സിക വൈറസ് ബാധിത മേഖലകളിലെ സ്ത്രീകള്‍ക്ക് മുന്നറിയിപ്പ്

ജനീവ: സിക വൈറസ് ബാധിത മേഖലകളിലെ സ്ത്രീകള്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. രോഗബാധിത പ്രദേശങ്ങളിലെ സ്ത്രീകള്‍ ഗര്‍ഭധാരണം വൈകിപ്പിക്കുന്നതാണ് നല്ലതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. നവജാത ശിശുക്കളിലേക്ക് വൈറസ് പെട്ടന്ന് പടരുമെന്നതിനാലും, ഒപ്പം നവജാത ശിശുക്കളില്‍ നല്ലൊരു ശതമാനവും രോഗബാധ മൂലമുള്ള വൈകല്യങ്ങളുമായി പിറക്കേണ്ടി വരുമെന്നതിനാലുമാണ് ലോകാരോഗ്യ സംഘടന ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്.

46 രാജ്യങ്ങളിലെ ദമ്പതികളെയാണ് ഈ നിര്‍ദേശം ബാധിക്കുക. ലോകാരോഗ്യ സംഘടനക്കു പുറമേ അഞ്ചു രാജ്യങ്ങള്‍ കൂടി ഈ നിര്‍ദേശം ഇപ്പോള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ മറ്റ് പലരാജ്യങ്ങളിലെയും രോഗ പ്രതിരോധ-നിയന്ത്രണ വിഭാഗങ്ങള്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ മടികാണിക്കുന്നുമുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ദമ്പതികളാണെന്നാണ് അവരുടെ നിലപാട്. കുഞ്ഞുങ്ങളിലുണ്ടാകുന്ന വൈറസ്ബാധ ആജീവനാന്ത തളര്‍ച്ചക്കുവരെ കാരണമാകുമെന്നതിനാലും ചിലപ്പോഴൊക്കെ അത് മരണത്തില്‍ കലാശിക്കുമെന്നതിനാലുമാണ് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയതെന്നാണ് വിവരങ്ങള്‍

നേരത്തെ ഒരു തവണ ഈ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും അത് പലയിടങ്ങളിലും ചെറിയതോതിലുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ പിന്നീട് ലോകാരോഗ്യ സംഘടന തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയതോടെയാണ് അത്തരം പ്രതിഷേധങ്ങള്‍ തണുത്തത്. സിക വൈറസ് ബാധിത പ്രദേശങ്ങളിലുള്ളവരും, വൈറസ് ബാധിത രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയവരും മാത്രമേ ഈ നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടതുള്ളുവെന്നായിരുന്നു ഡബ്ല്യൂഎച്ച്ഒയുടെ വിശദീകരണം.

Share this news

Leave a Reply

%d bloggers like this: