറക്കാന്‍ കുറഞ്ഞത് മൂന്നാഴ്ചത്തെ കാലതാമസം ഉണ്ടാകാറുണ്ട്. എന്നാല്‍ ശ്രീജിവിന്റെ കേസില്‍ അടിയന്തരപ്രാധാന്യം നല്‍കി ദിവസങ്ങള്‍ക്കകം ഉത്തരവ് എത്തിക്കുകയായിരുന്നു.

സഹോദരന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് കഴിഞ്ഞ 780 ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിലാണ്. അടുത്തിടെ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെയാണ് ഇത് വീണ്ടും ചര്‍ച്ചയാകുന്നത്. നേരത്തെ അന്വേഷണം ഏറ്റെടുക്കാന്‍ ആകില്ലെന്ന് വ്യക്തമാക്കിയിരുന്ന സിബിഐ ജനുവരി 19 നാണ് അന്വേഷണം ഏറ്റെടുത്തുകൊണ്ട് വിജ്ഞാപനം ഇറക്കിയത്. സംസ്ഥാനസര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു ഇത്. കേസുകളുടെ ആധിക്യം കാരണം അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് അടുത്തിടെ സിബിഐ സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് സിബിഐ നിലപാട് പുനഃപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രപേഴ്സണല്‍ മന്ത്രാലയത്തിന് കത്തെഴുതി. പ്രതിപക്ഷപാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവരും സിബിഐ അന്വേഷണത്തിനായി സമ്മര്‍ദം ചെലുത്തി. തുടര്‍ന്നാണ് കേസ് ഏറ്റെടുക്കാന്‍ സിബിഐ തീരുമാനിച്ചത്.

2014 മെയ് 19 നാണ് പാറശാല പൊലീസ് ശ്രീജിവിനെ കസ്റ്റഡിയില്‍ എടുത്തത്. 21 ന് തിരുവനന്തപുരം മെഡിക്കള്‍ കോളെജ് ആശുപത്രിയില്‍ വെച്ച് മരിക്കുകയും ചെയ്തു. ആത്മഹത്യയാണെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ കസ്റ്റഡി മരണമെന്ന് ആരോപിച്ച് കുടംബം രംഗത്തെത്തി. തുടര്‍ന്ന് സഹോദരന്‍ ശ്രീജിത്ത് പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയെ സമീപിച്ചു.

ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ പൊലീസ് കുറ്റക്കാരാണെന്ന് കണ്ടെത്തിയ അതോറിറ്റി ഇവര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. തുക കുറ്റക്കാരായ പൊലീസുകാരില്‍ നിന്ന് ഈടാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നടപടി ഉത്തരവിനെതിരെ പൊലീസുകാര്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചു. അതിനാല്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: