സിന്‍ ഫെയിന്‍ അമരത്തേക്ക് ആദ്യമായി വനിത നേതാവ്; പാര്‍ട്ടിയെ ഇനി മേരി ലൂ മക്‌ഡൊണാള്‍ഡ് നയിക്കും

 

സിന്‍ ഫെയിനെ ഇനി ഒരു വനിത നയിക്കും. മേരി ലൂ മക്‌ഡൊണാള്‍ഡ് എന്ന നാല്പത്തെട്ട് വയസ്സുകാരിയാണ് ഗാരി ആഡംസിന് പകരമായി പാര്‍ട്ടി അമരത്തേക്ക് എത്തുന്നത്. ആധുനിക രാഷ്ട്രീയ ചരിത്രത്തില്‍ സിന്‍ ഫെയിന്‍ പ്രസിഡന്റിന് സ്ഥാനത്തേക്ക് ഒരു വനിതയെ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നത് ആദ്യമായാണ്.

ഇന്ന് ബെല്‍ഫാസ്റ്റില്‍ ചേര്‍ന്ന പാര്‍ട്ടി സമ്മേളനത്തിലാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി സിന്‍ ഫെയിന്‍ അംഗീകരിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി വെള്ളിയാഴ്ച വൈകുന്നേരം 5 മണി വരെയായിരുന്നു, മറ്റാരും പത്രിക സമര്‍പ്പിക്കാന്‍ ഇല്ലാതിരുന്നതോടെ മേരി മക്‌ഡൊണാള്‍ഡിനെ പാര്‍ട്ടി പ്രതിനിധിയായി ഐക്യകണ്ഠമായി അംഗീകരിക്കുകയായിരുന്നു.

ഫെബ്രുവരിയില്‍ ഡബ്ലിനില്‍ ചേരുന്ന പാര്‍ട്ടി സമ്മളനത്തില്‍ മേരിയെ പാര്‍ട്ടി പ്രസിഡന്റായി ഔദ്യോഗികമായി പ്രഖ്യാപിക്കും. 2011 മുതല്‍ ഡബ്ലിന്‍ സൗത്ത് സെന്‍ട്രല്‍ ടി.ഡി.യും സിന്‍ ഫെയിന്റെ ഡെപ്യൂട്ടി ലീഡറുമായിരുന്നു മേരി ലൂ.

‘ഗാരി ആഡംസ് കഴിഞ്ഞ മുപ്പതു വര്‍ഷത്തിലേറെക്കാലം പാര്‍ട്ടി നേതൃത്വത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിടവ് തനിക്ക് നികത്താന്‍ കഴിയില്ലെങ്കിലും ഞങ്ങള്‍ക്ക് ഒരുമിച്ച് വെല്ലുവിളികളും അവസരങ്ങളും നിറഞ്ഞ യാത്രയില്‍ പാര്‍ട്ടിയെ നയിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ടെന്ന് മേരി ലൂ ഇന്ന് ചേര്‍ന്ന യോഗത്തില്‍ പ്രതികരിച്ചു. കൂടാതെ ഐറിഷ് ഐക്യത്തിനുവേണ്ടി താന്‍ നിലകൊള്ളുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: