സിപിഎം-കോണ്‍ഗ്രസ് മുന്നണി രൂപീകരിക്കണമെന്ന് സോമനാഥ് ചാറ്റര്‍ജി

ന്യൂഡല്‍ഹി: സിപിഎം, കോണ്‍ഗ്രസുമായി ചേര്‍ന്ന് മതേതര മുന്നണി രൂപീകരിക്കണമെന്ന് ലോക്‌സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി .കേരളത്തില്‍ പ്രാദേശിക സാഹചര്യത്തിനനുസരിച്ച് നിലപാടെടുക്കുന്നത് ദേശീയ തലത്തിലുള്ള മുന്നണി രൂപീകരണത്തിന് തടസ്സമല്ലെന്നും സോമനാഥ് ചാറ്റര്‍ജി അഭിപ്രായപ്പെട്ടു. സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ ലോക്‌സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ പാര്‍ട്ടിയിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശ്രമിക്കുന്നതിനിടെയാണ് കോണ്‍ഗ്രസുമായി സിപിഎം സഖ്യമുണ്ടാക്കണമെന്ന നിര്‍ദ്ദേശവുമായി അദ്ദേഹം രംഗത്തെത്തിയത്.

ബിജെപി രണ്ട് പാര്‍ട്ടികള്‍ക്കും ഭീഷണിയായ സാഹചര്യത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന് മതേതര മുന്നണി രൂപീകരിക്കണമെന്ന് സോമനാഥ് പറഞ്ഞു. ഈ മുന്നണിയില്‍ സമാനചിന്താഗതിക്കാരായ മറ്റു പാര്‍ട്ടികളേയും ചേര്‍ക്കണം. കേരളത്തില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന പ്രാദേശിക സാഹചര്യം ദേശീയതലത്തിലെ മുന്നണിക്ക് തടസ്സമല്ല. മുമ്പ് ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാതെ ചരിത്രപരമായ വിഢിത്തം കാട്ടിയ ചില പാര്‍ട്ടി നേതാക്കള്‍ പിന്നീട് മൂന്നാം മുന്നണി രൂപീകരിച്ച് അധികാരത്തിലെത്താന്‍ ശ്രമിച്ചു. ഇനി ഒരവസരം കിട്ടിയാല്‍ സിപിഎം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകണമെന്നും സോമനാഥ് പറഞ്ഞു.

പ്രകാശ് കാരാട്ട് നേതൃത്വത്തില്‍ നിന്ന് മാറിയത് പാര്‍ട്ടിക്ക് പുതിയ വായുവും പ്രതീക്ഷയും നല്കിയെന്ന് പറയുന്ന സോമനാഥ് ചാറ്റര്‍ജി പശ്ചിമബംഗാളില്‍ മുതിര്‍ന്ന നേതാക്കള്‍ പുതിയ തലമുറയ്ക്കായി വഴിമാറണം എന്നാവശ്യപ്പെട്ടു. സിപിഎം പഌനം ഡിസംബറില്‍ കൊല്‍ക്കത്തയില്‍ ചേരാനിരിക്കെ സോമനാഥ് ചാറ്റര്‍ജിയുടെ പ്രകടിപ്പിക്കുന്ന ഈ നിലപാട് പാര്‍ട്ടിയിലെ ബംഗാള്‍ നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: