സിനിയുടെ മൃതദേഹം നാട്ടിലേയ്ക്ക്; കണ്ണീരോടെ വിടയേകി അയര്‍ലണ്ട് മലയാളികള്‍

കോര്‍ക്കില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ മലയാളി നഴ്‌സ് സിനി ചാക്കോയുടെ (27) മൃതദേഹം ഇന്ന് എംബസി നടപടികള്‍ പൂര്‍ത്തിയാക്കി വിട്ടുകിട്ടിയേക്കും. ഈ ആഴ്ച അവസാനത്തോടെ മൃതദേഹം നാട്ടിലെത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണു ബന്ധുക്കള്‍. ഇപ്പോള്‍ അയര്‍ലന്‍ഡിലുള്ള മാതാപിതാക്കളും സഹോദരനും ബുധനാഴ്ചയോടെ നാട്ടിലെത്തും. വ്യാഴാഴ്ച സിനിയുടെ മൃതദേഹം നാട്ടിലെത്തിക്കാമെന്ന പ്രതീക്ഷയിലാണു ബന്ധുക്കള്‍. സംസ്‌കാരം കുറിച്ചി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലാണു നടക്കുക. സംസ്‌കാര സമയം ഇനിയും നിശ്ചയിച്ചിട്ടില്ല.

സിനിയുടെ ഭൗതികശരീരം സ്വദേശത്തേക്കു കൊണ്ടുവരുന്നതിനു മുന്നോടിയായുള്ള പ്രാര്‍ഥനാ കര്‍മ്മങ്ങള്‍ കോര്‍ക്കില്‍ നടന്നു.  സിനിക്ക് മലയാളി സമൂഹം പ്രാര്‍ഥനയിലൂടെ യാത്രാമൊഴി നല്‍കിയിരുന്നു. ഒട്ടേറെ വൈദികരും സിനിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങുകളില്‍ പങ്കെടുത്തു.

രണ്ടു ദിവസങ്ങളിലായി പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനായി നൂറുകണക്കിന് മലയാളികളാണ് എത്തിയത്. സിനിയ്ക്ക് വേണ്ടി കോര്‍ക്ക് യൂണിവേഴ്‌സിറ്റി ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനാശുശ്രൂഷകളും നടത്തുകയും കൂദാശകള്‍ നല്‍കുകയും ചെയ്തിരുന്നു.

മാര്‍ച്ച് 14നു രാത്രി ജോലി കഴിഞ്ഞു സമീപത്തെ താമസ സ്ഥലത്തേക്കു നടന്നു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഒരു മാസത്തോളം വെന്റിലേറ്ററിലായിരുന്ന സിനി കഴിഞ്ഞ വ്യാഴാഴ്ചയാണു മരിച്ചത്. ആറു മാസം മുന്‍പാണ് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ സ്റ്റാഫ് നഴ്‌സായിരുന്ന സിനി അയര്‍ലന്‍ഡില്‍ എത്തിയത്. കുറിച്ചി കൊച്ചില്ലത്തായ വട്ടംചിറയില്‍ പി.സി. ചാക്കോയുടെയും ലിസി ചാക്കോയുടെയും മകളാണ് സിനി.

Share this news

Leave a Reply

%d bloggers like this: