സിപിഎമ്മില്‍ ലയിക്കാനുള്ള തീരുമാനത്തില്‍നിന്ന് ജെഎസ്എസ് പിന്മാറി

ആലപ്പുഴ: സിപിഎമ്മില്‍ ലയിക്കാനുള്ള തീരുമാനത്തില്‍നിന്ന് ജെഎസ്എസ് പിന്മാറി. ഗൗരിയമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജെഎസ്എസ് സെന്ററിന്റേതാണ് തീരുമാനം. പാര്‍ട്ടി ഓഫിസ് ഉടമസ്ഥതയെച്ചൊല്ലിയുള്ള സ്വത്ത് തര്‍ക്കമാണ് ലയനത്തില്‍ പിന്മാറാനുള്ള കാരണം.

സിപിഎമ്മില്‍ ലയിക്കാനുള്ള തീരുമാനമെടുത്തപ്പോള്‍ സ്വത്തുക്കളുടെ കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നില്ലെന്ന് കെ.ആര്‍. ഗൗരിയമ്മ. എന്നാല്‍ തീരുമാനത്തിനു പിന്നാലെ സ്വത്തുക്കളെക്കുറിച്ച് ആലോചിക്കുകയും അതിനെക്കുറിച്ച് തര്‍ക്കമുണ്ടാകുകയും ചെയ്തു. അതാണ് ലയനത്തില്‍ നിന്ന് പിന്മാറുന്നതിനുള്ള കാരണം. നിലവില്‍ ജെഎസ്എസായി തന്നെ തുടരും. സ്വത്തുതര്‍ക്കം സിപിഎമ്മിനും ബുദ്ധിമുട്ടുണ്ടാക്കി. അങ്ങനെയൊരു ബുദ്ധിമുട്ടുണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലയനം ഇനിയൊരു അടഞ്ഞ അധ്യായമാണോ എന്ന ചോദ്യത്തിന് നേരത്തെ ഇതൊരു തുറന്ന അധ്യായമാണോ എന്ന മറുചോദ്യമാണ് ഗൗരിയമ്മ ഉയര്‍ത്തിയത്. സിപിഎമ്മിന് ഇതില്‍ പിണക്കമൊന്നുമില്ല. പിണറായി വിജയനുമായി ചര്‍ച്ച നടത്തിയ ചര്‍ച്ചയില്‍ 19ാം തീയതിയിലെ ലയനസമ്മേളനം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു. അത് സിപിഎമ്മിന്റെ പി. കൃഷ്ണപിള്ള അനുസ്മരണച്ചടങ്ങു മാത്രമായി നടത്തും . അനുസ്മരണച്ചടങ്ങിലേക്ക് സിപിഎം ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്നും ഗൗരിയമ്മ പറഞ്ഞു.

തിരുവനന്തപുരം നന്തന്‍കോട് പ്രവര്‍ത്തിക്കുന്ന ജെഎസ്എസ് ജില്ലാ കമ്മിറ്റി ഓഫിസിന്റെ അവകാശത്തെ ചൊല്ലി പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടിയിരുന്നു. ഗൗരിയമ്മ സിപിഎമ്മിലേക്ക് പോകുമ്പോള്‍ ജെഎസ്എസിന്റെ സ്വത്തുക്കള്‍ ആര്‍ക്കെന്നതാണു തര്‍ക്കം. സ്വത്തുക്കള്‍ താന്‍ ഉണ്ടാക്കിയതാണെന്നും അതുകൊണ്ടു തന്നെ അവ സിപിഎമ്മിനു നല്‍കുമെന്നും ഗൗരിയമ്മ വ്യക്തമാക്കിയിരുന്നത്. പാര്‍ട്ടി അംഗങ്ങളുടെ പണം ഉപയോഗിച്ചാണു തിരുവനന്തപുരത്ത് ഓഫിസ് നിര്‍മിച്ചതെന്നു പറഞ്ഞാണ് രാജന്‍ ബാബു പക്ഷം പരാതി നല്‍കിയത്.

Share this news

Leave a Reply

%d bloggers like this: