സാഹിത്യകാരന്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശാസ്ത്രജ്ഞരും പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നു

 

ചെന്നൈ: രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് പ്രശസ്ത ശാസ്ത്രജ്ഞന്‍ പി എം ഭാര്‍ഗവയും പദ്മ ഭൂഷണ്‍ പുരസ്‌കാരം തിരിച്ചു നല്‍കാനൊരുങ്ങുന്നു. സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കി പ്രതിഷേധിച്ച സാഹിത്യകാരന്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് വിഖ്യാത ശാസ്ത്രജ്ഞന്‍ പദ്മഭൂഷണ്‍ തിരിച്ചു നല്‍കുകയാണെന്ന് അറിയിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്രത്തിനും യുക്തിചിന്തക്കുമെതിരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് പദ്മഭൂഷണ്‍ തിരിച്ചു നല്‍കുമെന്ന് പി എം ഭാര്‍ഗവ അറിയിച്ചു. സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളികുലര്‍ ബയോളജി സ്ഥാപകനും ഡയറക്ടറുമാണ് ശാസ്ത്രജ്ഞന്‍ ഭാര്‍ഗവ. എഴുത്തുകാരുടേയും കലാകാരന്‍മാരുടെയും പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്ന് 107 മുതിര്‍ന്ന ശാസ്ത്രജ്ഞന്‍മാര്‍ രാഷ്ട്രപതിക്ക് ഓണ്‍ലൈന്‍ പരാതി ശേഖരണം നടത്തി മണിക്കൂറുകള്‍ക്കകമാണ് പിഎം ഭാര്‍ഗവയുടെ തീരുമാനം. ചൊവ്വാഴ്ച്ച 135 ശാസ്ത്രജ്ഞര്‍ പ്രതിഷേധമറിയിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്ക് ഭീമഹര്‍ജി നല്‍കിയിരുന്നു

ശാസ്ത്രത്തിന് ലഭിച്ച 100 കണക്കിന് അവാര്‍ഡുകള്‍ക്കിടയില്‍ ഏറ്റവും സ്ഥാനമുള്ള അവാര്‍ഡാണ് പദ്മഭൂഷണെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ മതമൗലിക വാദത്തെ തുടര്‍ന്ന് പുരസ്‌കാരം കൈയ്യില്‍ സൂക്ഷിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും പ്രതിഷേധ സൂചകമായി തിരിച്ചു നല്‍കുകയാണെന്നും പിഎം ഭാര്‍ഗവ പറഞ്ഞു.

രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയെ ചെറുക്കാന്‍ കേന്ദ്രം പരാജയപ്പെട്ടുവെന്നാരോപിച്ച് എഴുത്തുകാര്‍ക്ക് പുറകെ സിനിമാ പ്രവര്‍ത്തകരും പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആനന്ദ് പട്‌വര്‍ദ്ധന്‍, ദിബാകര്‍ ബാനര്‍ജി എന്നിവര്‍ക്ക് പുറമെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ 10 പൂര്‍വ്വ വിദ്യാര്‍ത്ഥികളും ദേശീയ പുരസ്‌കാരം തിരിച്ചുനല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

ദാദ്രി കൊലപാതകം, എഴുത്തുകാരാനായ കല്‍ബുര്‍ഗിയുടെ കൊലപാതകം എന്നിവയെ മുന്‍നിര്‍ത്തിയാണ് രാജ്യത്ത് വ്യാപക പ്രതിഷേധം അലയടിക്കുന്നത്.
-എജെ-

Share this news

Leave a Reply

%d bloggers like this: