സിനിമ ചിത്രീകരണമെന്ന വ്യാജേന അയര്‍ലണ്ടില്‍ എത്തിയ ഇന്ത്യന്‍ സംഘത്തിന് നേരെ നടപടി ആരംഭിച്ചു.

 

ഡബ്ലിന്‍: കഴിഞ്ഞ ദിവസം അയര്‍ലണ്ടില്‍ എത്തിയ ഇന്ത്യന്‍ സംഘം സംശയത്തിന്റെ മുള്‍മുനയില്‍. ഇന്ത്യയില്‍ നിന്നും കഴിഞ്ഞ ആഴ്ച 26 പേര്‍ അടങ്ങുന്ന സംഘത്തിന് അയര്‍ലന്‍ഡ് വിസ അനുവദിച്ചിരുന്നു. എന്നാല്‍ അയര്‍ലണ്ടില്‍ എത്തിയ ഇവര്‍ ബ്രിട്ടനിലേക്ക് കടന്നു എന്നാണ് സൂചനകള്‍.

സിനിമാ ചിത്രീകരണത്തിന് എത്തിയെന്ന വ്യാജേന ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ സംഘം ഇമ്മിഗ്രേഷന്‍ വിഭാഗത്തില്‍ ഒരു തരത്തിലുള്ള സംശയവും ജനിപ്പിച്ചിരുന്നില്ല. ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ലഭിച്ചതിനാല്‍ ഇവരെ സംശയിക്കാന്‍ യാതൊരു കാരണവും ഇല്ലായിരുന്നെന്ന് അയര്‍ലന്‍ഡ് ഇമ്മിഗ്രേഷന്‍ വിഭാഗവും വ്യക്തമാക്കി. എന്നാല്‍ തൊട്ടടുത്ത ദിവസം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഇത്തരത്തിലുള്ള 30 പേര്‍ അടങ്ങുന്ന സംഘത്തെ ഇമ്മിഗ്രേഷന്‍ വിഭാഗം പിടികൂടി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ഇതിന് മുന്‍പ് സിനിമ ചിത്രീകരണത്തിന്റെ പേരില്‍ അയര്‍ലണ്ടിലേക്ക് 26 പേര്‍ അടങ്ങുന്ന സംഘം കടന്നതായി വിവരം ലഭിക്കുകയായിരുന്നു.

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇത്തരം ഒരു സംഘം എത്തിയിരുന്നു എന്ന വാര്‍ത്തയെ തുടര്‍ന്ന് ഗാര്‍ഡ സമഗ്രമായ അന്വേഷണം ആരംഭിച്ചിരുന്നു. ആ സമയത്ത് കോര്‍ക്കില്‍ ഉണ്ടായിരുന്ന ഈ സംഘങ്ങള്‍ ഗ്ലാസ്‌ഗോയിലേക്ക് പോയിരുന്നു. ഗാര്‍ഡ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നിന്നും ഇവര്‍ സിനിമ ചിത്രീകരണത്തിന് എത്തിയത് അല്ലെന്ന് വ്യക്തമായിട്ടുണ്ട്. വ്യാജ ആവശ്യം കാണിച്ച് അയര്‍ലണ്ടില്‍ എത്തിയ ഇവര്‍ യു.കെയിലേക്ക് പോവുകയും പിന്നീട് അവിടെ നിന്നും അപ്രത്യക്ഷ്യമായതായും വാര്‍ത്തകള്‍ ഉണ്ട്. ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ആര്‍ഗോ സിനിമക്ക് സമാനമായ സംഭവമാണ് അയര്‍ലണ്ടില്‍ അരങ്ങേറിയത്.

അമേരിക്കന്‍ അഭയാര്‍ത്ഥി സംഘം ഇറാനില്‍ നിന്നും ഈ രീതിയില്‍ ആയിരുന്നു രക്ഷപെട്ടത്. അയര്‍ലണ്ടിലെ സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലും ഗാര്‍ഡ അന്വേഷിച്ചെങ്കിലും ഈ സംഘത്തെക്കുറിച്ച് യാതൊരു തുമ്പും ലഭിച്ചിട്ടില്ല. യൂറോയും രാജ്യങ്ങളിലേക്ക് അനധികൃതമായി കുടിയേറുക എന്ന ലക്ഷ്യമായിരിക്കാം ഇത്തരം സംഘത്തിന്റെ ആഗമനോദ്ദേശമെന്ന് കണക്കാക്കപ്പെടുന്നു. യൂറോപ്പ് മുഴുവന്‍ ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: