സിനിമ സമരം വഴിത്തിരിവില്‍; കൂടുതല്‍ തിയേറ്ററുകള്‍ സമരത്തില്‍ നിന്നു പിന്മാറി, ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന

കൊച്ചി: കേരളത്തിലെ സിനിമാ സമരം വഴിത്തിരിവിലേയ്ക്ക്. മലയാളത്തില്‍ ക്രിസ്മസ് റിലീസ് മുടക്കി സമരം നടത്തുന്ന എ ക്ലാസ് തിയേറ്ററുകളുടെ സംഘടനയായ ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍പ്പിലേയ്ക്ക് നീങ്ങുകയാണ്.

സംഘടനയില്‍ അംഗങ്ങളായ മുപ്പത് തിയേറ്ററുകള്‍ കഴിഞ്ഞ ദിവസം സമരത്തില്‍ നിന്ന് പിന്‍വാങ്ങി വിജയ് ചിത്രമായ ഭൈരവ റിലീസ് ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ച് കൂടുതല്‍ തിയേറ്ററുകള്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങാനുള്ള ഒരുക്കത്തിലാണ്. ഇരുപതിലേറെ തിയേറ്ററുകള്‍ ഇങ്ങനെ സംഘടനയുടെ അച്ചടക്ക നടപടി ഭീഷണി വകവയ്ക്കാതെ പുതിയ റിലീസിന് അവസരം ഒരുക്കാനുള്ള തയ്യാറെടുപ്പാണ്.

ഇതോടെ സമരത്തില്‍ നിന്ന് പിന്‍വാങ്ങുന്ന തിയേറ്ററുകളുടെ എണ്ണം അമ്പത് കഴിയും. ഈ തിയേറ്ററുകള്‍ ചേര്‍ന്ന് നാളെ കൊച്ചിയില്‍ യോഗം ചേര്‍ന്ന് പുതിയ സംഘടനയ്ക്ക് രൂപ നല്‍കും. നാളെ തന്നെ നിലവില്‍ റിലീസ് മുടങ്ങിയ മലയാള ചിത്രങ്ങളും റിലീസ് തിയ്യതി പ്രഖ്യാപിക്കുകയും ചെയ്യും. മോഹന്‍ലാല്‍ ചിത്രമായ മുന്തിരിവള്ളികള്‍ തളിക്കുമ്പോഴും സത്യന്‍ അന്തിക്കാടിന്റെ ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങളും ജനുവരി ഇരുപതിന് റിലീസ് ചെയ്യാനാണ് നിലവില്‍ ധാരണയായിരിക്കുന്നത്. സിദ്ധിഖിന്റെ ജയസൂര്യ ചിത്രം ഫുക്രിയും പൃഥ്വിരാജിന്റെ എസ്രയുമാണ് റിലീസ് മുടങ്ങി പെട്ടിയില്‍ കിടക്കുന്നത്.

നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പിന്തുണയോടെ നടന്‍ ദിലീപിന്റെ നേതൃത്വത്തിലാണ് തിയേറ്റര്‍ ഉടമകളുടെ പുതിയ സംഘടന ജന്മമെടുക്കുന്നത്. ബി, സി ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍, മള്‍ട്ടിപ്ലക്‌സുകളുടെ ഉടമകള്‍ എന്നിവരുടെ പിന്തുണയും ഈ സംഘടനയ്ക്ക് ഉണ്ട്.

ദിലീപാണ് സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ പിളര്‍ത്താന്‍ ശ്രമിക്കുന്നതെന്ന് സംഘടനാ നേതാവ് ലിബര്‍ട്ടി ബഷീര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഈ ഭീഷണി വകവയ്ക്കാതെയാണ് തിയേറ്റര്‍ ഉടമയും വിതരണക്കാരുനും കൂടിയായ ദിലീപ് പുതിയ സംഘടനയുമായ മുന്നോട്ടുപോകുന്നത്.

തുടക്കത്തിലെ മൗനം വെടിഞ്ഞ് സംവിധായകരും നടന്മാരുമെല്ലാം സിനിമാ സമരത്തെിനെതിരെ പരസ്യ നിലപാട് കൈക്കൊണ്ട് രംഗത്ത് വന്നുതുടങ്ങിയിട്ടുണ്ട്. തിയേറ്റര്‍ ഉടമകള്‍ ഉന്നയിക്കുന്ന ആവശ്യം ഒരു തരം ഗുണ്ടാപ്പിരിവാണെന്നും ഇരിക്കുന്ന കൊമ്പ് മുറിച്ചുകൊണ്ടുള്ള ഇവരുടെ ഭീഷണി വിലപ്പോവില്ലെന്നും സംവിധായകന്‍ സത്യന്‍ അന്തിക്കാട് അഭിപ്രായപ്പെട്ടിരുന്നു. സമരത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി കഴിഞ്ഞ ദിവസം നടനും നിര്‍മാതാവുമായ പൃഥ്വിരാജും രംഗത്തുവന്നു. സിനിമാ വ്യവസായത്തിന്റെ എഴുപത്തിയഞ്ച് കോടിയില്‍പ്പരം രൂപ മുടക്കുമുതലിന് തടയിട്ടുകൊണ്ട് ഇത്തരമൊരു സമരം എന്തിനായിരുന്നുവെന്നാണ് പൃഥ്വിരാജ് ചോദിച്ചത്. ഈ വിഷയത്തില്‍ താന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പക്ഷത്താണെന്നും പൃഥ്വി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സിനിമാ സമരത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് മുന്‍ സിനിമാമന്ത്രി കൂടിയായ നടന്‍ ഗണേഷ് കുമാര്‍ പറഞ്ഞത്.

തിയേറ്റര്‍ വിഹിതം 50:50 എന്ന അനുപാതത്തില്‍ പങ്കുവയ്ക്കണമെന്ന ആവശ്യവുമായാണ് തിയേറ്റര്‍ ഉടമകള്‍ സിനിമകള്‍ മുടക്കി സമരം നടത്തുന്നത്. എന്നാല്‍, നിലവിലെ 40:60 എന്ന അനുപാതത്തില്‍ യാതൊരു മാറ്റവും അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലായിരുന്നു വിതരണക്കാരും നിര്‍മാതാക്കളും. സര്‍ക്കാര്‍ ഇടപെട്ട് മാദ്ധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. ക്രിസ്മസിന് കാട് പൂക്കുന്ന നേരം ഒഴികെയുള്ള ഒരൊറ്റ മലയാള ചിത്രവും തിയേറ്ററില്‍ എത്തിയില്ല. അതേസമയം മറുനാടന്‍ ചിത്രങ്ങളായ ദംഗലും ഭൈരവയും ഇറങ്ങുകയും പണം വാരുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍ത്തി സമരം പൊളിക്കാനുള്ള നീക്കം നിര്‍മാതാക്കളും വിതരണക്കാരും അഭിനേതാക്കളും ചേര്‍ന്ന് നടത്തിയത്.

-എംഎന്‍-

Share this news

Leave a Reply

%d bloggers like this: