സിനി ചാക്കോയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി അര്‍പ്പിച്ച് അയര്‍ലണ്ട് മലയാളി സമൂഹം

അയര്‍ലണ്ടില്‍ കാറപകടത്തില്‍ പരിക്കേറ്റു ചികിത്സയിലിരിക്കെ മരണപ്പെട്ട കോട്ടയം കുറിച്ചി സ്വദേശിനി വട്ടന്‍ചിറയിലായ പാറച്ചേരി കുടുംബാംഗമായ മലയാളി നഴ്സ് സിനി ചാക്കോയുടെ സ്മരണയ്ക്ക് മുമ്പില്‍ ആദരാഞ്ജലിയര്‍പ്പിച്ച് കോര്‍ക്കിലെ മലയാളി സമൂഹം. ഇന്ന് വൈകിട്ട് വില്‍ട്ടന്‍ ചര്‍ച്ചില്‍ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സിനിയുടെ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നൂറുകണക്കിന് മലയാളികളും സിനിക്ക് യാത്രാമൊഴിയേകാന്‍ ഒത്തുകൂടി. ദുഃഖം തളം കെട്ടിക്കിടന്ന അന്തരീക്ഷത്തില്‍ ഇനി ഒരിക്കലും സിനിയെ സാധിക്കില്ല എന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാന്‍ ബന്ധുക്കളും സഹപ്രവര്‍ത്തകരും ഏറെ ബുദ്ധിമുട്ടുകയായിരുന്നു.

സിനിയുടെ മൃതദേഹം 15-ആം തീയതി ഞായറാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 4 മണി വരെ വീണ്ടും കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ചാപ്പലില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതും പിന്നീട് വിലാപയാത്രയായി ഹോസ്പിറ്റലില്‍ നിന്ന് വില്‍ട്ടണ്‍ ടെസ്‌കോക്കു സമീപമുള്ള സെന്റ് ജോസഫ് പള്ളിയിലേക്കു കൊണ്ടുപോകുന്നതുമായിരിക്കും. സെന്റ് ജോസഫ് (SMA) പള്ളിയില്‍ നടക്കുന്ന വി. കുര്‍ബാനയില്‍ അയര്‍ലണ്ടിലെ വിവിധ പള്ളികളിലെ വൈദികര്‍ പങ്കെടുക്കും. സിനിയുടെ മൃതദേഹം പിന്നീട് കേരളത്തിലേക്ക് കൊണ്ടുപോകുന്നതും ശവസംസ്‌കാരം ഇടവകപ്പള്ളിയായ കോട്ടയം കുറിച്ചി വലിയപള്ളിയിലെ കുടുംബ കല്ലറയില്‍ നടത്തപ്പെടുന്നതുമാണ്.

Share this news

Leave a Reply

%d bloggers like this: